ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ രണ്ട് സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടത് സൈന്യത്തിന്‍റെ വെടിയേറ്റെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കാര. വേട്ടയ്ക്ക് ശേഷം സാധാരണ വേഷത്തില്‍ മടങ്ങി വന്ന ഇരുവരെയും തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ചാണ് സൈന്യം കൊലപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ഇവരെ തീവ്രവാദികളാണ് വധിച്ചതെന്ന വാദം ബിജെപി പറഞ്ഞു പരത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കിഷ്ത്വാറിലെ കൊലയെ കുറിച്ച് പല സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. ജില്ലാ പ്രസിഡന്‍റുമായി ഞാന്‍ സംസാരിച്ചു. സ്പെഷല്‍ പൊലീസ് ഓഫിസര്‍മാരായ ഇരുവരും വേട്ടയ്ക്കായി വനത്തില്‍ പോയതാണ്. പോകുമ്പോള്‍ പിക്കറ്റുകള്‍ സുഗമമായി കടന്ന് പോയ ഇരുവരും സാധാരണ വേഷത്തില്‍ മടങ്ങി വന്നതോടെ സൈനികര്‍, തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് വെടിയുതിര്‍ക്കുകയായിരുന്നു'- കാര വിശദീകരിച്ചു. 'ഇരുവരെയും തീവ്രവാദികളാണ് കൊലപ്പെടുത്തിയത് എന്നൊരു വാദം ബിജെപിയും ഉയര്‍ത്തുന്നുണ്ട്. വാസ്തവം പുറത്ത് കൊണ്ടുവരാന്‍ അന്വേഷണം വേണം' - കാര പറഞ്ഞു.
തീര്‍ത്തും ഉത്തരവാദിത്തരഹിതമായ ആരോപണമാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍റേതെന്നും നിരുപാധികം സൈന്യത്തോടും രാജ്യത്തോടും മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. 'രാജ്യമാകെ രണ്ട് ധീരരായ പൊലീസുകാരുടെ മരണത്തില്‍ ദുഃഖിച്ചിരിക്കുകയാണ്. പക്ഷേ ഇവിടെയുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൂഢാലോചനാ സിദ്ധാന്തവുമായി ഇറങ്ങിക്കഴിഞ്ഞു. ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതിനാണ് അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്. ധീരന്‍മാരുടെ മരണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല' എന്നായിരുന്നു ബിജെപി എംഎല്‍എ രണ്‍ബീര്‍ സിങ് പതാനിയയുടെ പ്രതികരണം. ഇത്തരം നിലവാരമില്ലാത്ത ആരോപണങ്ങള്‍ പൊലീസുകാരുടെ കുടുംബാംഗങ്ങളെ ൂടി അപമാനിക്കുന്നതാണെന്നും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1997 ല്‍ സ്കൂള്‍ പ്രിന്‍സിപ്പലായിരുന്ന തന്‍റെ പിതാവിനെയും തീവ്രവാദികള്‍ കൊലപ്പെടുത്തിയതാണെന്നും ഇതേ പോലെയുള്ള കഥകള്‍ അന്നും പ്രചരിച്ചിരുന്നുവെന്നും കൊല്ലപ്പെട്ട പൊലീസുകാരില്‍ ഒരാളുടെ സഹോദരനായ വികാസ് റെയ്ന പറഞ്ഞു. കാര മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച രാവിലെയാണ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ബാബി ചന്ദ് (57), റഷ്പാല്‍ കുമാര്‍ (45) എന്നിവരെ ശരീരമാസകലം വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദച്ചനിലെ കിയാര്‍ ഗ്രാമത്തിലാണ് ഇരുവരും പൊലീസുകാരായി സേവനം അനുഷ്ഠിച്ചിരുന്നത്. ബുധനാഴ്ച പൊലീസ് ക്യാംപില്‍ നിന്നും ധര്‍ന–മര്‍വയിലെ സൈനിക പോസ്റ്റിന് സമീപത്തേക്ക് പോകവേയാണ് ഇരുവരെയും കാണാതായതും പിന്നീട് വെടിയുണ്ടകള്‍ തുളഞ്ഞ് കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതും.