ഡൽഹി ശ്രീറാം കോളജിൽ യുപിഎ ഭരണകാലത്തെ വിമര്‍ശിച്ചും പ്രതിപക്ഷത്തെ ദിമാഗി നക്സലുകൾ എന്ന് വിളിച്ചും  പ്രസംഗിച്ച പ്രധാനമന്ത്രിക്ക് ചുട്ട മറുപടിയുമായി കോണ്‍ഗ്രസ്. നുണ നിറച്ച് പ്രസംഗം നടത്താതെ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പൊലീസ് അതിക്രമത്തിലും അടക്കം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് ആവശ്യം. സർക്കാരിന്റെ വീഴ്ചകൾ മറക്കാനാണ് പ്രതിപക്ഷത്തെ അധിക്ഷേപിക്കുന്നതെന്ന് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും തുറന്നടിച്ചു.

ഇന്നലെ  ഡൽഹി ശ്രീറാം കോളജിന്റെ നൂറാം വാർഷികാഘോഷ വേദിയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയത്. യുപിഎ ഭരണകാലത്തെയും രാഹുൽ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ചിനെയും വിമര്‍ശിച്ച മോദി രാജ്യത്തിന്റെ മുന്നേറ്റം ഉൾക്കൊള്ളാൻ കഴിയാത്ത ദിമാഗി നക്സലുകളാണ് പ്രതിപക്ഷമെന്ന് ആരോപിച്ചിരുന്നു. വികസനം, സാമ്പത്തിക സാമൂഹിക മുന്നേറ്റം രാജ്യസുരക്ഷ തുടങ്ങിയവ സംബന്ധിച്ച് പച്ചക്കള്ളമാണ് പ്രധാനമന്ത്രി പ്രസംഗിച്ചതെന്നും കോളജിലെ പരിപാടിയെ രാഷ്ട്രീയ പ്രസംഗത്തിനുള്ള വേദിയാക്കി എന്നുമാണ് കോണ്‍ഗ്രസ് വിമര്‍ശനം. അടിസ്ഥാന രഹിതമായ അവകാശവാദങ്ങള്‍ ഒഴിവാക്കി വിദ്യാര്‍ഥികളെ കേള്‍ക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും വേണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന് മല്ലികാര്‍ജുന്‍ ഖര്‍ഗെയും ആവശ്യപ്പെട്ടു.  മഹാരാഷ്ട്രയിലെയും ബീഹാറിലെയും വിദ്യാര്‍ഥി സമരങ്ങള്‍ക്കുള്ള പിന്തുണയും രാഹുല്‍ ആവര്‍ത്തിച്ചു. 

സർക്കാരിന്റെ വീഴ്ചകൾ മറച്ചുവെക്കാൻ പ്രതിപക്ഷത്തെ പുതിയ പേരുകൾ വിളിച്ച് അധിക്ഷേപിക്കുകയാണ് പ്രധാനമന്ത്രിയെന്ന് ഖർഗെയും കുറ്റപ്പെടുത്തി. വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ കണ്ട് ഭയപ്പെട്ട മോദി രാഹുല്‍ ഗാന്ധിയെയും ഛാത്രോം കി ഗൂഞ്ചിനെയും അനുക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍ പ്രതികരിച്ചിരുന്നു. ദൈവത്തിന് തുല്യന്‍ എന്ന് പറയുന്ന മോദിയാണ് പ്രതിപക്ഷത്തെ വിമശിക്കുന്നതെന്ന്  സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി വിമര്‍ശിച്ചു. 

ENGLISH SUMMARY:

Malayala Manorama Online News reports on the Congress party's strong response to Prime Minister Modi's speech at Delhi Sriram College, where he criticized the UPA era and labeled the opposition as "intellectual Naxals." The Congress demanded answers regarding exam paper leaks and police brutality, accusing the government of using such attacks to distract from its own failures.