Argentina's forward #10 Lionel Messi kisses the World Cup trophy after receiving the Golden Ball award during the Qatar 2022 World Cup trophy ceremony after the football final match between Argentina and France at Lusail Stadium in Lusail, north of Doha on December 18, 2022. (Photo by FRANCK FIFE / AFP)

  • മെസ്സിയുടെ ലോകം ചെറുപ്പം മുതലേ ഫുട്ബോളായിരുന്നു. നാലാം വയസ്സിൽ റൊസാരിയോയിലെ ലോക്കൽ ക്ലബ്ബായ ഗ്രാൻഡോളിയിൽ ചേർന്നതോടെ പന്തിനൊപ്പമുള്ള ആ യാത്ര ആരംഭിച്ചു. പന്തുമായി അതിവേഗം കുതിച്ചിരുന്ന ആ കുഞ്ഞുശരീരം അന്നുതന്നെ നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ആറാം വയസ്സിൽ ന്യൂവെൽസ് ഓൾഡ് ബോയ്സിലെത്തിയതോടെ മെസ്സിയുടെ പ്രതിഭ കൂടുതൽ വ്യക്തമായി.

അർജന്റീനയിലെ റൊസാരിയോ. ക്യൂബൻ വിപ്ലവകാരി ചെ ഗുവേരയുടെ ജന്മനാട് കൂടിയായ ഈ നഗരത്തിലാണ് 1987 ജൂൺ 24ന് ലയണൽ ആന്ദ്രെയാസ് മെസ്സി ജനിച്ചത്. സ്റ്റീൽ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഹോർഹെ മെസ്സിയുടെയും കാന്തനിർമാണശാലയിലെ ജീവനക്കാരിയായ സീലിയയുടെയും നാല് മക്കളിൽ മൂന്നാമനായിരുന്നു ലയണൽ.

മെസ്സിയുടെ ലോകം ചെറുപ്പം മുതലേ ഫുട്ബോളായിരുന്നു. നാലാം വയസ്സിൽ റൊസാരിയോയിലെ ലോക്കൽ ക്ലബ്ബായ ഗ്രാൻഡോളിയിൽ ചേർന്നതോടെ പന്തിനൊപ്പമുള്ള ആ യാത്ര ആരംഭിച്ചു. പന്തുമായി അതിവേഗം കുതിച്ചിരുന്ന ആ കുഞ്ഞുശരീരം അന്നുതന്നെ നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ആറാം വയസ്സിൽ ന്യൂവെൽസ് ഓൾഡ് ബോയ്സിലെത്തിയതോടെ മെസ്സിയുടെ പ്രതിഭ കൂടുതൽ വ്യക്തമായി. Also Read: ‘ഞാൻ എന്നെ പൂർണമായി സമർപ്പിച്ചു; ഇനി നല്‍കാന്‍ ഒന്നുമില്ല’; വിരമിക്കൽ പ്രഖ്യാപിച്ച് മെസി


റൊസാരിയോയിലെ ഫുട്ബോൾ ക്ലബ്ബുകളിലേക്കുള്ള യാത്രകളിൽ മെസ്സിയുടെ കൈപിടിച്ചത് മുത്തശ്ശി സെലിയ ഒലീവേറയായിരുന്നു. കൊച്ചുമകന് കളിക്കാൻ ആദ്യമായി ബൂട്ട് വാങ്ങിക്കൊടുത്തതും മുത്തശ്ശി തന്നെ. പിന്നീട് ലോകത്തിന്റെ ഏറ്റവും വലിയ വേദികളിൽ ഗോളുകൾ നേടിയപ്പോഴെല്ലാം മെസ്സി ആകാശത്തേക്ക് വിരൽ ചൂണ്ടി മുത്തശ്ശിയെ ഓർത്തു.

Argentina's forward #10 Lionel Messi gestures during the 2026 FIFA World Cup South American qualifiers football match between Argentina and Bolivia at the Mas Monumental stadium in Buenos Aires on October 15, 2024. (Photo by JUAN MABROMATA / AFP)

ബാഴ്സലോണയിലേക്കുള്ള യാത്ര

മെസ്സിക്ക് പത്താം വയസ്സിൽ വളർച്ചാ ഹോർമോണുകളുടെ കുറവുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. പ്രായത്തിനനുസരിച്ചുള്ള വളർച്ച ഇല്ലാതിരുന്നതിന് പുറമെ ഹോർമോൺ തകരാർ മൂലം അസ്ഥിവളർച്ചയെയും ബാധിക്കുന്ന സാഹചര്യമുണ്ടായിരുന്നു. കുടുംബത്തെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയായിരുന്നു ഇത്.

Argentina's forward #10 Lionel Messi celebrates scoring his team's first goal during the 2026 World Cup Group J football match between Argentina and Algeria at the Kansas City Stadium in Kansas City on June 16, 2026. (Photo by Roberto SCHMIDT / AFP)

ചെലവേറിയ ഹോർമോൺ ചികിത്സയ്ക്കുള്ള സാമ്പത്തികശേഷി കുടുംബത്തിനുണ്ടായിരുന്നില്ല. അപ്പോഴാണ് റൊസാരിയോയിലെ ആ അത്ഭുതബാലന്റെ കഥ സ്പെയിനിലെത്തിയത്. പ്രമുഖ ക്ലബ്ബായ ബാഴ്സലോണയുടെ ഫുട്ബോൾ അക്കാദമിയായ ലാ മാസിയ മെസ്സിയെ ക്ഷണിച്ചു.

2000 സെപ്റ്റംബറിൽ 13-ാം വയസ്സിൽ പിതാവ് ഹോർഹെയ്ക്കൊപ്പം മെസ്സി സ്പെയിനിലേക്ക് പറന്നു. ചികിത്സയും വിദ്യാഭ്യാസവും ഫുട്ബോൾ പരിശീലനവും ഉറപ്പാക്കാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബത്തിന്റെ ആ തീരുമാനം.

എന്നാൽ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. പഴയ ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്സിൽ നിന്നുള്ള ട്രാൻസ്ഫർ നടപടികളിലെ തടസ്സങ്ങളും ഇടയ്ക്കിടെയുണ്ടായ പരുക്കുകളും മെസ്സിയുടെ മത്സരാവസരങ്ങളെ ബാധിച്ചു. സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായതോടെ കുടുംബം മെസ്സിയെയും കൂട്ടി അർജന്റീനയിലേക്ക് മടങ്ങി.

റൊസാരിയോയിൽ തുടരണമോ, ബാഴ്സലോണയിലേക്ക് മടങ്ങണമോ എന്ന ചോദ്യത്തിന് 14-ാം വയസ്സുകാരനായ മെസ്സിക്ക് പക്ഷേ സംശയമുണ്ടായിരുന്നില്ല. ബാഴ്സലോണയിലേക്ക് മടങ്ങണം.

ആ തീരുമാനത്തോടെ കുടുംബം രണ്ടായി. അമ്മ സീലിയയും മൂന്ന് സഹോദരങ്ങളും റൊസാരിയോയിൽ തുടർന്നു. പിതാവ് ഹോർഹെയും മെസ്സിയും ബാഴ്സലോണയിൽ.

‘ലാ പുൾഗ അറ്റോമിക്ക’—അറ്റോമിക് ഫ്ലീ എന്നർഥം വരുന്ന ഈ വിളിപ്പേര് മെസ്സിയുടെ കളിശൈലിക്ക് ഏറ്റവും യോജിച്ചതായിരുന്നു. അതിവേഗ ചലനങ്ങളും പന്തിന്മേലുള്ള അസാധാരണ നിയന്ത്രണവും കൊണ്ട് ബാഴ്സലോണയുടെ യൂത്ത് അക്കാദമികളിലൂടെ മെസ്സി അതിവേഗം വളർന്നു.

2004 ഒക്ടോബർ 16ന്, വെറും 17-ാം വയസ്സിൽ ബാഴ്സലോണയുടെ സീനിയർ ടീമിൽ അരങ്ങേറ്റം. എതിരാളികൾ എസ്പാന്യോൾ. അധികം വൈകാതെ ലോകം ആ കുഞ്ഞൻ താരത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞു.

2005 മേയ് 1ന് ആൽബസെറ്റയ്ക്കെതിരെയാണ് ബാഴ്സലോണയ്ക്കായി മെസ്സി തന്റെ ആദ്യ ഗോൾ നേടിയത്. റൊണാൾഡീഞ്ഞോയുടെ അസിസ്റ്റിൽ ഗോളിക്കു മുകളിലൂടെ മനോഹരമായി പന്ത് ചിപ്പ് ചെയ്ത് നേടിയ ആ ഗോൾ ഒരു പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു.

പിന്നീട് സംഭവിച്ചത് ചരിത്രം

ബാഴ്സലോണ വളർന്നത് മെസ്സിയിലൂടെയും മെസ്സി വളർന്നത് ബാഴ്സലോണയിലൂടെയുമായിരുന്നു. ഫുട്ബോൾ ലോകം മെസ്സിയെ ഇതിഹാസം ഡീഗോ മറഡോണയുമായി താരതമ്യം ചെയ്യാൻ തുടങ്ങി. ഒരു പുതിയ ഫുട്ബോൾ ഇതിഹാസം പിറവിയെടുക്കുകയായിരുന്നു.

ഗാർഡിയോളയും ടിക്കി-ടാക്കയുടെ കാലവും

2008 മുതൽ 2012 വരെയുള്ള പെപ് ഗാർഡിയോളയുടെ കാലഘട്ടം മെസ്സിയുടെ കരിയറിലെ നിർണായക അധ്യായങ്ങളിലൊന്നായിരുന്നു. അതിവേഗ പാസിങ്ങും പന്തിന്റെ നിയന്ത്രണവും കൃത്യമായ നീക്കങ്ങളും ചേർന്ന ബാഴ്സലോണയുടെ ടിക്കി-ടാക്ക ഫുട്ബോളിന്റെ കേന്ദ്രബിന്ദുവായി മെസ്സി മാറി.

2009ൽ ലാ ലിഗ, ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ ആറ് കിരീടങ്ങളാണ് ബാഴ്സലോണ സ്വന്തമാക്കിയത്. ആ വിജയങ്ങളുടെ മുൻനിരയിൽ മെസ്സിയുണ്ടായിരുന്നു.

2009 മുതൽ 2012 വരെ തുടർച്ചയായി നാല് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ സ്വന്തമാക്കിയതോടെ മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന പദവി കൂടുതൽ ഉറപ്പിച്ചു.

2021ൽ ബാഴ്സലോണയുമായുള്ള ദീർഘകാല ബന്ധത്തിന് വിരാമമിട്ട് മെസ്സി ക്ലബ് വിട്ടു. ബാഴ്സലോണയ്ക്കായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്നതടക്കം നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയാണ് അദ്ദേഹം പടിയിറങ്ങിയത്.

തുടർന്ന് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലെത്തിയ മെസ്സി 2023ൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് മാറി. ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ പ്രധാന ട്രോഫിയായ ലീഗ്സ് കപ്പ് സ്വന്തമാക്കുന്നതിലും മെസ്സിയുടെ സാന്നിധ്യം നിർണായകമായി.

കാത്തിരുന്ന ലോകകപ്പ്

ക്ലബ് ഫുട്ബോളിൽ നേടാനുള്ളതെല്ലാം സ്വന്തമാക്കിയിട്ടും മെസ്സിയുടെ കരിയറിൽ ഒരു വലിയ ശൂന്യത ബാക്കിനിന്നിരുന്നു—അർജന്റീനയ്ക്കായി ലോകകപ്പ് നേടുക. 2006 ജർമനി ലോകകപ്പിലായിരുന്നു മെസ്സിയുടെ ലോകകപ്പ് അരങ്ങേറ്റം. സെർബിയ ആൻഡ് മോണ്ടിനെഗ്രോയ്ക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ 75-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മെസ്സി 88-ാം മിനിറ്റിൽ ലോകകപ്പിലെ തന്റെ ആദ്യ ഗോൾ നേടി.

ലോകകപ്പ് വേദിയിൽ അത്ര വേഗം ഗോൾ കണ്ടെത്തിയ ആ കൗമാരക്കാരന് പക്ഷേ കിരീടത്തിനായി ഇനിയും നീണ്ട 16 വർഷം കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ 2022ൽ ഖത്തറിൽ ആ കാത്തിരിപ്പ് അവസാനിച്ചു. റൊസാരിയോയിലെ തെരുവുകളിൽ മുത്തശ്ശിയുടെ കൈപിടിച്ച് ഫുട്ബോൾ സ്വപ്നം കണ്ട ആ കുഞ്ഞ്, ലോക ഫുട്ബോളിന്റെ നെറുകയിൽ നിൽക്കുന്ന ഇതിഹാസമായി മാറിയിരുന്നു.

ENGLISH SUMMARY:

Lionel Messi’s journey from Rosario to becoming one of football’s greatest-ever legends is a story of talent, sacrifice, family and perseverance. From his childhood at Grandoli and Newell’s Old Boys to overcoming a growth hormone deficiency and moving to Barcelona at 13, Messi went on to redefine football with Barcelona, win four consecutive Ballon d’Or awards, and eventually achieve his greatest dream by lifting the 2022 FIFA World Cup with Argentina.