AI Image
ഓടിക്കൊണ്ടിരുന്ന കാറിന്‍റെ വിന്‍ഡോ ഗ്ലാസിലൂടെ പുറത്തേക്ക് വീണ് രണ്ടുവയസുകാരി മരിച്ചു. ഡല്‍ഹിയിലെ ആലിപുരിലാണ് സംഭവം. ദേവാന്‍ഷി (2)ആണ് മരിച്ചത്. അമിത വേഗത്തിലെത്തിയ എസ്യുവി കാറില്‍ വന്നിടിച്ചതോടെയാണ് കുട്ടി പുറത്തേക്ക് വീണത്. അപകടമുണ്ടാക്കിയ എസ്യുവി ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. . സോണിപതില്‍ നിന്നും ഡല്‍ഹിയിലേക്ക് യാത്ര പോയ കാറിലാണ് കുട്ടിയുണ്ടായിരുന്നത്. ആറുപേരാണ് കാറില്‍ യാത്ര ചെയ്തിരുന്നത്. ഖംപൂരിലെ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പച്ച ലൈറ്റ് തെളിഞ്ഞതോടെ മുന്നോട്ട് നീങ്ങിയതും പിന്നില്‍ നിന്നും അമിത വേഗത്തിലെത്തിയ എസ്യുവി ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു.
അപകടമുണ്ടായ സമയത്ത് യാത്രക്കാരിലൊരാളുടെ മടിയിലാണ് കുട്ടിയിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ഗ്ലാസിന് പുറത്തേക്ക് കുട്ടി തെറിച്ച് വീഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ ആശുപത്രിയിലെത്തിച്ച ശേഷമാണ് കുഞ്ഞ് മരിച്ചതെന്നാണ് കുട്ടിയുടെ കുടുംബം ആരോപിച്ചു.
സംഭവ സമയത്ത് കുട്ടിയുടെ അമ്മ ആരതിയാണ് കാറോടിച്ചിരുന്നത്. മൂന്ന് വയസുള്ള മകന്‍ , മകള്‍ ദേവാന്‍ഷി, കൂട്ടുകാരിയായ ജ്യോതി,ജ്യോതിയുടെ അച്ഛന്‍, സഹോദരന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ദേവാന്‍ഷി ജ്യോതിയുടെ മടിയിലാണ് ഇരുന്നത്. 'ട്രാഫിക് സിഗ്നലിലായിരുന്നു ഞങ്ങള്‍. പച്ച തെളിഞ്ഞതും കാര്‍ മെല്ലെ സ്റ്റാര്‍ട്ടാക്കി. പെട്ടെന്നാണ് പിന്നില്‍ നിന്നും എസ്യുവി വന്നിടിച്ചത്. കാറില്‍ എസി കേടായതിനാല്‍ വിന്‍ഡോ ഗ്ലാസ് താഴ്ത്തിയിട്ടിരിക്കുകയായിരുന്നു. ഇതോടെയാണ് ഇടിയുടെ ആഘാതത്തില്‍ കുഞ്ഞ് തെറിച്ച് പുറത്തേക്ക് പോയത്.തലയ്ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്തു. കാര്‍ യാത്രക്കാരില്‍ രണ്ടുപേര്‍ക്ക് ചെറിയ പരുക്കുകളുണ്ടെന്നും' ആരതി പറഞ്ഞു.
അപകടമുണ്ടായ ഉടന്‍ തന്നെ ഇടിച്ച കാറിന്‍റെ ഡ്രൈവറെ താന്‍ സഹായത്തിനായി വിളിച്ചുവെങ്കിലും അയാള്‍ വാഹനം ഉപേക്ഷിച്ച് ഓടിപ്പോകുകയായിരുന്നുവെന്ന് ആരതി വെളിപ്പെടുത്തി. ആളുകളെല്ലാം ഓടിക്കൂടി, മകളെ ഒന്ന് ആശുപത്രിയിലെത്തിക്കാന്‍ വരൂവെന്നായിരുന്നു ഞാന്‍ ആവശ്യപ്പെട്ടത്. കുറച്ച് സമയം കഴിഞ്ഞ ശേഷമാണ് ഒരു ഓട്ടോറിക്ഷക്കാരന്‍ വന്നതും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ തയാറായതും. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചു'- ആരതി വിശദീകരിച്ചു. ഏപ്രില്‍ ഏഴിനാണ് ദേവാന്‍ഷിയുടെ രണ്ടാം പിറന്നാള്‍ കുടുംബം ആഘോഷിച്ചത്.
രണ്ട് വാഹനങ്ങളും ഫൊറന്‍സിക് പരിശോധനയ്ക്കായി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അലക്ഷ്യമായുള്ള വാഹനമോടിക്കല്‍, അലക്ഷ്യമായി വാഹനമോടിച്ച് ജീവഹാനിയുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസും റജിസ്റ്റര്‍ ചെയ്തു. അപകടമുണ്ടാക്കിയ കാര്‍ ഡ്രൈവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.