Image Credit: X

  • 'സമൂഹിക–രാഷ്ട്രീയ മര്യാദകളുടെ പേരിലാണ് മുഖ്യമന്ത്രിക്കൊപ്പം ഇരുന്ന് ചായ കുടിച്ചത്. ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ താനെത്തിയപ്പോള്‍ അദ്ദേഹവും എത്തിയിരുന്നു. മറ്റുള്ളവരോട് നന്നായി പെരുമാറുന്നതാണ് ബിഹാറിന്‍റെ സംസ്കാരം'

ബിഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുമായുള്ള കൂടിക്കാഴ്ചയും ചായകുടിയും വൈറലായതിന് പിന്നാലെ നിലപാട് വിശദീകരിച്ച് ജന്‍ സുരാജ് പാര്‍ട്ടി അധ്യക്ഷനും രാഷ്ട്രീയതന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. പൊതുചടങ്ങിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. മുഖ്യമന്ത്രിയെ കണ്ടതും പ്രശാന്ത് കിഷോര്‍ ഹസ്തദാനം ചെയ്തതും ഒന്നിച്ച് ചായസല്‍ക്കാരത്തില്‍ പങ്കെടുത്തതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത നീങ്ങിയോ എന്നും ബിജെപിയിലേക്ക് ചായുകയാണോ എന്നും പ്രശാന്ത് കിഷോറിനോട് ചോദ്യം ഉയര്‍ന്നു. എന്നാല്‍ സമ്രാട്ട് ചൗധരിയെ കുറിച്ചുള്ള തന്‍റെ നിലപാടില്‍ മാറ്റമില്ലെന്നായിരുന്നു പ്രശാന്ത് കിഷോറിന്‍റെ മറുപടി. സമ്രാട്ട് ചൗധരിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തതില്‍ ഉറച്ച് നിന്ന പ്രശാന്ത്, മുഖ്യമന്ത്രിയെ ക്രിമിനല്‍ എന്നും വിശേഷിപ്പിച്ചു. ഇനിയും മുഖ്യമന്ത്രിയെ കാണേണ്ട അവസരങ്ങള്‍ ഉണ്ടായാല്‍ കാണുമെന്നും അത്തരം കൂടിക്കാഴ്ചകള്‍ കൊണ്ട് ഏഴാംക്ലാസ് തോറ്റ മുഖ്യമന്ത്രി പിഎച്ച്ഡി ബിരുദധാരിയായി മാറുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്തരിച്ച ബിജെപി നേതാവ് ആര്‍.കെ.സിന്‍ഹയുടെ പട്നയിലെ വസതിയില്‍ വ്യാഴാഴ്ച നടന്ന പ്രാര്‍ഥന ചടങ്ങിലാണ് ബിഹാര്‍ മുഖ്യമന്ത്രിയും പ്രശാന്ത് കിഷോറും ഒന്നിച്ച് പങ്കെടുത്തത്.  രാജ്യസഭാ  മുന്‍എംപിയായിരുന്ന സിന്‍ഹ കഴിഞ്ഞ മാസം മുപ്പതിനാണ് അന്തരിച്ചത്.

'സമൂഹിക–രാഷ്ട്രീയ മര്യാദകളുടെ പേരിലാണ് മുഖ്യമന്ത്രിക്കൊപ്പം ഇരുന്ന് ചായ കുടിച്ചത്. ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ താനെത്തിയപ്പോള്‍ അദ്ദേഹവും എത്തിയിരുന്നു. മറ്റുള്ളവരോട് നന്നായി പെരുമാറുന്നതാണ് ബിഹാറിന്‍റെ സംസ്കാരം. ഞാന്‍ അദ്ദേഹത്തെ ക്രിമിനല്‍ എന്ന് മുന്‍പ് വിളിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം ആ വിളി സന്യാസിയെന്നാക്കി മാറ്റിയിട്ടില്ല. അത്തരം തെറ്റിദ്ധാരണയൊന്നും ആര്‍ക്കും വേണ്ട. ജനാധിപത്യപരമായ പോരാട്ടവും മല്‍സരവും തീര്‍ത്തും വ്യത്യസ്തമായ ഒന്നാണ്. നിതീഷ് കുമാറിനൊപ്പം ഞാന്‍ പ്രവര്‍ത്തിക്കുകയും അദ്ദേഹത്തിനെതിരായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് നിതീഷ് കുമാറിനോടോ, ലാലു  പ്രസാദ് യാദവിനോടോ മറ്റാരോടുമോ വ്യക്തിപരമായ വിദ്വേഷമില്ല. ബിഹാറിന്‍റെ ഉന്നമനത്തിന് വേണ്ടിയാണ് പോരാട്ടം. വ്യക്തികള്‍ക്കോ, ജാതികള്‍ക്കോ, സമുദായങ്ങള്‍ക്കോ, രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ എതിരെയല്ല.

'സമ്രാട്ട് ചൗധരി പത്താംക്ലാസ് വരെ പോലും പഠിച്ചിട്ടില്ല, പക്ഷേ അദ്ദേഹം ഓണററി ഡോക്​ടറേറ്റ് ലഭിച്ചതായി അവകാശപ്പെടുന്നു'ണ്ടെന്നും മുഖ്യമന്ത്രിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നതും പ്രശാന്ത് കിഷോര്‍ ആവര്‍ത്തിച്ചു. 2025 ലെ ബിഹാര്‍ അസംബ്ലി തിരഞ്ഞെടുപ്പിന്‍റെ സമയത്താണ് സമ്രാട്ട് ചൗധരി ഏഴാം ക്ലാസ് തോറ്റയാളാണെന്ന് പ്രശാന്ത് കിഷോര്‍ പരിഹസിച്ചത്. അങ്ങനെയൊരാള്‍ക്ക് എങ്ങനെ ഒരു സംസ്ഥാനത്തെ നന്നായി ഭരിക്കാന്‍ കഴിയുമെന്ന ചോദ്യവും പ്രശാന്ത് കിഷോര്‍ ചോദ്യമുയര്‍ത്തിയിരുന്നു.

1995ല്‍ താരാപുറില്‍ എട്ടുപേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സമ്രാട്ട് ചൗധരിക്ക് ബന്ധമുണ്ടെന്നതാണ് ക്രിമിനല്‍ പശ്ചാത്തലമെന്ന ആരോപണം കൊണ്ട് പ്രശാന്ത് കിഷോര്‍ ലക്ഷ്യമിടുന്നത്. 2025 ഏപ്രില്‍ 15നാണ് പ്രശാന്ത് കിഷോര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയായ ശേഷം ഇതുവരെയും പ്രശാന്ത് കിഷോറിന്‍റെ ആക്ഷേപങ്ങളോട് സമ്രാട്ട് ചൗധരി പ്രതികരിച്ചിട്ടില്ല.

ENGLISH SUMMARY:

Jan Suraaj Party founder Prashant Kishor has clarified that his political differences with Bihar Chief Minister Samrat Choudhary remain unchanged despite their viral meeting and sharing of tea at a public event in Patna. Kishor said the interaction was merely a matter of social courtesy and insisted that having tea together would not change his opinion of the Chief Minister or turn their political differences into an alliance. He reiterated his allegations questioning Choudhary's educational qualifications and alleged criminal background, adding that social interactions should not be confused with political support. Kishor maintained that his political fight is focused on Bihar's development rather than personal hostility towards individuals or political parties.