രാജ്യത്തെ വിദ്യാർത്ഥിസമൂഹത്തിന്റെ ഇച്ഛാശക്തിക്കു മുന്നിൽ കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യം ഒടുവിൽ മുട്ടുകുത്തിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി, അഴിമതിക്കും വിദ്യാഭ്യാസ മേഖലയിലെ തെറ്റായ നയങ്ങൾക്കും എതിരെ തെരുവിലിറങ്ങിയ യുവത രചിച്ച ഐതിഹാസിക വിജയമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'മോഡി സർക്കാരിൻ്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടി കൂടിയാണ് ഈ സമരത്തിൻ്റെ വിജയം. ചോദ്യപേപ്പർ ചോർച്ചയും ലക്ഷക്കണക്കിന് കുട്ടികളുടെ കണ്ണീരും കണ്ടില്ലെന്ന് നടിച്ച, പ്രതിഷേധങ്ങളെ ഏകാധിപത്യ പ്രവണതകളോടെ നേരിട്ട ബിജെപി ഗവൺമെൻ്റിന് ജനാധിപത്യത്തിൻ്റെ കരുത്തെന്താണെന്ന് ബോധ്യപ്പെട്ട ദിനങ്ങളാണ് കടന്നുപോയത്.
എന്നാൽ ഒരു മന്ത്രി പടിയിറങ്ങിയത് കൊണ്ട് മാത്രം അവസാനിക്കുന്നതല്ല രാജ്യത്തെ വിദ്യാഭ്യാസ മേഖല നേരിടുന്ന ഈ വലിയ പ്രതിസന്ധി. എൻ.ടി.എ എന്ന സംവിധാനത്തിന്റെ വിശ്വാസ്യത തന്നെ പൂർണ്ണമായും തകർന്നു കഴിഞ്ഞു. ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട്, സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് മേൽ കടന്നുകയറി കേന്ദ്രം അടിച്ചേൽപ്പിച്ചതാണ് നീറ്റ് അടക്കമുള്ള പരീക്ഷകൾ.
അതിനു പിന്നിലെ യഥാർത്ഥ ലക്ഷ്യം വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരിക്കലും കാവിവൽക്കരിക്കലുമാണെന്ന് ഇന്ന് പകൽ പോലെ വ്യക്തമാണ്. അഴിമതിക്ക് ചൂട്ടുപിടിക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ ചുമതലയിൽ നിന്ന് മാറ്റുകയോ അടിമുടി ഉടച്ച് വാർക്കുകയോ വേണം. സംസ്ഥാനങ്ങളെ കൂടി വിശ്വാസത്തിലെടുത്ത് പരീക്ഷാ നടത്തിപ്പിന് പുതിയ സ്റ്റാറ്റ്യൂട്ടറി സംവിധാനം ഏർപ്പെടുത്തണം.
അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ യാതൊരു ഒത്തുതീർപ്പുകളുമില്ലാതെ പോരാടിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. അഴിമതി നിറഞ്ഞ ഈ കേന്ദ്രീകൃത സംവിധാനത്തെ വേരോടെ പിഴുതെറിയും വരെ ഈ പോരാട്ടം മുന്നോട്ടു പോകേണ്ടതുണ്ട്. അതിനു കരുത്തു പകരാൻ അടിയുറച്ച ജനാധിപത്യ ബോധ്യത്തോടെ നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം. '– പിണറായി വ്യക്തമാക്കി.
അതേസമയം, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) രംഗത്തെത്തി. ‘പാറ്റകള്‍ ജയിച്ചു, ജനാധിപത്യം ജയിച്ചു’ എന്നാണ് എക്സിലൂടെ സിജെപി പ്രതികരിച്ചത്. നീറ്റ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകളിലെ ക്രമക്കേടുകളിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പിയുടെ നേതൃത്വത്തിൽ ജൂൺ മാസം മുതൽ ഡൽഹി ജന്തർമന്തറിൽ സമരം നടത്തിവരികയായിരുന്നു.