• പഞ്ചാബിലെ എഎപി സര്‍ക്കാരിനെതിരെ 'കുറ്റപത്രം' തയാറാക്കാനുള്ള ചാര്‍ജ്ഷീറ്റ് കമ്മിറ്റിയില്‍ പ്രാമുഖ്യം എഎപി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയവര്‍ക്കാണ്. എഎപിയുടെ ജലന്ധര്‍ ലോക്സഭ എംപിയായിരുന്ന സുഷില്‍ റിങ്കു, എഎപിക്കായി പഞ്ചാബില്‍ നേരത്തെ തന്ത്രം മെനഞ്ഞിരുന്ന സന്ദീപ് പഥക് എന്നിവര്‍ക്കും നിര്‍ണായക ചുമതല

ആം ആദ്മി പാര്‍ട്ടിയില്‍ വന്‍ പിളര്‍പ്പുണ്ടാക്കി ബിജെപിയിലേക്ക് പോയ രാജ്യസഭ എംപി രാഘവ് ഛദ്ദയ്ക്ക് പഞ്ചാബ് തിരഞ്ഞെടുപ്പില്‍ നിര്‍ണായക റോള്‍ നല്‍കി ബിജെപി. 2027 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രകടന പത്രിക തയാറാക്കാനുള്ള കമ്മിറ്റിയുടെ ചുമതലയാണ് ഛദ്ദയ്ക്കും ഒപ്പം എഎപി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയവര്‍ക്കും നല്‍കിയിരിക്കുന്നത്. ഉന്നത നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരം ബിജെപി സംസ്ഥാന പ്രസിഡന്‍റ് കേവല്‍ സിങ് ധില്ലന്‍ രണ്ട് സംസ്ഥാനതല സമിതികള്‍ക്ക് രൂപം നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്മിറ്റികള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.  2022 ജൂണിലാണ് ബര്‍ണാലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ധില്ലന്‍ ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ മേയ് 28ന് ജാഖാറിനെ മാറ്റിയാണ് ധില്ലനെ ബിജെപി അധ്യക്ഷനായി നിയമിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 117 സീറ്റിലും ബിജെപി മല്‍സരിക്കുമെന്നും ശിരോമണി അകാലിദളുമായുള്ള സഖ്യവും സജീവമാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യമാണ് തിരഞ്ഞെടുപ്പ്.

ബിജെപിയില്‍ എത്തി പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ എംപിയായി മാറും മുന്‍പ് ഡല്‍ഹി എംഎല്‍എ ആയിരുന്നു ഛദ്ദ. പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് കുടിയേറിയതാണ് ഛദ്ദയുടെ കുടുബം. ഭഗവന്ത് മന്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സൂപ്പര്‍ സിഎം എന്ന ആരോപണം നേരത്തെ ഛദ്ദ കേട്ടിരുന്നു. അത്തരത്തില്‍  പഞ്ചാബില്‍ ഛദ്ദയ്ക്കുള്ള സ്വാധീനം പരമാവധി പ്രയോജനപ്പെടുത്താന്‍ കൂടി ബിജെപി ലക്ഷ്യമിടുന്നുണ്ട്. 

പഞ്ചാബിലെ എഎപി സര്‍ക്കാരിനെതിരെ 'കുറ്റപത്രം' തയാറാക്കാനുള്ള ചാര്‍ജ്ഷീറ്റ് കമ്മിറ്റിയില്‍ പ്രാമുഖ്യം എഎപി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയവര്‍ക്കാണ്. എഎപിയുടെ ജലന്ധര്‍ ലോക്സഭ എംപിയായിരുന്ന സുഷില്‍ റിങ്കു, എഎപിക്കായി പഞ്ചാബില്‍ നേരത്തെ തന്ത്രം മെനഞ്ഞിരുന്ന സന്ദീപ് പഥക് എന്നിവര്‍ക്കും നിര്‍ണായക ചുമതലയാണ് കമ്മിറ്റിയിലുള്ളത്. വ്യവസായിയായ രജീന്ദര്‍ ഗുപ്തയും മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങും അശോക് മിത്തലിനും വിക്രംജിതും കമ്മിറ്റിയിലെ പ്രമുഖരാണ്. 

മുന്‍ അധ്യക്ഷനും എംപിയുമായിരുന്ന അവിനാഷ് റായ് ഖന്നയാണ് മാനിഫെസ്റ്റോ കമ്മിറ്റിയുടെ ചെയര്‍മാന്‍. പന്ത്രണ്ട് അംഗങ്ങളാണ് കമ്മിറ്റിയില്‍ ഉള്ളത്. മന്‍പ്രീത് സിങ് ബാദല്‍, അശ്വനി ശര്‍മ, മനോരഞ്ജന്‍ കാലിയ, സോം പ്രകാശ്, റാണ ഗുര്‍മിത് സിങ് സോധി, അശ്വനി ശേഖ്രി, സത്നം സിങ് സന്ധു, രാഘവ് ഛദ്ദ, രജീന്ദര്‍ ഗുപ്ത, ഹര്‍ഭജന്‍ സിഭ്, പരംപാല്‍ കൗര്‍, എച്ച്.എസ്.ഫുല്‍ക്ക എന്നിവരാണ് അംഗങ്ങള്‍.

 മുന്‍ എംപി സുനില്‍ ജാഖാറാണ് ചാര്‍ജ്ഷീറ്റ് കമ്മിറ്റി ചെയര്‍മാന്‍. ഈ കമ്മിറ്റിയില്‍ പതിമൂന്ന് അംഗങ്ങളാണ് ഉള്ളത്. ഇക്ബാല്‍സിങ് ലാല്‍പുര, വിജയ് സാംപ്​ല, ശ്വൈത് മാലിക്, പ്രിണീത് കൗര്‍, രവ്നീത് സിങ് ബിട്ടു, ദിനേഷ് ബാബ്ബു, സുഷില്‍ റിങ്കു, ഗെജ്ജ റാം, വിക്രംജിത് സിങ് സാഹ്നി, അശോക് മിത്തല്‍,സന്ദീപ് പഥക്, എസ്.എസ്. ഛന്നി,ജഗ്മീത് സിങ് ബ്രാര്‍ എന്നിവരാണ് അംഗങ്ങള്‍. 

ENGLISH SUMMARY:

The BJP has assigned a significant role to Rajya Sabha MP Raghav Chadha in its preparations for the 2027 Punjab Assembly elections, aiming to challenge the Aam Aadmi Party (AAP) with former members of the party. Chadha, who recently joined the BJP after a major split in AAP, has been included in the party's 12-member manifesto committee. Several other former AAP leaders, including Sushil Rinku and Sandeep Pathak, have also been given prominent positions in the committee tasked with preparing a chargesheet against the Bhagwant Mann-led Punjab government. The BJP has constituted two state-level committees as part of its strategy to contest all 117 Assembly seats and strengthen its political presence in Punjab.