• വിദ്യാര്‍ഥികളെ താന്‍ ഭീഷണിപ്പെടുത്തുന്നതായുള്ള വ്യാജ വിഡിയോയ്ക്കെതിരെ കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ പരാതി നല്‍കി. വിഡിയോ എഐ നിര്‍മിതമാണെന്ന് കണ്ടെത്തിയിരുന്നു

ജന്തര്‍ മന്തറിലെ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ താന്‍ ഭീഷണിപ്പെടുത്തുന്നതായുള്ള വ്യാജ വിഡിയോയ്ക്കെതിരെ കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ പരാതി നല്‍കി. വിഡിയോ എഐ നിര്‍മിതമാണെന്ന് കണ്ടെത്തിയിരുന്നു. പരാതിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. 'പാര്‍ലമെന്‍റിന് പുറത്ത് ഞാന്‍  മാധ്യമങ്ങളോട് സംസാരിക്കുന്നതായുള്ള വിഡിയോ എഐ ഉപയോഗിച്ച് ഉണ്ടാക്കിയതും വ്യാജവാര്‍ത്ത പരത്താനുമുള്ള ശ്രമമാണെന്നും' ഗോയല്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു. 

വിഡിയോ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നും ഇതിന് കാരണക്കാരായവരെ കണ്ടെത്തുമെന്നും  പൊതുജനങ്ങളിലേക്ക് തെറ്റായ വിവരങ്ങള്‍ എത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ഔദ്യോഗിക ഹാന്‍ഡിലുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ ജനങ്ങള്‍ സ്വീകരിക്കാവൂ എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. രാജ്യത്തെ സാങ്കേതിക വിദ്യയില്‍ നിപുണരായ പൗരന്‍മാരില്‍ പ്രത്യേകിച്ചും യുവാക്കളില്‍ തനിക്ക് വിശ്വാസമുണ്ടെന്നും ഇത്തരം വ്യാജവാര്‍ത്തകളെ അവര്‍ക്ക് വേര്‍തിരിച്ചറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോയല്‍ കുറിച്ചു. 

വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി നിരാഹാരം നടത്തിവന്ന സോനം വാങ്ചുങ് സമരം അവസാനിപ്പിച്ചത് പ്രധാനമന്ത്രിയിലുള്ള വിശ്വാസം കൊണ്ടാണെന്നും വാങ്ചുങും വിദ്യാര്‍ഥികളും ഉയര്‍ത്തിയ വിഷയങ്ങള്‍ അതിന്‍റെ ഗൗരവത്തോടെ കേന്ദ്രസര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നുവെന്നും അത് പരിഹരിക്കപ്പെടുമെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.  

അതേസമയം, ചോദ്യപേപ്പർ ചോർച്ചക്കെതിരെ ജന്തർ മന്തറിൽ സമരം തുടരുന്ന സിജെപിയുമായുള്ള സർക്കാരിന്റെ മൂന്നാംവട്ട ചർച്ച ഇന്ന് വൈകിട്ട്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി വേണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യത്തില്‍ ഇന്ന് പ്രതികരിക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നത്. രാജി ആവശ്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് സിജെപി വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷാക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടും കോൺഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മെഴുകുതിരി പ്രതിഷേധവും സത്യാഗ്രഹവും നടത്തും. അതിനിടെ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. 10 കമ്പനി സിആര്‍പിഎഫിനെ കൂടി വിന്യസിച്ചു. 

ENGLISH SUMMARY:

Union Commerce Minister Piyush Goyal has filed a police complaint over a viral deepfake video that falsely depicted him threatening student protesters. The manipulated clip, allegedly circulated to spread misinformation, prompted authorities to register an FIR as investigations into its creators continue. Meanwhile, discussions between the government and protesting students regarding examination irregularities are ongoing amid heightened security deployments in Delhi. Concurrently, political opposition parties have staged nationwide protests demanding the resignation of Union Education Minister Dharmendra Pradhan.