blm-ed

സാമ്പത്തികത്തട്ടിപ്പ് കേസില്‍ ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ (BLM) 103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ച് ഇ.ഡി. എട്ട് ആഡംബരക്കാറുകളും 7,400 ഗ്രാം സ്വര്‍ണവും കണ്ടുകെട്ടി. 320 ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് കോടികളുടെ തിരിമറിയാണ് നടത്തിയതെന്ന് ഇ.ഡി. കണ്ടെത്തി. ബിഎല്‍എം സൊസൈറ്റിയുടെ പണം സ്ഥാപക ചെയർമാൻ ആര്‍. പ്രേംകുമാര്‍ സ്വന്തം പേരിലേക്കും കുടുംബാംഗങ്ങളുടെ പേരിലേക്കും വകമാറ്റിയെന്നും ഇ.ഡി. കണ്ടെത്തി.  

 

ഇന്നലെ 12 നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. വകമാറ്റിയ പണം പ്രേംകുമാർ വ്യക്തിപരമായ നേട്ടങ്ങൾക്ക് വിനിയോഗിച്ചു. BLMന്റെ കോടിക്കണക്കിന് രൂപ ദുരുപയോഗം ചെയ്തു. കൃത്യമായ കണക്കുകൾ തിട്ടപ്പെടുത്തി വരുന്നതായി ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.

 

നടക്കാവ് പൊലീസിൽ ലഭിച്ച സൊസൈറ്റി മുൻ സിഇഒയുടെ പരാതിയിലാണ് ആർ.പ്രേംകുമാറിനെതിരെ 15 കോടിയോളം രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ടു കേസെടുത്തത്. നിക്ഷേപകരിൽ നിന്നു പണം സ്വീകരിച്ചു സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമുള്ള പല സ്ഥാപനങ്ങളിലായി പണം നിക്ഷേപിച്ചെന്നാണു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പറയുന്നത്. 2019 മുതലുള്ള 320 അക്കൗണ്ടുകളാണു പരിശോധിച്ചത്. ഏകദേശം 15 കോടിക്കു മുകളിൽ തട്ടിപ്പു നടന്നെന്നാണു നേരത്തെ നടക്കാവ് പൊലീസിൽ പരാതി നൽകിയത്

 

റിസോർട്ടുകൾ, എജ്യുക്കേഷനൽ ട്രസ്റ്റ് എന്നിവയിലാണു പണം നിക്ഷേപിച്ചതായി പറയുന്നത്. പ്രേംകുമാറിന്റെ ഭാര്യ ഡയറക്ടറായ തിരുവനന്തപുരത്തെ റിസോർട്ടിനായി ബിഎൽഎമ്മിന്റെ അക്കൗണ്ടിൽ നിന്ന് 17 കോടി രൂപ വകമാറ്റി. തൃശൂരിലെ ഒരു തിയറ്റർ വാങ്ങാൻ 65 കോടി രൂപ ബിഎൽഎമ്മിന്റെ അക്കൗണ്ടിൽ നിന്ന് തിയറ്റർ ഉടമയുടെ അക്കൗണ്ടിലേക്കു മാറ്റിയപ്പോൾ 20 കോടി ഉടമ തിരികെ പ്രേംകുമാറിന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് അയച്ചതായി കണ്ടെത്തി

 

പ്രേംകുമാർ ഡയറക്ടറായിരുന്ന ബ്രയോസ് ഫിൻവെസ്റ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ തിയറ്റർ പണയപ്പെടുത്തുകയും ചെയ്തതായും പറയുന്നു. ബ്രയോസും ബിഎൽഎമ്മുമായി 250 കോടിയുടെ ഇടപാടുകളാണു കണ്ടെത്തിയത്. പ്രേംകുമാർ ചെയർമാനായിരുന്ന എജ്യുക്കേഷനൽ ട്രസ്റ്റിലേക്ക് ബിഎൽഎമ്മിൽ പണം മാറ്റി. 

ENGLISH SUMMARY:

Malayala Manorama Online News reports that the Enforcement Directorate has frozen assets worth 103 crore rupees in the Bharat Lajna Multi State Cooperative Society financial scam. The investigation uncovered massive fund diversion by founder chairman R Premkumar into personal and family accounts.