drowned-death

Image Credit : Twitter (രണ്ടാമത്തേത് പ്രതീകാത്മ ചിത്രം)

നേപ്പാളിലെ ഫേവ തടാകത്തിൽ നീന്തുന്നതിനിടെ 28കാരനായ യുവാവിന് ദാരുണാന്ത്യം. ബിഹാര്‍ സ്വദേശിയായ രോഹിത് ശർമയാണ് തടാകത്തില്‍ മുങ്ങിമരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു രോഹിത്. കയത്തില്‍ മുങ്ങത്താണ രോഹിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നവംബറില്‍ വിവാഹം നടക്കാനാരിക്കെയാണ് രോഹിത്തിന്‍റെ അപ്രതീക്ഷിത വിയോഗം. വിവാഹത്തിന്റെ ഒരുക്കങ്ങൾക്ക് മുന്നോടിയായാണ് രോഹിത് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്കായി പുറപ്പെട്ടത്. പൊഖാറയിലെ തൽ ബരാഹി ക്ഷേത്രത്തിൽ ദർശനത്തിന് ശേഷമാണ് രോഹിത്തും സംഘവും ഫേവ തടാകത്തിലേക്ക് പുറപ്പെട്ടത്.

സുഹൃത്തുക്കളുമൊത്ത് നീന്തുന്നതിനിടെ രോഹിത് കയത്തില്‍ അകപ്പെടുകയായിരുന്നു. നേപ്പാൾ ആംഡ് പൊലീസ് ഫോഴ്‌സ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. രോഹിത്തിന്‍റെ മരണത്തിന് പിന്നാലെ സ്ഥലത്തെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് പ്രദേശവാസികള്‍ അധികൃതരോട് ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Rohit Sharma, a 28-year-old man from Bihar, tragically drowned while swimming in Nepal's Phewa Lake during a trip with friends. The incident occurred just before his scheduled wedding in November, adding to the sorrow of his unexpected demise.