Ai Generated Image

പ്രായമായവരില്‍ ഇന്ന് ഏറ്റവുമധികം കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് മുട്ട് തേയ്മാനവും മുട്ടുവേദനയും. ഏറെ നേരം നില്‍ക്കാന്‍ സാധിക്കാതെ വരിക, നടക്കാന്‍ ബുദ്ധിമുട്ട് എന്തിനേറെ പറയുന്നു വെറുതേ കിടക്കുമ്പോള്‍ പോലും കാല്‍മുട്ടുകള്‍ക്കുളളില്‍ അസഹ്യമായ വേദന അനുഭവപ്പെടും എന്നതാണ് മുട്ട് തേയ്മാനത്തിന്‍റെ പ്രത്യേകത. ചിലപ്പോള്‍ മുട്ടിനകത്ത് അനുഭവപ്പെടുന്ന ഈ വേദന കാരണം ഉറക്കം പോലും നഷ്ടപ്പെട്ടേക്കാം. തേയ്മാനം സംഭവിച്ച് മുട്ടിന് ശസ്ത്രക്രിയയാണ് സാധാരണ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചികില്‍സ. എന്നാല്‍ ചെറിയ കുത്തിവയ്പ്പിലൂടെയും ഈ വേദനയ്ക്ക് പരിഹാരം കാണാനാകും. അറിയാം പിആര്‍പി ഇന്‍ജക്ഷനെക്കുറിച്ച്...

പിആര്‍പി ഇന്‍ജക്ഷന്‍ എന്നത് റീജനറേറ്റീവ് ചികില്‍സയുടെ ഭാഗമായി വരുന്നതാണ്. നമ്മുടെ സ്വന്തം രക്തത്തിലെ ഘടകങ്ങൾ ഉപയോഗിച്ച് ശരീരത്തിലെ തേയ്മാനങ്ങളും ക്ഷതങ്ങളും പരിഹരിക്കുന്ന ഒരു നൂതന ചികിത്സാരീതിയാണ് പിആര്‍പി അഥവാ പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ. ലിഗമെന്‍റിനുണ്ടാകുന്ന പരിക്കുകള്‍ക്കും കാല്‍മുട്ടിലെ തേയ്മാനത്തിനും ഫലപ്രദമായി ഉപയോഗിച്ചുവരുന്ന ഒരു ചികില്‍സാരീതികൂടിയാണിത്. ചുവന്ന രക്താണുക്കള്‍, വെളുത്ത രക്താണുക്കൾ, പ്ലേറ്റ്​ലറ്റുകള്‍ എന്നിങ്ങനെ രക്തത്തില്‍ അടങ്ങിയിരിക്കുന്ന കോശങ്ങളിലെ പ്ലേറ്റ്ലറ്റുകളില്‍ നിന്ന് പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ വേര്‍തിരിച്ചെടുത്താണ് ഈ ചികില്‍സയ്ക്ക് ഉപയോഗിക്കുന്നത്. 

ഇപ്രകാരം വേര്‍തിരിച്ചെടുക്കുന്ന ഈ പ്ലാസ്മ തേയ്മാനമുളള മുട്ടിലേയ്ക്ക് കുത്തിവയ്ക്കുന്നു. ഈ ഇന്‍ജക്ഷനില്‍ അടങ്ങിയിരിക്കുന്ന ഗ്രോത്ത് ഫാക്ടേഴ്സ് ആ ഭാഗത്തേക്ക് റിലീസ് ചെയ്യുമ്പോള്‍ അവിടെയൊരു നാച്ചുറല്‍ ഹീലിങ് പ്രോസസ് ആരംഭിക്കുകയും ക്ഷതങ്ങള്‍ക്കും തേയ്മാനങ്ങള്‍ക്കും പരിഹാരമാകുകയും ചെയ്യുന്നു. അതേസമയം പൂര്‍ണമായും തേയ്മാനം സംഭവിച്ച ഒരു മുട്ടിനെ പഴയ രൂപത്തിലേക്ക് മാറ്റാന്‍ പിആര്‍പി ഇന്‍ജക്ഷന്‍ കൊണ്ട് സാധിക്കുകയില്ല.

തേയ്മാനം സംഭവിച്ച മുട്ടിന്‍റെ അവസ്ഥയനുസരിച്ചാണ് ഈ ചികില്‍സ എത്രമാത്രം ഗുണം ചെയ്യുമെന്ന് പറയാനാകൂ. അതായത് മുട്ട് തേയ്മാനത്തിന്‍റെ പ്രാരംഭഘട്ടത്തിലുളള രോഗിക്കാണ് ഈ ചികില്‍സ കൂടുതല്‍ ഫലപ്രദം. കൂടുതല്‍ തേയ്മാനത്തിലേക്ക് നയിക്കാതെ മുട്ടിനെ സംരക്ഷിക്കാന്‍ ഈ ചികില്‍സയ്ക്കാകും. സ്റ്റേജ് 1, സ്റ്റേജ് 2 ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് രോഗികള്‍ക്കാണിത് ഉത്തമം. 

ENGLISH SUMMARY:

PRP injection for knee pain offers a novel treatment for osteoarthritis and cartilage damage. This regenerative therapy utilizes your own blood components to promote healing, making it a promising option for early-stage knee degeneration.