• കുറച്ച് എല്‍ഡിഎഫ് വോട്ടുകള്‍ ടി.കെ.ഗോവിന്ദന് പോയിട്ടുണ്ട്. കുറച്ച് പേരെങ്കിലും തെറ്റായ നിലപാടെടുത്തു. അവര്‍ ആത്മപരിശോധന നടത്തണമെന്നും തിരുത്തണമെന്നും പിണറായി വിജയന്‍

ടി.കെ. ഗോവിന്ദന്‍ അവസരവാദിയും വര്‍ഗവഞ്ചകനുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വഞ്ചകര്‍ പാര്‍ട്ടിക്ക് പോറലേല്‍പിക്കാന്‍ മാത്രം വളരില്ല, അവര്‍ പിന്നോട്ട് പോകുന്നതാണ് ചരിത്രം. കുറച്ച് എല്‍ഡിഎഫ് വോട്ടുകള്‍ ടി.കെ.ഗോവിന്ദന് പോയിട്ടുണ്ട്. കുറച്ച് പേരെങ്കിലും തെറ്റായ നിലപാടെടുത്തു. അവര്‍ ആത്മപരിശോധന നടത്തണമെന്നും തിരുത്തണമെന്നും പിണറായി വിജയന്‍ പറഞ്ഞു. 

 

അതേസമയം, കെ.കെ. രാഗേഷ് പറയുന്നത് കുട്ടികളുടെ ചേഷ്ടയെന്ന് ടി.കെ. ഗോവിന്ദന്‍.  താന്‍ പാര്‍ട്ടി കോണ്‍ഗ്രസിന് പോകുമ്പോള്‍ രാഗേഷ് ജനിച്ചിട്ടില്ല. വര്‍ഗശത്രു എന്ന വിളി ആദ്യം കേട്ടത് ഇഎംഎസും എകെജിയുമാണ്. സിപിഎം രൂപീകരിച്ചപ്പോഴാണ് ആവര്‍ ആ വിളി കേട്ടത്. ടിപിയെ ഇല്ലാതാക്കിയപോലെ തങ്ങളേയും ഇല്ലാതാക്കിയേക്കാമെന്നും ടി.കെ. ഗോവിന്ദന്‍ പറഞ്ഞു. 

 

തളിപ്പറമ്പില്‍ തെറ്റായ നിലപാട് സ്വീകരിച്ച അണികള്‍ ആത്മപരിശോധന നടത്തണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുറേക്കൂടി അവധാനത വേണ്ടിയിരുന്നുവെന്ന് ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും പ്രതികരിച്ചു. തളിപ്പറമ്പിലെ സ്ഥാനാര്‍ഥിയെ സിപിഎം അടിച്ചേല്‍പ്പിച്ചതിന്‍റെ ഫലമാണ് കണ്ടതെന്നും ഭീഷണി വിലപ്പോവില്ലെന്നും ടി.കെ.ഗോവിന്ദന്‍ എംഎല്‍എ മറുപടി നല്‍കി. 

 

തളിപ്പറമ്പിലെ തോൽവിയിൽ ഇന്നലെ അണികളെ രൂക്ഷമായ ഭാഷയിൽ കുറ്റപ്പെടുത്തിയ പിണറായി വിജയന്‍  ഇന്ന് അല്‍പം അയഞ്ഞു. കുറച്ചുപേരെങ്കിലും തെറ്റായ നിലപാട് മണ്ഡലത്തില്‍ സ്വീകരിച്ചു. ഇവർ  ആത്മപരിശോധന നടത്തണം. പാർട്ടിയെ ദുർബലപ്പെടുത്താൻ മനസ്സിൽ വിചാരിച്ചിട്ടുണ്ടാകില്ല.   പാർട്ടിയെ ഇനി ശക്തിപ്പെടുത്താന്‍ ശ്രമിക്കണമെന്നും തളിപ്പറമ്പിലെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. തളിപ്പറമ്പിൽ സ്ഥാനാർഥി നിർണയം പാളി എന്ന പ്രസ്താവന സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും മയപ്പെടുത്തി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുറേക്കൂടി അവധാനത വേണ്ടിയിരുന്നുവെന്നാണ് നിലപാട്.

 

ഓരോ ആക്ഷേപങ്ങള്‍ക്കും കോഴിക്കോട് മാവൂരില്‍ അക്കമിട്ട് മറുപടി പറഞ്ഞ ടി.കെ. ഗോവിന്ദന്‍ സിപിഎം തെറ്റുതിരുത്തുമെന്ന് കരുതുന്നില്ലെന്ന് തുറന്നടിച്ചു. തളിപ്പറമ്പില്‍ ബ്രാഞ്ച് മുതല്‍ എതിര്‍പ്പുയര്‍ന്നിട്ടും സ്ഥാനാര്‍ഥിയെ മാറ്റാന്‍ തയ്യാറായില്ല. തന്നെ കണ്ടോളാം എന്ന കെ.കെ.രാഗേഷിന്‍റെ  ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ല. ഏരിയ സെക്രട്ടറി ആയിരുന്നപ്പോള്‍ രാഗേഷ് ജനിച്ചിട്ടില്ലെന്നും പാര്‍ട്ടി ഭരണഘടന പഠിക്കണമെന്നും ടി.കെ. ഗോവിന്ദന്‍ പറഞ്ഞു. 

 

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാഗേഷിനെ ഒഴിവാക്കിയതെന്തിനാണെന്ന് തനിക്കറിയാമെങ്കിലും ഇപ്പോള്‍ പറയുന്നില്ല. ഭീഷണി തുടര്‍ന്നാല്‍ എല്ലാം തുറന്നു പറയേണ്ടി വരുമെന്നും ടി.കെ.ഗോവിന്ദന്‍ മുന്നറിയിപ്പ് നല്‍കി. 

ENGLISH SUMMARY:

Opposition Leader Pinarayi Vijayan described T.K. Govindan as an opportunist and a class traitor. He said history shows that traitors do not grow merely to damage the party but eventually move backwards. Some LDF votes had gone to T.K. Govindan, and at least a few people had taken an incorrect stand. Pinarayi said they should introspect and correct themselves. Meanwhile, T.K. Govindan dismissed K.K. Ragesh’s remarks as “children’s antics.” He said Ragesh had not even been born when Govindan used to attend party congresses. Govindan added that EMS and AKG were among the first to hear the term “class enemy” after the formation of the CPI(M). He also said that, just as T.P. Chandrasekharan was eliminated, they too could potentially be targeted.