വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്തറില്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. സമരക്കാരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി അംഗീകരിച്ചതോടെയാണ് സമരം നിര്‍ത്താനുള്ള സിജെപി തീരുമാനം. കേന്ദ്രമന്ത്രിമാരായ ജെപി നഡ്ഡ, ജിതേന്ദ്രസിങ് എന്നിവരുമായി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം പിന്‍വലിക്കുന്ന കാര്യം സിജെപി അറിയിച്ചത്. പ്രവര്‍ത്തകരോട് വേഗം പിരിഞ്ഞുപോകാന്‍ നേതൃത്വം ആഹ്വാനം ചെയ്തു. 35ാം ദിവസത്തിലാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം.
സിജെപി സമരത്തിനെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി സിജെപി വക്താക്കള്‍ അറിയിച്ചു. ചൊവ്വാഴ്ച രേഖാമൂലം ഉറപ്പുനല്‍കും. ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരമെന്ന സിജെപിയുടെ ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. വിദ്യാഭ്യാസരംഗത്ത് പരിഷ്കാരവും ഉറപ്പുലഭിച്ചതായും ഒരുമാസത്തിനകം സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും സിജെപി വക്താക്കള്‍ അറിയിച്ചു.
സിജെപി നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചത്. രണ്ടു പേജുള്ള രാജിക്കത്ത് പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തതിനൊപ്പം അദ്ദേഹം എക്സിലും പങ്കുവച്ചു. 10 ദിവസങ്ങളിലെ സംഭവങ്ങളില്‍ ദുഖിതനാണെന്നും ജന്തര്‍ മന്തറില്‍ നിലവിലുള്ള സ്ഥിതിയില്‍ നിന്നും രാജ്യ വിരുദ്ധ ശക്തികള്‍ നേട്ടമുണ്ടാക്കാതിരിക്കാനാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനടപടികളില്‍പ്പെട്ട് ഒരു വിദ്യാര്‍ഥിയുടെ പോലും ജീവിതം നശിക്കാതിരിക്കാനുമാണ് തന്‍റെ രാജി. എനിക്ക് വ്യക്തിപരമായ അഭിമാനപ്രശ്നമില്ല, യുവശക്തി തെറ്റിദ്ധാരണകളില്‍പെടരുതെന്നും അദ്ദേഹം രാജിയില്‍ വ്യക്തമാക്കി.
ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയെ വലിയ ആവേശത്തോടെയാണ് ജന്തര്‍ മന്തറിലെ സമരവേദി സ്വീകരിച്ചത്. നമ്മള്‍ നേടിയെടുത്തുവെന്ന് അഭിജീത് ദീപ്കെ സമരക്കാരെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഇത് പാറ്റകളുടെ വിജയമാണെന്നും ജനാധിപത്യത്തില്‍ ആരെയും പേടിക്കേണ്ടതില്ലെന്നും അധികാരത്തിലേറ്റിയതുപോലെ ഇറക്കാനും കഴിയുമെന്നും അഭിജീത് പറഞ്ഞു. നീറ്റ് പരീക്ഷയുടെ പേരില്‍ ജീവനൊടുക്കിയവര്‍ക്ക് ആദരമര്‍പ്പിച്ച് മരിച്ച വിദ്യാര്‍ഥികളുെട ചിത്രങ്ങള്‍ അഭിജീത് ഉയര്‍ത്തിക്കാട്ടി.
മോദിസര്‍ക്കാരിന്റെ അന്ത്യത്തിന്റെ തുടക്കമാണിതെന്നും പ്രധാനമന്ത്രി മാപ്പുപറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യുവാക്കള്‍ മോദിയെ സുഹൃത്തായി കാണുന്നില്ലെന്നും പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചയാളാണ് മോദിയെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. വിദ്യാര്‍ഥികളുടെ വിജയമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന്‍ അഴിമതിയുടെ പ്രതീകം, പ്രധാനമന്ത്രി മാപ്പു പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
എല്ലാവരുംകൂടി കേന്ദ്രസര്‍ക്കാരിനെ മുട്ടുകുത്തിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞത്. 12 വര്‍ഷമായി തുടര്‍ന്ന ആശങ്ക മാറിയെന്നും പ്രിയങ്ക പറഞ്ഞു. വിദ്യാര്‍ഥി സമരത്തിലെ അഭിമാനാര്‍ഹമായ അധ്യായമെന്നും 56 ഇഞ്ചുകാരന്‍ പരാജയപ്പെട്ടെന്നും സി.പി.എം ജനറല്‍ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. സി.ജെ.പിയെ അഭിനന്ദിച്ച സോനം വാങ്ചുക്, ഇത് ജനാധിപത്യത്തിന്‍റെ ജയമെന്നും ശാന്തിയുടെയും ക്ഷമയുടെയും വിജയമെന്നും പറഞ്ഞു.