renu-sudhi

Image Credit : Facebook

കാന്‍സര്‍ മൂലം തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മകന്‍റെ പൂര്‍ണ ഉത്തരവാദിത്തം നാലുപേര്‍ക്കായിരിക്കുമെന്ന് വെളിപ്പെടുത്തി രേണു സുധി. റിതപ്പന്‍ എന്നു വിളിക്കുന്ന മകന്‍ റിതുല്‍ ദാസിനെ വളര്‍ത്താനുളള അവകാശം അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ഭര്‍ത്താവിനും മാത്രമായിരിക്കുമെന്നും, മറ്റാര്‍ക്കുമുണ്ടായിരിക്കില്ലെന്നും രേണു പറയുന്നു. തനിക്ക് ആരെയും വിശ്വാസമില്ലെന്ന് പറഞ്ഞ രേണു റിതപ്പന്റെ അവകാശം തട്ടിയെടുക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന ആരോപണവും ഉന്നയിച്ചു. ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു രേണുവിന്‍റെ പ്രതികരണം. 

രേണുവിന്‍റെ വാക്കുകള്‍ ഇങ്ങനെ..'എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ റിതപ്പന്‍ (റിതുല്‍ ദാസ്) എന്ന എന്‍റെ കുഞ്ഞിനെ നോക്കാന്‍ എന്‍റെ പപ്പ (തങ്കച്ചന്‍ പി.ജി), അമ്മ കുഞ്ഞുജമ്മ തങ്കച്ചൻ, എന്‍റെ ചേച്ചി രമ്യ ലിബു, ചേട്ടന്‍ ലിബു എന്നിവരെയായിരിക്കും ഞാന്‍ ഏല്‍പ്പിക്കുക. വേറെ ആരെയും എനിക്ക് വിശ്വാസമില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഈ നാലുപേര്‍ക്കായിരിക്കും എന്‍റെ കുഞ്ഞിനെ നോക്കാനുളള അവകാശം. വേറെ ആര്‍ക്കും ഞാന്‍ കൊടുക്കില്ല എന്‍റെ കുഞ്ഞിനെ. കാന്‍സര്‍ രോഗിയായ ഞാന്‍ മരിക്കും എന്ന് വിധിയെഴുതി കുറച്ചുപേര്‍ എനിക്ക് ചുറ്റുമുണ്ട്. അവരുമായി കൂടിച്ചേര്‍ന്ന് പലനീക്കങ്ങളും നടക്കുന്നുണ്ടെന്ന് ഞാനിന്ന് രാവിലെയാണ് അറിഞ്ഞത്'. 

'ആരാണ് എന്താണ് എന്നൊന്നും ഞാന്‍ പറയുന്നില്ല. ആരെയും കുറ്റപ്പെടുത്താനല്ല ഈ വിഡിയോ. ഞാന്‍ എന്ത് വിഡിയോ ഇട്ടാലും ഇവള്‍ കാന്‍സര്‍ രോഗിയല്ലേ, ഇവളെന്താ മരിക്കാത്തത് എന്നാണ് കുറച്ച് പേരൊക്കെ ചോദിക്കുന്നത്. അതേസമയം നിരവധി പേര്‍ എന്നെ സ്നേഹിക്കുന്നുമുണ്ട്. നിങ്ങളുദ്ദേശിക്കുന്ന പോലെ സാധാരണ ഒരു കാന്‍സറല്ല എനിക്ക്. ഈ പിക്​ലൈന്‍ കാണുമ്പോള്‍ വിവരമുളളവര്‍ക്ക് അറിയാം. ഇത് ഹാര്‍ട്ടിലേക്ക് കണക്ട് ചെയ്തിരിക്കുന്ന സാധനമാണ്. ഒരു അസുഖത്തെ കുറിച്ച് ഒരിക്കലും നമ്മള്‍ കളളം പറയില്ല. ഞാന്‍ ഇതിനോടകം ഒരുപാട് വേദനകള്‍ തിന്നു. എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം' എന്നും രേണു സുധി പറഞ്ഞു.

ENGLISH SUMMARY:

Renu Sudhi's child custody plans have been revealed, outlining who will be responsible for her son if she succumbs to cancer. She has expressed deep mistrust towards others, alleging attempts to usurp her son's guardianship.