തിരുവനന്തപുരത്തെ ശ്രീകാര്യം അഭിരാം കൊലപാതകത്തിൽ ഒന്നാം പ്രതിക്ക് അഭിരാമിനോടും സുഹൃത്തിനോടുമുള്ള വൈരാഗ്യം സ്ഥിരീകരിച്ച് നിർണായക മൊഴി. അഭിരാമിന്റെ സുഹൃത്താണ് പോലീസിന് മൊഴി നൽകിയത്. തന്നെയും അഭിരാമിനെയും രണ്ടാഴ്ച മുമ്പ് കേസിലെ ഒന്നാം പ്രതിയായ 17 കാരൻ അടിക്കാൻ ശ്രമിച്ചിരുന്നു എന്നാണ് മൊഴി.
പെൺ സുഹൃത്തിന്റെ ഫോട്ടോയെ ചൊല്ലിയുള്ള തർക്കമാണ് വഴക്കിന് കാരണമെന്നും മൊഴിയിൽ പറയുന്നു. വീണ്ടും അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ഒന്നാം പ്രതി അന്ന് മടങ്ങിയതെന്നുമാണ് സുഹൃത്തിന്റെ മൊഴി. ഈ സുഹൃത്തിനെ ലക്ഷ്യം വെച്ചാണ് അഭിരാമിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതും ആക്രമിച്ചതും എന്നാണ് പോലീസിന്റെ കണ്ടെത്തൽ.
അതേസമയം വൈരാഗ്യത്തിന് കാരണം പെൺ സുഹൃത്തിനെ ചൊല്ലിയുള്ള തർക്കമാണോ കേസിലെ പ്രതിയായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചതാണ് എന്നതിൽ പോലീസ് അന്തിമ വ്യക്തതയിലേക്ക് എത്തിയിട്ടില്ല. ഇതിനായി തിങ്കളാഴ്ചയോടെ ആനന്ദയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും.
അതേസമയം, കേസില്‍ രണ്ടാം പ്രതി ഉമറിന്റെ പെണ്‍സുഹൃത്തായ ഐശ്വര്യയും പിടിയിലായി. ആസൂത്രണം മുതല്‍ തെളിവ് നശിപ്പിക്കല്‍ വരെയുള്ള കാര്യങ്ങളില്‍ ഐശ്വര്യക്ക് പങ്കെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. 17കാരനായ ഒന്നാം പ്രതി, ഉമര്‍, ആനന്ദ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
അഭിരാമിന്റെ സുഹൃത്തും ഒന്നാം പ്രതിയുടെ മുന്‍ കാമുകിയും തമ്മില്‍ പ്രണയത്തിലായതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും, അഭിരാമിനെ ഉപയോഗിച്ച് സുഹൃത്തിനെ വിളിച്ചുവരുത്താനുള്ള തന്ത്രം പാളിയതിന്റെ ദേഷ്യത്തില്‍ അഭിരാമിനെ ആക്രമിച്ചെന്നുമാണ് ഇതുവരെയുള്ള കണ്ടെത്തല്‍. എന്നാല്‍ പ്രതികള്‍ അന്വേഷണം വഴിതെറ്റിക്കാന്‍ പറഞ്ഞ കള്ളക്കഥയാണിതെന്ന സൂചന പൊലീസിന് ലഭിച്ചു. കേസിലെ മൂന്നാം പ്രതിയായ ആനന്ദയുടെ ചില സ്വകാര്യ ദൃശ്യങ്ങള്‍ കുട്ടികള്‍ക്കിടയില്‍ പ്രചരിച്ചെന്നും അതിന് പിന്നില്‍ അഭിരാമിന്റെ സുഹൃത്താണെന്ന തോന്നലാണ് വൈരാഗ്യത്തിന് കാരണമെന്നുമാണ് പൊലീസിന് ലഭിച്ച പുതിയ വിവരം. ഇത് ശരിയാണോയെന്നാണ് അന്വേഷണം.