പന്ത്രണ്ടു വര്‍ഷം പിന്നിട്ട മോദി ഭരണകാലത്തിനിടെ ആദ്യമായാണ് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരു മന്ത്രി വീഴ്ച സമ്മതിച്ച് രാജിവയ്ക്കുന്നത്. വീഴ്ചകളുണ്ടാകാതിരുന്നതുകൊണ്ടോ വിവാദങ്ങളില്ലാതിരുന്നതുകൊണ്ടോ അല്ല. രാജ്യത്തെ പ്രതിപക്ഷത്തിന്റെ ദുര്‍ബലാവസ്ഥയും പാര്‍ലമെന്റിലെ ശക്തമായ മേധാവിത്തവും സംസ്ഥാനങ്ങളിലെ അധികാരശക്തിയുമുപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നേരിടുകയെന്നതാണ് ഇത്രയും കാലമായി മോദി സര്‍ക്കാര്‍ പിന്തുടര്‍ന്നു പോന്ന രീതി. 2024ലെ ലോക്സഭാതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ശക്തമായി തിരിച്ചു വന്നതോടെ തന്നെ ഏകപക്ഷീയ ശൈലി ചോദ്യം ചെയ്യപ്പെട്ടിരുന്നു. പക്ഷേ നീറ്റ് ക്രമേക്കേടില്‍ രാജ്യത്തുണ്ടായ ജനരോഷം കൃത്യമായി പ്രതിഫലിപ്പിക്കാന്‍ പ്രതിപക്ഷത്തിനു പോലും കഴിയാതിരുന്നപ്പോഴാണ് സുപ്രീംകോടതിയുടെ ഒരു പരാമര്‍ശത്തില്‍ നിന്ന് ഒരു പാറ്റ പാര്‍ട്ടി ഉദയം ചെയ്യുന്നത്. 

2026 മേയ് 16ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു പ്രസ്താവനയാണ് രാജ്യം ഇന്നീ കാണുന്ന കൊടുങ്കാറ്റിന് വിത്തിട്ടത്. തൊഴിലില്ലാതെ അലസരായി നടക്കുന്ന രാജ്യത്തെ യുവാക്കള്‍ പാറ്റകളെപ്പോലെയാണ് എന്ന് ചീഫ് ജസ്റ്റിസ് വെറുതേ ഒരു പരാമര്‍ശമങ്ങു നടത്തി. തൊഴിലൊന്നും കിട്ടാതെ തൊഴില്‍ രംഗത്ത് ഒരിടവുമില്ലാതെ പാറ്റകളെപ്പോലെയുള്ള ചില ചെറുപ്പക്കാരുണ്ട്. അവരില്‍ ചിലര്‍ മാധ്യമങ്ങളിലേക്കും സമൂഹമാധ്യമങ്ങളിലേക്കും ആക്ടിവിസത്തിലേക്കുമൊക്കെ തിരിഞ്ഞ് എല്ലാവരെയും ആക്രമിക്കുകയാണ് എന്നായിരുന്നു ആ പ്രസ്താവന. ചീഫ് ജസ്റ്റിസ് പതിവു ലൈനില്‍ ഒരു കമന്റും നടത്തി അടുത്ത കേസിലേക്കു പോയി. പക്ഷേ  അന്ന് യു.എസില്‍ പഠിക്കുകയായിരുന്ന മുന്‍ ആം ആദ്മി പ്രവര്‍ത്തകന്‍ അഭിജീത് ദീപ്കെ അത് സീരിയസായെടുത്തു. ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തിലെ കോക്കറോച്ച് (പാറ്റ ) എന്ന പരാമര്‍ശമെടുത്ത് ബി.ജെ.പിയെക്കൂടി പരിഹസിക്കുന്ന തരത്തില്‍ കോക്കറോച്ച് ജനതാ പാര്‍ട്ടി എന്നൊരു ഹാസ്യാത്മകമായ പ്രതികരണവും നടത്തി. സി.ജെ.പി എന്ന പേരില്‍ ഒരു ഇന്‍സ്റ്റാ പേജും തുടങ്ങി.  

Image Credit: X/abhijeet_dipke

പക്ഷേ മണിക്കൂറുകള്‍ക്കുള്ളില്‍ അതൊരു വന്‍ യുവജനമുന്നേറ്റമായി മാറി. യുവാക്കളുടെ തൊഴിലില്ലായ്മയും പരീക്ഷാ ക്രമക്കേടുകളും വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങളുമെല്ലാം ഉയര്‍ത്തി യുവാക്കള്‍ സി.ജെ.പി പേജിലേക്ക് ഇരമ്പിയെത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ അക്കൗണ്ടുകളേക്കാള്‍ ലക്ഷക്കണക്കിന് പേര്‍ ഫോളോ ചെയ്യുന്ന അക്കൗണ്ടായി സി.ജെ.പി മാറി. ഓണ്‍ലൈന്‍ മീമുകളിലൂടെയും ആക്ഷേപഹാസ്യത്തിലൂടെയും തുടങ്ങിയ യുവജനപ്രസ്ഥാനം എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും കവച്ചു വച്ചു കൊണ്ടു സമൂഹമാധ്യമപിന്തുണ തേടി. ഇനിയും തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പോലും റജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സി.ജെ. പാര്‍ട്ടിയെ അപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ പേടിച്ചു തുടങ്ങിയിരുന്നു. ആദ്യം സി.ജെ.പിയുടെ കോടികള്‍ പിന്തുടരുന്ന അക്കൗണ്ട് നീക്കം ചെയ്യിച്ചു. കേന്ദ്രനടപടിയല്ലെന്നു വിശദീകരിച്ചെങ്കിലും അഭിജീത് ദീപ്കെ ശക്തമായി ചോദ്യം ചെയ്യുകയും പുതിയ അക്കൗണ്ട് തുടങ്ങി, അതിനും മണിക്കൂറുകള്‍ക്കകം അതേ പിന്തുണ ലഭിക്കുകയും ചെയ്തു. 

ഒരര്‍ഥത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭയം തന്നെയാണ് സി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് വളമായത്. ജന്തര്‍മന്തറില്‍ ആദ്യത്തെ സമരം പ്രഖ്യാപിച്ച് യു.എസില്‍ നിന്നെത്തിയ അഭിജിത് ദീപ്കെയെ തടയാനും സമരം തടസപ്പെടുത്താനുമൊക്കെ പല വട്ടം ശ്രമിച്ചു. ആദ്യഘടത്തില്‍ പ്രതീക്ഷിച്ച ജനക്കൂട്ടം സമരത്തിനെത്തുന്നില്ലെന്ന പ്രചാരണവും നടത്തിനോക്കി. പക്ഷേ ധര്‍മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം സ്ഥിരമാക്കിയതോടെ ചിത്രം മാറി. സോനം വാങ്ചുക്ക് സമരത്തിന് പിന്തുണയുമായി നിരാഹാരസമരം പ്രഖ്യാപിച്ച് ശക്തമായ നിലപാടെടുത്തതോടെ സമരാന്തരീക്ഷം മുറുകി. ഒടുവില്‍ സമാധാനപരമായി സമരം മുന്നോടു പോകുന്നതിനിടെ സോനത്തിന്റെ സമരത്തിന് രാജ്യവ്യാപകമായി പിന്തുണയേറുന്നുവെന്നു മനസിലാക്കിയ കേന്ദ്രം സോനത്തെ ബലമായി സമരവേദിയില്‍ നിന്ന് നീക്കി ആശുപത്രിയിലേക്കു മാറ്റി. തൊട്ടടുത്ത ദിവസം സി.ജെ.പി പ്രഖ്യാപിച്ച പാര്‍ലമെന്റ് മാര്‍ച്ചിനെ വേട്ടയാടാന്‍ പൊലീസിനെ നിയോഗിച്ചു. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ കുട്ടികളെ പൊലീസ് തല്ലിച്ചതച്ചു. തല പൊളിഞ്ഞും ചോരയൊലിച്ചും നില്‍ക്കുന്ന കുട്ടികളെ കണ്ടതോടെ കഴിഞ്ഞ 12 വര്‍ഷമായി ഏറെക്കുറെ നിസംഗമായി കണ്ണും കാതുമടച്ചു ജീവിച്ചു പോന്നിരുന്ന ഇന്ത്യന്‍ ജനത നിര്‍വികാരത അവസാനിപ്പിച്ചു. ഇത്രയും സത്യസന്ധമായ ഒരു സമരത്തെപ്പോലും ഇങ്ങനെയാണ് ഒരു ഭരണകൂടം നേരിടുന്നതെങ്കില്‍ ഭാവിതലമുറ നേരിടാന്‍ പോകുന്നെന്തായിരിക്കുമെന്നു തിരിച്ചറിഞ്ഞ ചിലരെങ്കിലും ചോദ്യമുയര്‍ത്തി. ജന്തര്‍മന്തറില്‍ പരുക്കേറ്റു കിടക്കുന്ന സമരക്കാര്‍ക്കരികിലേക്ക് പിന്തുണയുമായെത്തി. സമരം വീണ്ടും ശക്തമായി. ചര്‍ച്ചകളില്‍ വിട്ടുവീഴ്ചയ്ക്കു തയാറാകാതെ സി.ജെ.പി നേതൃത്വം ഉറച്ചു നിന്നതോടെ ഒടുവില്‍ ഇന്ന് ധര്‍മേന്ദ്രപ്രധാന്റെ രാജിയിലേക്ക് കാര്യങ്ങളെത്തി. 

New Delhi: Climate activist Sonam Wangchuk during a protest by Cockroach Janata Party (CJP) demanding Union Education Minister Dharmendra Pradhan's resignation over alleged irregularities in the NEET examination, at Jantar Mantar, in New Delhi, Wednesday, July 15, 2026. Wangchuk has been on an indefinite hunger strike for 18 days. (PTI Photo/Salman Ali)(PTI07_15_2026_000138B)

അസംഭവ്യമെന്നു പൊതുവേ വിലയിരുത്തിയിരുന്ന രാജിയിലേക്കു വരെ സമരമെത്തിക്കാന്‍ സി.ജെ.പിക്കു കഴിഞ്ഞത് വന്‍ വിജയമാണ്. സമരാവശ്യങ്ങള്‍ ഇനിയും ശേഷിക്കുന്നുണ്ട്. എങ്കിലും പ്രധാനലക്ഷ്യം കൈവരിച്ചതിലൂടെ പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ സമരവിജയം സി.ജെ.പിയുടെ പേരിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയചരിത്രം എഴുതിവയ്ക്കും. എന്നാല്‍ അടുത്തതെന്താണ്? സി.ജെ.പിയുടെ ഭാവിയെന്താകും? ഒരു പതിറ്റാണ്ടിലേറെയായി രാജ്യം ആശങ്കപ്പെടുന്ന ജനാധിപത്യവിരുദ്ധതയെ നേരിടാന്‍ സി.ജെ.പിക്കു കഴിയുമോ? അതാണ് പ്രധാന ചോദ്യം. 

* അപ്രതീക്ഷിതമായ സമരവിജയം സി.ജെ.പിക്ക് വന്‍ ആഹ്ലാദവും ജന്‍സീക്ക് വലിയ പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ഈ സമരവീര്യം മുന്നോട്ടു കൊണ്ടു പോകാന്‍ സി.ജെ.പിക്ക് വ്യക്തമായ ഒരു പദ്ധതിയുണ്ടോ? പരീക്ഷാക്രമക്കേടുകളുടെ പേരിലായിരുന്നു ഈ സമരമെങ്കിലും രാജ്യത്തെ യുവജനതയുടെ അതൃപ്തിയും നിരാശയുമാണ് സമരത്തിലുടനീളം വര്‍ധിതവീര്യമായി പ്രകടിപ്പിക്കപ്പെട്ടത്. പക്ഷേ നിയതമായ ഒരു ഭാവി പദ്ധതിയും ആസൂത്രണവുമില്ലാതെ സി.ജെ.പിക്ക് മുന്നോട്ടു പോകാനാകില്ല. വൈകാരികതയില്‍ കൂടി ഊന്നിയ ഈ സമരത്തിനു കിട്ടിയതു പോലത്തെ പിന്തുണ കിട്ടുന്ന വിഷയങ്ങള്‍ സൂക്ഷ്മതയോടെ തിരഞ്ഞെടുക്കേണ്ടി വരും. സത്യസന്ധതയിലും ആത്മാര്‍ഥതയിലും വിട്ടുവീഴ്ചയില്ലാത്ത ജന്‍സീയെ പരമ്പരാഗത പ്രകടനാത്മകത ആകര്‍ഷിക്കില്ലെന്നുറപ്പാണ്. അവരുടെ ജീവിതം തൊടുന്ന പ്രശ്നങ്ങളെ, കണ്ടു പഴകിയ രാഷ്ട്രീയകാപട്യത്തിന്റെ ശൈലി കടന്നുവരാത്ത വിധം  കരുതലോടെ കൈകാര്യം ചെയ്യാന്‍ സാധ്യതകളുടെ സമുദ്രം മുന്നിലുണ്ടു താനും. 

* സമരം എത്രയും വേഗം അവസാനിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത് ഇപ്പോഴത്തെ പ്രതിസന്ധി കൊണ്ടു മാത്രമാകില്ലെന്നതും കരുതലോടെ കാണണം. യുവമനസുകള്‍ കൂടുതല്‍ ഒന്നിക്കും മുന്‍പ്, ജനാധിപത്യബോധം കൂടുതല്‍ കരുത്താര്‍ജിക്കും മുന്‍പ് ഈ സമരം അവസാനിപ്പിക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിനും നേട്ടമാണ്. രാജ്യത്തെ പ്രതിപക്ഷത്തെ ഒരിക്കല്‍ പോലും ഇത്രയും ഗൗനിക്കേണ്ടി വന്നിട്ടില്ല മോദി സര്‍ക്കാരിന്. കാരണം ഇത്രമേല്‍ ഒത്തൊരുമയും കാപട്യമില്ലാത്ത സാഹോദര്യവും സ്വാര്‍ഥ താല്‍പര്യങ്ങളില്ലാത്ത മുദ്രാവാക്യങ്ങളും ഒരിക്കലും പ്രതിപക്ഷത്തിന് സാധ്യമായിട്ടില്ല. അതുകൊണ്ട് കൂടുതല്‍ അടിത്തറയുറക്കും മുന്‍പ് സി.ജെ.പി. സമരം അവസാനിപ്പിക്കാനായാല്‍  അത് സമീപഭാവിയിലെ വെല്ലുവിളികള്‍ ഇല്ലാതാക്കുന്നതിന് തുല്യമാണെന്നും മോദി സര്‍ക്കാരിനറിയാം. സംഘപരിവാര്‍ സമഗ്രാധിപത്യത്തെ നേര്‍ക്കുനേര്‍ നേരിടാന്‍ ശേഷിയുള്ള ഒരു സംഘടിതനീക്കത്തെ വളരാന്‍ അനുവദിക്കാതെ അവസാനിപ്പിക്കുക എന്നത് കുശാഗ്രബുദ്ധിയായിക്കൂടി തിരിച്ചറിയുന്നതാണ് യുക്തി.

* ഇനിയെന്ത്  എന്ന ചോദ്യത്തിനുത്തരം നിര്‍ണായകം

അത് സി.ജെ.പിയുടെ ഭാവി മാത്രമല്ല, രാജ്യത്തെ ജനാധിപത്യപോരാട്ടത്തിന്റെ ഭാവിയിലും നിര്‍ണായകമായ ചോദ്യമാണ്. ഈ സംഘടിപ്പിക്കപ്പെട്ട യുവശക്തി സി.ജെ.പി. ഏതു രീതിയില്‍ മുന്നോട്ടു കൊണ്ടു പോകും? ഏതു പ്രശ്നങ്ങള്‍ ഏറ്റെടുക്കും? പ്രതിപക്ഷപാര്‍ട്ടികളുടെ രക്ഷാകര്‍തൃത്വത്തില്‍ വീഴാതെ കക്ഷിരാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കു വഴങ്ങാതെ എത്ര ദൂരം ഏതു ദിശയില്‍ സി.ജെ.പി. മുന്നോട്ടു പോകും? ഈ വീര്യം ഒരു രാജ്യത്തിന്റെ ചരിത്രത്തില്‍ അപൂര്‍വമായേ ഉണര്‍ന്നെണീക്കൂ. വിശ്വസിച്ചവരും പിന്തുണച്ചവരും അര്‍പ്പിക്കുന്ന രാഷ്ട്രീയ വിശ്വാസത്തെ സി.ജെ.പി. എത്രമാത്രം പ്രതിബദ്ധതയോടെ കൈകാര്യം ചെയ്യുമെന്നതാണ് ഇനി നമ്മള്‍ കാത്തിരിക്കുന്ന ചോദ്യത്തിനുത്തരം. 

ENGLISH SUMMARY:

The emergence of the 'Cockroach Janatha Party' (CJ P) marks a significant shift in Indian political activism, fueled by widespread youth discontent over issues like the NEET scam and unemployment. This newly formed movement has quickly gained momentum, challenging the established political landscape and forcing the government to address student grievances.