Image Credit: x/vizagnewsman

കുട്ടികള്‍ വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ എടുത്ത വിഡിയോ ദൃശ്യത്തില്‍ നിന്ന് (Image Credit/vizagnewsman

വിനോദയാത്രയ്​ക്കെ​ത്തിയ സംഘത്തിലെ മൂന്ന് പെണ്‍കുട്ടികള്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങി മരിച്ചു. ആന്ധ്ര പ്രദേശിലെ അല്ലൂരി  സീതാരാമ രാജു ജില്ലയിലാണ് അപകടം. അനന്തഗിരി ഹില്‍സില്‍ വിനോദയാത്രയ്ക്കായെത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഹുകുംപേട്ട മണ്ഡല്‍ സ്വദേശികളായ കുട്ടികള്‍ വിശാഖപട്ടത്തിനടുത്തുള്ള മുളഗുമ്മി വെള്ളച്ചാട്ടത്തില്‍ ഫൊട്ടോയെടുക്കാനിറങ്ങി. വഴുക്കുള്ള പാറപ്പുറത്താണ് കുട്ടികള്‍ നിന്നിരുന്നതെന്നും ഇവിടെ നിന്നും കുളിക്കുന്നതിനായി മെല്ലെ വെള്ളത്തിലേക്ക് ഇറങ്ങിയതാണെന്നും വിഡിയോയില്‍ വ്യക്തമാണ്.

പാറയില്‍ പിടിച്ചാണ് ആദ്യം നിന്നിരുന്നതെങ്കിലും ക്രമേണെ വെള്ളത്തിലേക്ക് നീങ്ങി. തിരിച്ച് കയറാന്‍ കൂട്ടത്തിലൊരാള്‍ ശ്രമിച്ചപ്പോള്‍ വഴുവഴുക്കുള്ള പാറയായതിനാല്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വീണ്ടും ഫൊട്ടോയെടുക്കാനായി വെള്ളത്തിലേക്ക് മാറി. ഈ സമയത്ത് കയത്തിലേക്ക് വീണുപോകുകയായിരുന്നു. ചിത്രം പകര്‍ത്തിക്കൊണ്ട് നിന്ന പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ഒപ്പമുള്ളവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളത്തില്‍ വീണ കുട്ടിയെ നാട്ടുകാര്‍ രക്ഷപെടുത്തി ആശുപത്രിയിലാക്കി. മറ്റ് മൂവര്‍ക്കും നീന്തല്‍ ഒട്ടും വശമില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. തൃഷ(17), രത്നകുമാരി (16) പവിത്ര (16) എന്നിവരാണ് മരിച്ചത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹങ്ങള്‍ മുങ്ങിയെടുത്തത്. 

കുട്ടികളുടെ അപകടമരണത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വഴുവഴുക്കലുള്ള പ്രദേശമാണിതെന്നും വിനോദസഞ്ചാരികള്‍ ഇവിടേക്ക് കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. എന്നിരുന്നാലും വെള്ളച്ചാട്ടം കാണാനും ചിത്രംപകര്‍ത്താനും നിരവധിപ്പേര്‍ എത്താറുണ്ട്. വെള്ളക്കെട്ടുകള്‍ക്കടുത്തേക്ക് പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ജീവന്‍ അപകടത്തിലാക്കിയുള്ള സെല്‍ഫികള്‍ ഒഴിവാക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

ENGLISH SUMMARY:

In a heartbreaking accident at Mulagummi Waterfall near Visakhapatnam, three teenage girls—Trisha (17), Ratnakumari (16), and Pavithra (16)—drowned after slipping into the water while attempting to take a selfie. The victims, who were part of an excursion to Ananthagiri Hills, fell into a deep pool from a slippery rock surface. While locals managed to rescue one girl from the group, the others could not be saved. Police have registered a case and issued a stern warning to tourists against taking risky selfies in prohibited and slippery areas.