Image: Reuters
ഇറാനെതിരെ ട്രംപ് ഭരണകൂടം സാമ്പത്തിക ഉപരോധം ശക്തമാക്കിയ സാഹചര്യത്തിൽ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ബിഷ്‌കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും തമ്മിൽ കൂടിക്കാഴ്ച നടത്തി ദിവസങ്ങൾക്കുള്ളിലാണ് റൂബിയോയുടെ പരാമര്‍ശം.
Also Read: സഹായമല്ല, ദുരന്തത്തിന് ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് നേപ്പാള്‍
ടെഹ്‌റാനുമേൽ യു.എസ് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ സഹായിക്കുകയോ ധനസമാഹരണത്തിന് വഴിയൊരുക്കുകയോ ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് റൂബിയോ മുന്നറിയിപ്പ് നല്‍കുന്നത്. ദ ബ്രയാൻ കിൽമീഡ് ഷോയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം ഇന്ത്യയും ഇറാനും തമ്മില്‍ പുതിയ വ്യാപാര കരാറുകളൊന്നുമില്ലെന്നാണ് കരുതുന്നതെന്നും റൂബിയോ പറഞ്ഞു. രാജ്യങ്ങൾക്ക് സ്വന്തം വിദേശനയം രൂപീകരിക്കാൻ അവകാശമുണ്ടെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും ഉപരോധം ലംഘിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ പാടില്ലെന്നും റൂബിയോ വ്യക്തമാക്കുന്നു.
ഭീകരവാദ പ്രവർത്തനങ്ങൾക്കും ആണവായുധ നിർമ്മാണത്തിനും പണം കണ്ടെത്താൻ ഇറാനെ സഹായിക്കുന്നവർക്കെതിരെ യു.എസ് ഉപരോധം ഏർപ്പെടുത്തേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മോദി–മസൂദ് പെസെഷ്കിയാന്‍ ചര്‍ച്ചയെ ഉന്നമിട്ടാണ് റൂബിയോയുടെ വാക്കുകളെന്നാണ് വിലയിരുത്തപ്പെട്ടത്. ബിഷ്‌കെക്കിൽ നടന്ന ഉച്ചകോടിക്കിടെയാണ് മോദിയും പെസെഷ്കിയാനും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടത്തിയത്. ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കുന്നതിനൊപ്പം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ, ചരക്കുകപ്പലുകളുടെയും നാവികരുടെയും സുരക്ഷ എന്നിവയും ചർച്ചയായി.
അതേസമയം മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ഇന്ത്യ തങ്ങളുടെ നയതന്ത്ര സ്വാധീനം ഉപയോഗിക്കണമെന്ന് പെസെഷ്കിയാൻ ആവശ്യപ്പെട്ടു. ചർച്ചകൾക്ക് പകരം യു.എസ് യുദ്ധത്തിന്റെ വഴി തിരഞ്ഞെടുക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ഇറാൻ, അമേരിക്കൻ ഉപരോധങ്ങൾ അതിജീവിക്കാൻ രാജ്യത്തിന് ശേഷിയുണ്ടെന്നും വ്യക്തമാക്കി.