ഇറാനിൽ വിവാഹാഘോഷം നടക്കുകയായിരുന്ന വീടിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ കുട്ടിയടക്കം നാല് പേർ കൊല്ലപ്പെടുകയും അൻപതോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ അമേരിക്കയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കൻ സേനയ്ക്കായി തങ്ങളുടെ പക്കൽ ‘മറക്കാനാവാത്ത ചില പാഠങ്ങൾ’ കാത്തിരിക്കുന്നുണ്ടെന്ന് ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമനയി പറഞ്ഞു.

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അധിനിവേശ ശക്തികൾക്ക് കടുത്ത ശിക്ഷ ഉറപ്പാണെന്നും പുതിയ അക്രമങ്ങളിൽ വാഷിങ്ടൺ ഖേദിക്കേണ്ടി വരുമെന്നും ഐ.ആർ.ജി.സി വക്താവ് ഹൊസൈൻ മൊഹെബിയും മുന്നറിയിപ്പ് നൽകി.

ALSO READ: ഇറാനിലെ കല്യാണവീടിനു നേരെയും യുഎസ് ആക്രമണം; ഇനിയൊന്നും നോക്കാനില്ലെന്ന് ടെഹ്റാന്‍

ഹോർമുസില്‍ ചരക്ക് കപ്പലുകൾക്ക് നേരെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആക്രമണത്തിന് മുതിർന്നെന്നാരോപിച്ചാണ് യു.എസ് സെൻട്രൽ കമാൻഡ് ടെഹ്‌റാനിലും പരിസര പ്രദേശങ്ങളിലും വ്യാപക വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ മിസൈലുകളും റോക്കറ്റ് അവശിഷ്ടങ്ങളും തെക്കൻ ഇറാനിലെ സിറികിലെ വിവാഹാഘോഷം നടക്കുകയായിരുന്ന വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച്ച ഇരുപക്ഷവും തമ്മില്‍ വെടിവെയ്പ്പ് നടന്നതിന് പിന്നാലെയാണ് പുതിയ ആക്രമണങ്ങള്‍.

ഇറാന്റെ തെക്കൻ തീരദേശ മേഖലകളായ ബന്ദർ അബ്ബാസ്, ഖെഷ്ം ദ്വീപ്, സിരിക്, ജിറോഫ്റ്റ് സിവിൽ വിമാനത്താവളം എന്നിവയ്ക്ക് സമീപം സ്ഫോടനങ്ങളുണ്ടായതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേഖലയിൽ വീണ്ടും യു.എസ്- ഇറാൻ വ്യോമാക്രമണങ്ങൾ ശക്തമായതോടെ ഗൾഫ് മേഖലയിൽ കടുത്ത ആശങ്കയും സംഘർഷാവസ്ഥയും നിലനിൽക്കുകയാണ്.

ENGLISH SUMMARY:

A deadly US air strike struck a residential house hosting a wedding ceremony in Sirik, southern Iran, killing four people including a child and injuring nearly fifty others. In response to the attack, Iran's Supreme Leader Mojtaba Khamenei issued a stern warning, stating that unforgettable lessons await the US military. Local media reported that Iran swiftly launched retaliatory strikes targeting US military bases in Bahrain, Kuwait, and Jordan following the incident. The sudden escalation between Washington and Tehran has sent shockwaves across the Gulf region, raising severe concerns over potential wider conflict.