ചിറയിന്‍കീഴിലുണ്ടായ കയ്യാങ്കളിയില്‍ എംഎല്‍എ രമ്യ ഹരിദാസിനെതിരെ കേസെടുത്തു. കോണ്‍ഗ്രസ് നേതാവ് സജാദ് നല്‍കിയ പരാതിയിലാണ് സംഭവം. എംഎല്‍എ ആക്രമിച്ചെന്നാണ് പരാതി. രമ്യയുടെ പരാതിയില്‍ സജാദിനെതിരേയും കേസെടുത്തിട്ടുണ്ട്. ഇന്നലെയാണ് എംഎല്‍എയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള തര്‍ക്കത്തിന്റേയും കയ്യാങ്കളിയുടേയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നത്.
Also Read: പ്രാദേശികനേതാവിന്റെ മുഖത്തടിച്ച് രമ്യ ഹരിദാസ്; തന്നേയും ആക്രമിച്ചെന്ന് എംഎല്‍എ; വിഡിയോ
എംഎല്‍എയും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുന്നതും പിന്നാലെ രമ്യ ഹരിദാസ് കോണ്‍ഗ്രസ് നേതാവിന്റെ മുഖത്തടിക്കുന്നതും ഉള്‍പ്പെടെ ദൃശ്യങ്ങളിലുണ്ട്. രമ്യയുടെ കൈ പിടിച്ചുവയ്ക്കുന്നതും തന്റെ കൈ വിടെടാ എന്ന് എംഎല്‍എ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. എംഎല്‍എയുടെ പിഎ, പാളയം പ്രദീപിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് തര്‍ക്കത്തിലേക്കും പിന്നാലെ കയ്യാങ്കളിയിലേക്കുമെത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് വിളിച്ച യോഗത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരുമായിരുന്നു പങ്കെടുത്തത്. എന്നാല്‍ ഇതിനിടെ കരാറുകാരോട് എംഎല്‍എയുടെ പിഎ പ്രദീപ് സംസാരിക്കാന്‍ തുടങ്ങി. ഇത് ചോദ്യംചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. പിഎയും സജിത് മുട്ടപ്പലം എന്നയാളും തമ്മില്‍ തര്‍ക്കമുണ്ടായി. കരാറുകാരുമായുള്ള വിഷയത്തില്‍ പിഎ ഇടപെടുന്നതെങ്ങനെയാണെന്ന് ചോദിച്ച് ഒരു പ്രവര്‍ത്തകന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടു. പിന്നാലെ എംഎല്‍എയും സംഘവും ഇയാളുടെ വീട്ടിലെത്തി മര്‍ദിച്ചുവെന്നാണ് പരാതി. ഇവിടെയുണ്ടായ തര്‍ക്കം കയ്യാങ്കളിയിലെത്തി. വിഡിയോ എടുത്ത പ്രവര്‍ത്തകനെ എംഎല്‍എ മുഖത്തടിച്ചതായും പരാതിയില്‍ പറയുന്നു.
പിന്നാലെയുണ്ടായ കയ്യാങ്കളിയില്‍ പ്രവര്‍ത്തകര്‍ എംഎല്‍എയുടെ കൈ പിടിച്ചു തിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തന്റെ കൈവിടെടോ എന്ന് എംഎല്‍എ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ഇരുകൂട്ടരും മര്‍ദിച്ചുവെന്ന തരത്തിലുള്ള ആരോപണ പ്രത്യാരോപണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കു തന്നെ നാണക്കേടായി മാറിയ സംഭവമെന്നാണ് പൊതുവിലയിരുത്തല്‍.