നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ സിജെപി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്. ഡല്‍ഹി ജന്തർ മന്തറിലെ സമര വേദിയില്‍ നിന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റപ്പെട്ട താൻ, 26 ദിവസത്തെ കഠിനമായ നിരാഹാരത്തിന് ശേഷവും ആത്മാർത്ഥത തെളിയിക്കേണ്ടതുണ്ടോയെന്ന് ചോദിച്ചു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ വൈകാരികമായ പ്രതികരണം. വിഷമവും അതിലേറെ നിരാശയും അദ്ഭുതവും എല്ലാം കലര്‍ന്ന വികാരത്തോടെയാണ് താന്‍ വിഡിയോ പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: മൂന്ന് ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് കേന്ദ്രം; നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്...
ഡൽഹിയിലെ കടുത്ത ചൂടിൽ 26 ദിവസം പട്ടിണി കിടന്നത് സര്‍ക്കാരുമായുള്ള ഒരു ഇടപാടിന് വേണ്ടിയാണോ എന്ന് അദ്ദേഹം വിമര്‍ശകരോട് ചോദിച്ചു. തന്റെ സ്വഭാവത്തിന് സർട്ടിഫിക്കറ്റ് നൽകേണ്ടത് വിമർശകരല്ലെന്നും, തന്റെ പ്രവൃത്തികൾ തന്നെയാണ് തന്റെ സത്യസന്ധതയ്ക്കുള്ള തെളിവെന്നും അദ്ദേഹം പറഞ്ഞു. 22 മിനിറ്റ് ദൈർഘ്യമുള്ള തന്റെ വിഡിയോ പൂർണമായും കണ്ടതിന് ശേഷം മാത്രം നിഗമനങ്ങളിൽ എത്താൻ അദ്ദേഹം ആളുകളോട് അഭ്യർത്ഥിച്ചു.
നിരാഹാരം കിടന്നതിലൂടെ തനിക്കുണ്ടായ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വാങ്ചുക് തുറന്നുപറഞ്ഞു. നീണ്ടുനിന്ന ഉപവാസം കാരണം പേശികൾ ക്ഷയിക്കുകയും ആന്തരാവയവങ്ങൾക്കും മസ്തിഷ്കത്തിനും തകരാറുകൾ സംഭവിക്കുന്നതിന്റെ വക്കിലെത്തുകയും ചെയ്തു. 11 കിലോയോളം ശരീരഭാരം കുറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.
കേന്ദ്രമന്ത്രിമാരായ ജെ പി നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് വാങ്ചുക് ഉപവാസം അവസാനിപ്പിച്ചത്. സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ നടപടിയെടുക്കില്ലെന്നും പാർലമെന്റിൽ തങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് ചർച്ച അനുവദിക്കുമെന്നും സർക്കാർ ഉറപ്പുനൽകിയതിനെ തുടര്‍ന്നാണ് തീരുമാനം.
കോൺഗ്രസ് എംപി ഇമ്രാൻ മസൂദാണ് വാങ്ചുക്കിനെതിരെ പ്രധാനമായും രംഗത്തെത്തിയത്. അദ്ദേഹത്തെ 'അണ്ണാ ഹസാരെ പാർട്ട് 2' എന്ന് വിശേഷിപ്പിച്ച മസൂദ്, സർക്കാരുമായി വ്യക്തിപരമായ നേട്ടങ്ങൾക്കായി വാങ്ചുക് ധാരണയിലെത്തിയെന്ന് ആരോപിച്ചു. സർക്കാർ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ വിദ്യാർഥികൾ ആരും ഇല്ലാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദ്യമുയർത്തിയിരുന്നു. വാങ്ചുക് ഇത്രയും കാലം നിശബ്ദനായിരുന്നെന്നും ഇപ്പോൾ സർക്കാരുമായി ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.