ലയണല്‍ മെസി
ഫുട്ബോൾ ലോകത്തെ ഒരു യുഗത്തിന് വിരാമം. ഇതിഹാസ താരം ലയണൽ മെസ്സി അർജന്റീന ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 39-ാം വയസ്സിലാണ് ലോകഫുട്ബോളിലെ ഏറ്റവും വലിയ താരങ്ങളിലൊരാൾ ദേശീയ ജഴ്സിയോട് വിടപറയുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് മെസ്സി തന്റെ തീരുമാനം ആരാധകരെ അറിയിച്ചത്.
ഏറെ വേദനയോടെയാണ് തീരുമാനമെടുത്തതെന്ന് മെസ്സി കുറിപ്പിൽ വ്യക്തമാക്കി. അർജന്റീനയ്ക്കായി തനിക്ക് കഴിയുന്നതെല്ലാം നൽകിയെന്നും ഇനി നൽകാൻ ഒന്നുമില്ലെന്നുമാണ് താരത്തിന്റെ വൈകാരിക പ്രതികരണം. ദേശീയ ടീമിനായി കളിച്ചതിന്റെ അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്നും മെസ്സി പറഞ്ഞു. ഞാൻ എന്നെ പൂർണമായി സമർപ്പിച്ചു. ഇനി എനിക്ക് നൽകാൻ ഒന്നുമില്ല എന്ന വികാരമാണ് മെസ്സിയുടെ വിടവാങ്ങൽ കുറിപ്പിൽ നിറഞ്ഞുനിന്നത്. വരും തലമുറയിലെ മികച്ച താരങ്ങൾക്ക് അവസരം നൽകേണ്ട സമയമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. ദേശീയ ടീമിനായി കഴിഞ്ഞ 20 വർഷം നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ആരാധകർക്ക് മെസ്സി നന്ദി പറഞ്ഞു.
ക്യൂബൻ വിപ്ലവകാരി ചെ ഗവാരയുടെ ജന്മനാടു കൂടിയായ റൊസാരിയോ പട്ടണത്തിൽ 1987 ജൂൺ 24ന് ആയിരുന്നു ലയണൽ ആന്ദ്രെയാസ് മെസ്സിയുടെ ജനനം. സ്റ്റീൽ ഫാക്ടറി ജീവനക്കാരനായ ഹോർഹെ മെസ്സിയുടെയും കാന്തനിർമാണശാലയിലെ ജോലിക്കാരി സീലിയയുടെയും 4 മക്കളിൽ മൂന്നാമനായിരുന്നു മെസ്സി. ഫുട്ബോൾ ആയിരുന്നു അവന്റെ ലോകം. ലോക്കൽ ക്ലബ്ബായ ഗ്രാൻഡോളിയിൽ നാലാം വയസ്സിൽ അംഗമായി. പന്തുമായി കുതിക്കുന്ന കുഞ്ഞുശരീരം അന്നു തന്നെ നാട്ടുകാരുടെ ശ്രദ്ധ കവർന്നു. 6–ാം വയസ്സിൽ ന്യൂവെൽസ് ഓൾഡ് ബോയ്സ് ക്ലബ്ബിൽ ചേർന്നു. മുത്തശ്ശി സെലിയ ഒലീവേറയുടെ കൈ പിടിച്ചായിരുന്നു റൊസാരിയോയിലെ ക്ലബ്ബുകളിലേക്കുള്ള മെസ്സിയുടെ യാത്രകൾ. കൊച്ചുമെസ്സിക്ക് കളിക്കാനുള്ള ബൂട്ട് വാങ്ങിക്കൊടുത്തതും മുത്തശ്ശിയാണ്. ഇന്നും സ്കോർ ചെയ്യുന്ന ഓരോ ഗോളിനു ശേഷവും മെസ്സി സ്മരിക്കുന്നത് മുത്തശ്ശിയെത്തന്നെ.
ബാർസിലോന ബോയ്: മെസ്സിക്കു വളർച്ചാ ഹോർമോണുകളുടെ കുറവുണ്ടെന്ന് പത്താം വയസ്സിൽ ഡോക്ടർമാർ കണ്ടെത്തി. അതായത് പ്രായത്തിനനുസരിച്ച് മെസ്സി വളരുന്നില്ല. ഹോർമോൺ തകരാർ മൂലം കാലുകളുടെ അസ്ഥി ക്ഷയിക്കുന്ന സ്ഥിതിയുമുണ്ട്. മെസ്സിയുടെ കുടുംബത്തെ ഏറെ വിഷമിപ്പിച്ച കാര്യമായിരുന്നു ഇത്. പണച്ചെലവുള്ള ഹോർമോൺ ചികിത്സ നടത്താനുള്ള വരുമാനം കുടുംബത്തിനുണ്ടായിരുന്നില്ല. എന്നാൽ അവിചാരിതമായൊരു കാര്യം ഇതിനിടെ സംഭവിച്ചു. റൊസാരിയോയിലെ അദ്ഭുതബാലന്റെ കഥ സ്പെയിൻ വരെ എത്തിയിരുന്നു. പ്രമുഖ സ്പാനിഷ് ക്ലബ്ബായ ബാർസലോന തങ്ങളുടെ ഫുട്ബോൾ അക്കാദമിയായ ‘ലാ മാസിയ’യിലേക്ക് മെസ്സിയെ ക്ഷണിച്ചു. ‘ദ് ഫാം ഹൗസ്’ എന്നാണ് ലാ മാസിയ എന്ന സ്പാനിഷ് പദത്തിന്റെ ഇംഗ്ലിഷ് അർഥം. അങ്ങനെ 2000 സെപ്റ്റംബറിൽ തന്റെ പതിമൂന്നാം വയസ്സിൽ മെസ്സി പിതാവിനൊപ്പം ബാർസിലോനയിലേക്കു പറന്നു.
മെസ്സിയുടെ ഹോർമോൺ കുറവ് ചികിത്സിക്കാമെന്നും സ്കൂൾ പഠനത്തിനു സൗകര്യമൊരുക്കാമെന്നുമുള്ള ഉറപ്പിലാണ് 4 മക്കളുള്ള കുടുംബം ആദ്യമായി അർജന്റീന വിട്ടു സ്പെയിനിലെത്തിയത്. പക്ഷേ, ട്രാൻസ്ഫർ അംഗീകരിക്കാൻ പഴയ ക്ലബ് ന്യൂവെൽസ് മടിക്കുകയും ഇടയ്ക്കു പരുക്കേൽക്കുകയും ചെയ്തതോടെ മെസ്സിക്ക് അധികം മത്സരങ്ങൾ കളിക്കാനായില്ല. സാമ്പത്തിക ഞെരുക്കം നേരിട്ട കുടുംബം മെസ്സിയെയും കൂട്ടി അർജന്റീനയിലേക്കു തിരികെപ്പോന്നു. റൊസാരിയോയിൽ തുടർന്നു ജീവിക്കാൻ തീരുമാനിച്ച അവർ മെസ്സിയോടു ഭാവിയെക്കുറിച്ചു ചോദിച്ചു. ബാർസിലോനയിലേക്കു മടങ്ങണമെന്നു 14–ാം വയസ്സിൽ മെസ്സി ഉറപ്പിച്ചു പറഞ്ഞു. അന്ന്, അവിടെ വച്ച് ആ കുടുംബം രണ്ടായി. അമ്മ സീലിയയും 3 സഹോദരങ്ങളും റൊസാരിയോയിൽ. പിതാവ് ജോർജിയും മെസ്സിയും ബാർസിലോനയിൽ.
ലാ പുൾഗ അറ്റോമിക്ക: അറ്റോമിക വേഗതയുള്ള വണ്ട് എന്നാണ് ഇതിന്റെ ഏകദേശ അർഥം. മെസ്സിയുടെ സ്പാനിഷ് നിക്ക് നെയിം. കളിക്കളത്തിലെ അദ്ദേഹത്തിന്റെ ചലനങ്ങൾ പോലെ തന്നെ വേഗമേറിയതായിരുന്നു ബാർസിലോന യൂത്ത് അക്കാദമികളിലൂടെ അദ്ദേഹത്തിന്റെ വളർച്ച. 17 വയസ്സുള്ളപ്പോൾ 2004 ഒക്ടോബർ 16ന് ബാർസിലോന സീനിയർ ടീമിനായി അരങ്ങേറ്റം നടത്തി. എസ്പാന്യോൾ ക്ലബ്ബായിരുന്നു എതിരാളികൾ. പിന്നീട് തുടർച്ചയായി സീനിയർ ടീമിനായി മെസ്സി കളിച്ചു. 2005 മേയ് 1ന് ആൽബസെറ്റ ക്ലബ്ബിനെതിരെയുള്ള മത്സരത്തിലാണ് ബാർസിലോനയ്ക്കായി മെസ്സി ആദ്യ ഗോൾ നേടുന്നത്. റൊണാൾഡീഞ്ഞോയുടെ അസിസ്റ്റിൽ ഗോളിക്കു മുകളിലൂടെയുള്ളൊരു ചിപ്പായിരുന്നു അത്. പിന്നീട് മെസ്സി ബാർസിലോനയിലൂടെയും ബാർസിലോന മെസ്സിയിലൂടെയും വളരുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. ഫുട്ബോൾ ലോകം മെസ്സിയെ മറഡോണയുമായി താരതമ്യപ്പെടുത്തിത്തുടങ്ങി. പുതിയൊരു ഇതിഹാസം പിറക്കുകയായിരുന്നു.
പെപ് ഗാർഡിയോളയെന്ന പരിശീലകന്റെ കീഴിലുള്ള ബാർസിലോനയുടെ ടിക്കി ടാക്ക (2008–2012) കാലമാണ് മെസ്സിയുടെ വളർച്ചയെ ഏറെ സ്വാധീനിച്ചത്. ലാ ലിഗ, ചാംപ്യൻസ് ലീഗ് അടക്കം 6 ട്രോഫികളാണ് 2009ൽ ബാർസിലോന നേടിയത്. അതിവേഗ പാസിങ്ങിന്റെയും സ്കോറിങ്ങിന്റെയും ഉസ്താദ് ആയ മെസ്സിയായിരുന്നു ഈ വിജയങ്ങളിലെല്ലാം ടീമിന്റെ കുന്തമുന. മെസ്സിയുടെ ഫുട്ബോൾ കരിയറിന്റെ വളർച്ചയും ഈ കാലഘട്ടത്തിൽ കണ്ടു. 2009 മുതൽ 2012 വരെ തുടർച്ചയായി 4 ബാലൺ ഡി ഓർ സ്വന്തം ഷെൽഫിലെത്തിച്ചു. 2021ൽ മെസ്സി ബാർസിലോന വിട്ടു. ബാർസയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം, ഏറ്റവും കൂടുതൽ ട്രോഫികൾ നേടുന്ന താരം എന്നീ റെക്കോർഡുകൾ അവശേഷിപ്പിച്ചാണ് മെസ്സി ടീം വിടുന്നത്. പിന്നീട് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്കു വേണ്ടിയും 2023 മുതൽ ഇന്റർ മയാമിക്കു വേണ്ടിയുമാണ് മെസ്സി കളിച്ചത്. ഇന്റർ മയാമി അവരുടെ ആദ്യ ട്രോഫി (ദ് ലീഗ്സ് കപ്പ്) നേടുന്നത് മെസ്സിയുടെ കരുത്തിലായിരുന്നു.
ഒരു കളിക്കാരനെന്ന നിലയിൽ നേടേണ്ടതെല്ലാം നേടിയിട്ടും അലട്ടിയിരുന്നത് അർജന്റീനയ്ക്കായി ലോകകപ്പ് നേടാനായില്ലെന്ന ചിന്തയായിരുന്നു. 2006 ജർമനി ലോകകപ്പിലായിരുന്നു മെസ്സിയുടെ അരങ്ങേറ്റം. സെർബിയ ആൻഡ് മോണ്ടിനെഗ്രോയ്ക്കെതിരെയുള്ള ഗ്രൂപ്പ് മാച്ചിൽ 75–ാം മിനിറ്റിൽ പകരക്കാരനായിറങ്ങി 88–ാം മിനിറ്റിൽ ലോകകപ്പിലെ തന്റെ ആദ്യത്തെ ഗോൾ നേടി. എന്നാൽ ഇത്രയും വേഗം ഗോൾ നേടിയ താരത്തിനു ലോകകപ്പ് നേടാൻ 2022 വരെ കാത്തിരിക്കേണ്ടി വന്നു.