• സംഘടനയില്‍ അമിത് ഷായുടെ അടുത്തയാള്‍. നരേന്ദ്രമോദിയുടെ വിശ്വസ്തനായ ലെഫ്റ്റനന്‍റ്. ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമ്പോള്‍ യുവപ്രതിഷേധം ഭരണതലത്തില്‍ വേണ്ടരീതിയില്‍ പ്രതിഫലിച്ചു എന്നുവേണം കരുതാന്‍.

12 വര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാറില്‍ പ്രതിഷേധ ചൂടറിഞ്ഞ് രാജിവെയ്ക്കുന്ന ആദ്യമന്ത്രിയാണ് ധര്‍മേന്ദ്ര പ്രധാന്‍. സംഘടനയില്‍ അമിത് ഷായുടെ അടുത്തയാള്‍. നരേന്ദ്രമോദിയുടെ വിശ്വസ്തനായ ലെഫ്റ്റനന്‍റ്. ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമ്പോള്‍ യുവപ്രതിഷേധം ഭരണതലത്തില്‍ വേണ്ടരീതിയില്‍ പ്രതിഫലിച്ചു എന്നുവേണം കരുതാന്‍. ഒഡീഷയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ പ്രധാന്‍ രാഷ്ട്രീയം തുടങ്ങുന്നത് എബിവിപിയിലൂടെയാണ്. അന്ന് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് എതിരെ വിദ്യാര്‍ഥി സമരം നയിച്ച നേതാവാണ് ഇന്ന് അതേ കാരണത്തില്‍ രാജിവെയ്ക്കേണ്ടിവരുന്നത്. 

ധര്‍മേന്ദ്ര പ്രധാന്‍റെ പിതാവ് ദീബേന്ദ്ര പ്രധാന്‍ വാജ്പേയ് സര്‍ക്കാറില്‍ സഹമന്ത്രിയായിരുന്നു. 1983 ല്‍ എബിവിയില്‍  ചേര്‍ന്ന അദ്ദേഹം തല്‍ച്ചര്‍ കോളജിലെ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റായി. 1993 ല്‍ എബിവിപിയുടെ സംസ്ഥാന സെക്രട്ടറിയായി. രണ്ടു വര്‍ഷത്തിനപ്പുറം ദേശീയ സെക്രട്ടറിയായി. ഇക്കാലത്താണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ  ഒറീസ സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നത്. ഉത്കൽ സര്‍വകലാശയിലെ വിദ്യാര്‍ഥിയായിരുന്ന ധര്‍മേന്ദ്ര പ്രധാന് അന്ന് ലാത്തിചാര്‍ജില്‍   പരുക്കേറ്റിരുന്നു. 

2000 ത്തിലാണ് ധര്‍മേന്ദ്ര പ്രധാന്‍‌ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 2004 വരെ പല്ലഹാര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു അദ്ദേഹം.  2001 ല്‍ യുവമോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്‍റും 2002 ല്‍ ബിജെപിയുടെ ദേശീയ സെക്രട്ടറിയുമായി. 2004 ല്‍ എംഎല്‍എ സ്ഥാനം രാജിവച്ച് ദിയോഗഢ് മണ്ഡലത്തില്‍ നിന്നും  ലോക്സഭയിലേക്ക് മല്‍സരിച്ച് ജയിച്ച ധര്‍മേന്ദ്ര പ്രധാന്‍ അതേ വര്‍ഷം യുവമോര്‍ച്ചയുടെ ദേശീയ അധ്യക്ഷനായി. യുവാക്കളെ സംഘടിപ്പിക്കാനും കേഡർ ശൃംഖലകൾ കൈകാര്യം ചെയ്യാനമുള്ള പ്രധാന്‍റെ കഴിവായിരുന്നു ഇതിനുള്ള കാരണം. 

ധര്‍മം മുഖ്യം സര്‍; അത് ബോധ്യപ്പെടുത്തി പാറ്റസമരം; പ്രധാനമായതും ത്യജിക്കാതെ മറ്റെന്ത് വഴി

2012 മുതല്‍ 2024 വരെ ബിഹാറില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലെത്തിയ പ്രധാന്‍ ഉത്തരാഖണ്ഡിലെയും ബിഹാറിലെയും കര്‍ണാടക, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ മേല്‍നോട്ടം വഹിച്ചു. 2017 ലാണ് പ്രധാന്‍ മന്ത്രിസഭയിലേക്ക് എത്തുന്നത്.പെട്രോളിയം മന്ത്രിയായി ആദ്യ ചുമതല. ഏറ്റവും കൂടുതല്‍കാലം പെട്രോളിയം മന്ത്രിയായിരുന്ന പ്രധാന്‍റെ കാലത്താണ് പ്രധാൻ മന്ത്രി ഉജ്ജ്വല യോജന (PMUY) ഉൾപ്പെടെയുള്ള മോദി സർക്കാരിന്‍റെ പ്രധാന പദ്ധതികൾ നടപ്പിലാക്കുന്നത്. ഇക്കാരണത്താല്‍ "ഉജ്ജ്വല മാൻ" എന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ പാര്‍ട്ടിയില്‍ അറിയപ്പെടുന്നത്. പക്ഷേ പാറ്റ പ്രതിഷേധത്തില്‍ പിടിച്ചു നില്‍ക്കാനാകാതെയാണ് സമരത്തിന്‍റെ 35-ാം ദിവസം ധര്‍മേന്ദ്ര പ്രധാന് രാജിവച്ച് ഒഴിയേണ്ടി വരുന്നത്.

2021 ലാണ് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതലയിലേക്ക് എത്തുന്നത്. 2024 ലെ വീണ്ടും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം സാംബൽപൂരില്‍ നിന്നും ജയിച്ചു.  മോദി മന്ത്രിസഭയില്‍ വീണ്ടും വിദ്യാഭ്യാസ മന്ത്രിയായി. പ്രതിപക്ഷം ഏറെ വിമര്‍ശിച്ച ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചു. ഒഡീഷയിലെ ബിജെഡി ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി ഭരണം പിടിച്ചതില്‍ മുഖ്യ പങ്കുവഹിച്ചു ധര്‍മേന്ദ്ര പ്രധാന്‍. ഒഡീഷ മുഖ്യമന്ത്രിയാവുമെന്ന് കരുതിയെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ തുടരാനായിരുന്നു പാര്‍ട്ടി നിര്‍ദേശം. 

'സർക്കാർ മുട്ടുമടക്കി, ഇത് ഇന്ത്യൻ യുവത്വത്തിന്‍റെ വിജയം, അടിച്ചമർത്താൻ നോക്കിയിട്ടും തളർന്നില്ല'

പക്ഷേ  വിവാദങ്ങളുടെ തുടര്‍ക്കഥയായിരുന്നു അദ്ദേത്തിന്‍റെ കാലത്ത് വിദ്യാഭ്യാസമന്ത്രാലയത്തില്‍. മോദി സര്‍ക്കാരിന്‍റെ തന്നെ സൃഷ്ടിയായ ദേശീയ ടെസ്റ്റിങ് ഏജന്‍സി  നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ പലതവണ ചോര്‍ന്നു. സിബിഎസ്ഇ പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകള്‍ വന്‍വിവാദമായി. യുജിസിയുടെ ചില ചട്ടങ്ങൾ വിവാദമായപ്പോൾ സുപ്രീം കോടതി ഇടപെട്ടു. എൻസിഇആർടി പാഠപുസ്തകത്തിൽ ജുഡീഷ്യറിക്കെതിരെയുണ്ടായ പരാമർശങ്ങളുടെ പേരിൽ സുപ്രീം കോടതി ഇടപെട്ടു. ഒടുവില്‍ ''പരീക്ഷ പെ ചര്‍ച്ച'' ജന്ദര്‍ മന്ദറിനെ പിടിച്ചുലച്ചതോടെ വിദ്യാഭ്യാസ മന്ത്രിയുടെ കസേരയും തെറിച്ചു. 

ENGLISH SUMMARY:

This detailed profile examines the political career and eventual resignation of Union Education Minister Dharmendra Pradhan, a close confidant of Prime Minister Narendra Modi and Amit Shah. Known as the "Ujjwala Man" for implementing key welfare schemes, Pradhan's tenure was marred by persistent examination controversies and paper leaks under the National Testing Agency. Ironically, three decades after leading an ABVP student protest against exam leaks in Odisha as a youth leader, he was forced to step down following intense youth-led agitations at Jantar Mantar. Despite his crucial role in expanding BJP's footprint in Odisha and managing key electoral strategies, the mounting pressure from student protests ultimately ended his ministerial tenure.