Vessels near the Strait of Hormuz, as seen from Musandam, Oman, August 31, 2026. REUTERS/Stringer

ഇന്ത്യന്‍ മഹാസമുദ്രത്തിലും ഹോര്‍മുസ് കടലിടുക്കിലുമായി രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആക്രമണം സൈനിക ആക്രമണമെന്ന് ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷന്‍സിന്റെ സ്ഥിരീകരണം. ഹോര്‍മുസ് കടലിടുക്കിലൂടെ പുറത്തെത്തിയ എണ്ണ ടാങ്കറും ആക്രമിക്കപ്പെട്ടു. ഒമാനിലെ ഖസബ് തീരത്തുനിന്ന് തീരത്തുനിന്ന് 17 നോട്ടിക്കല്‍മൈല്‍ കിഴക്കുവച്ചായിരുന്നു രണ്ടാമത്തെ ആക്രമണം. ആരാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, ഹോർമൂസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണത്തിലുള്ള ലാറക് ദ്വീപിൽ അമേരിക്ക മിന്നലാക്രമണം നടത്തി. ഹോര്‍മൂസില്‍ മൈനുകൾ നിക്ഷേപിക്കാൻ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് നീക്കം നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് വ്യോമാക്രമണം നടത്തിയതെന്നാണ് അമേരിക്കയുടെ വിശദീകരണം. ആക്രമണത്തിന് പിന്നാലെ ജോർദാനിലെ യുഎസ് സൈനിക താവളങ്ങളായ കിങ് ഹുസൈൻ, അൽ അസ്രഖ് എന്നിവയ്ക്ക് നേരെയും യുഎഇയിലെ അൽ മിൻഹാദ് താവളത്തിന് നേരെയും ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും അയച്ചു. ജൂലൈ 29-ന് ശേഷമുള്ള ആദ്യ അമേരിക്കൻ സൈനിക ആക്രമണമാണിത്.

അതിനിടെ, ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തങ്ങളെ ആക്രമിക്കാന്‍ യുഎസിനെ അനുവദിക്കരുതെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്. ഇറാന്‍ പരാജയപ്പെട്ട രാജ്യമാണെന്നും അതിനര്‍ഥം വീണ്ടും ആക്രമിക്കില്ല എന്നല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യുഎസ്– ഇറാന്‍ സംഘർഷം വീണ്ടും രൂക്ഷമായതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വർധിക്കാൻ തുടങ്ങിയിട്ടുണ്ട്.

ENGLISH SUMMARY:

Two commercial vessels faced attacks in the Indian Ocean and the Strait of Hormuz, escalating regional maritime tensions. In response, the United States launched airstrikes on Larak Island to counter alleged Iranian mine-laying activities. Iran subsequently targeted several US military bases in Jordan and the UAE with ballistic missiles and drones. This renewed military escalation between Washington and Tehran has already begun triggering a sharp rise in global crude oil prices.