Image: Instagram/connormurphyofficial
സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള അമേരിക്കൻ ഫിറ്റ്‌നസ് ഇൻഫ്ലുവൻസറും ബോഡിബിൽഡറുമായ കോണർ മർഫി (32) അന്തരിച്ചു. തായ്‌ലൻഡിലെ ഒരു ആഡംബര റസിഡൻഷ്യൽ സമുച്ചയത്തിലെ തടാകത്തിൽ വീണാണ് മരണം. ജൂലൈ ഏഴിനായിരുന്നു സംഭവം.
സംഭവത്തിന് തൊട്ടുമുമ്പ് മർഫി വിചിത്രമായി പെരുമാറിയതായി ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. ടാക്സിയില്‍ എത്തിയ അദ്ദേഹം ഡ്രൈവർക്ക് 1000 തായ് ഭട്ട് (2,854 ഇന്ത്യന്‍ രൂപ) ടിപ്പായി നല്‍കാന്‍ ശ്രമിക്കുകയുണ്ടായി. എന്നാൽ മര്‍ഫിയുടെ അസാധാരണ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ അത് നിരസിച്ചു. തൊട്ടുപിന്നാലെ അസ്വസ്ഥനായ മര്‍ഫി ഉച്ചത്തിൽ നിലവിളിക്കുകയും റോഡിൽ കിടന്നുരുളുകയും കൈകൾ ഉയർത്തി പ്രാർത്ഥിച്ചതായും ദൃക്‌സാക്ഷികൾ പറഞ്ഞു. ഈ അസ്വഭാവിക പെരുമാറ്റത്തിന്‍റെ ദൃശ്യങ്ങൾ ജീവനക്കാർ പകർത്തിയിട്ടുണ്ട്.
അസ്വഭാവിക സ്വഭാവം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോള്‍ അപ്പാര്‍ട്ട്മെന്‍റിന് സമീപത്തുള്ള തടാകത്തിലേക്ക് മര്‍ഫി ചാടി. കുറച്ചുനേരം നീന്തിയ ശേഷം തളർന്ന മുര്‍ഫി വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ രക്ഷാപ്രവർത്തകരും ഡൈവർമാരും അരമണിക്കൂര്‍ നടത്തിയ തെരച്ചിലിനൊടുവിൽ തീരത്തുനിന്ന് 20 മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മർഫിയുടെ മരണത്തിൽ ദുരൂഹതകളില്ലെന്നും പ്രാഥമിക പരിശോധനയിൽ എന്തെങ്കിലും ആക്രമണങ്ങളുണ്ടായതിന്‍റെ ലക്ഷണങ്ങളൊന്നും കണ്ടിട്ടില്ലെന്നും പൊലീസ് അറിയിച്ചു. എങ്കിലും, മരണകാരണം കൃത്യമായി അറിയുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്.
മർഫി തന്റെ 22 വയസ്സുള്ള കാമുകിയുമായി രണ്ട് മാസമായി പ്രദേശത്ത് താമസിച്ചുവരികയായിരുന്നു. ഇവിടെ പൊലീസ് നടത്തിയ പരിശോധനയില്‍ ചുവരുകളിലും ഫർണിച്ചറുകളിലും കറുപ്പും മഞ്ഞയും നിറത്തിലുള്ള പെയിന്റ് തെറിച്ചു കിടക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. മര്‍ഫിയുടെ പെരുമാറ്റത്തിന് കാരണമെന്താണെന്ന് തനിക്കറിയില്ലെന്നാണ് കാമുകി പൊലീസിനോട് പറഞ്ഞത്. താൻ ഉറങ്ങുമ്പോൾ മര്‍ഫി വീടുമുഴുവൻ പെയിന്റ് വാരി വിതറിയിരുന്നുവെന്നും കാമുകി പറഞ്ഞു. മർഫിയുടെ താമസസ്ഥലത്തും വാഹനത്തിലും പൊലീസ് നടത്തിയ പരിശോധനയിൽ ഉപയോഗിക്കാത്ത രണ്ട് സിറിഞ്ചുകളും ചില ഗുളികകളും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ശാസ്ത്രീയ പരിശോധനകളും നടന്നു വരികയാണ്.
ബോഡി ബിൽഡിങ്, ഫിറ്റ്‌നസ് പരിശീലനം, ഫിസിക് ട്രാൻസ്ഫോർമേഷൻ എന്നിവയിലൂടെയാണ് കോണർ മർഫി സോഷ്യൽ മീഡിയയിൽ പ്രശസ്തനായത്. എന്നാല്‍ അടുത്തിടെയായി ആത്മീയത, ധ്യാനം തുടങ്ങിയ വിഷയങ്ങളിലായിരുന്നു അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമായി 2 മില്ല്യണിലധികം ഫോളോവേഴ്സാണ് മര്‍ഫിക്കുള്ളത്.
അതേസമയം, മർഫിയുടെ മരണത്തിൽ കുടുംബാംഗങ്ങളോ പ്രതിനിധികളോ ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല. സംഭവത്തിൽ കൂടുതൽ വ്യക്തതയ്ക്കായി പോസ്റ്റ്‌മോർട്ടം, ടോക്സിക്കോളജി റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ് അധികൃതർ.