യു.എസ്– ഇറാന്‍ സംഘര്‍ഷത്തിന്‍റെ കേന്ദ്രമായ ഹോര്‍മുസ് കടലിടുക്കിന് സ്വന്തം പേരു നല്‍കാന്‍ യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്ക് എന്നതിനു പകരം 'ട്രംപ് കടലിടുക്ക്' എന്നാണ് ട്രംപ് നിര്‍ദേശിച്ച പുതിയ പേര്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലിട്ട പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് യു.എസും- ഇറാനും തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് ട്രംപിന്‍റെ പുതിയ നിര്‍ദേശം.
'ഇത് ഇപ്പോൾ യു.എ.എസിന്റെ നിയന്ത്രണത്തിലായ സ്ഥിതിക്ക്, ഹോർമുസ് കടലിടുക്കിന്റെ പേര് 'ട്രംപ് കടലിടുക്ക്' എന്ന് മാറ്റണമോ??? അതോടെ അമേരിക്കയെ പോലെ തന്നെ കടലിടുക്കും എത്രത്തോളം ചൂടേറിയതായിരിക്കും' എന്നാണ് ട്രംപിന്‍റെ വാക്കുകള്‍. ഹോര്‍മുസില്‍ ഇറാന് നിയന്ത്രണം നഷ്ടമായെന്ന് യു.എസ് ഇടയ്ക്കിടെ അവകാശപ്പെടുന്നുണ്ട്. യുദ്ധത്തിനു മുന്‍പ് ലോകത്തെ എണ്ണ വ്യാപാരത്തിന്‍റെ പ്രധാന പാതയായിരുന്ന ഹോര്‍മുസ് കടലിടുക്കിലൂടെ നിലവില്‍ കപ്പലുകളുടെ സഞ്ചാരം പ്രതിസന്ധിയിലാണ്.
തിങ്കളാഴ്ച 17 ദശലക്ഷം ബാരലിലധികം എണ്ണ ഹോര്‍മുസ് വഴി കടന്നുപോയതായി യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞിരുന്നു. ഫെബ്രുവരി 28 ന് യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയും ഉൽപ്പന്നങ്ങളുമാണ് ഹോര്‍മുസിലൂടെ കടന്നുപോയിരുന്നത്.
യു.എസുമായി തര്‍ക്കത്തിലുള്ള പ്രദേശങ്ങളുടെ പേരു മാറ്റുന്നത് ഇതു പുതിയ സംഭവമല്ല. കാനഡയുമായി തര്‍ക്കത്തിലുള്ള 'ഒന്റാറിയോ തടാകത്തിന്റെ' പേര് ഒരാഴ്ച മുന്‍പാണ് 'അമേരിക്ക തടാകം' എന്നാക്കി മാറ്റിയത്. ഗൂഗിളും ആപ്പിളും മാപ്പുകൾ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിലും കാനഡ പേരുമാറ്റം തള്ളിക്കളഞ്ഞിട്ടുണ്ട്. മെക്സിക്കോ ഉൾക്കടലിന്റെ പേര് 'അമേരിക്ക ഉൾക്കടൽ' എന്നാക്കി മാറ്റുന്നതായും ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യു.എസില്‍ നിന്നും ദൂരെയുള്ള ഹോര്‍മുസ് കടലിടുക്കിന്‍റെ പേര് എങ്ങനെയാണ് മാറ്റാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമല്ല.