AI Generated Image
സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ 40കാരി തിരിച്ചെത്തി. ലഖ്നൗവിലെ ക്യാംപിയർഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അമ്മ ഒളിച്ചോടിയതിനു പിന്നാലെ കരഞ്ഞുനിലവിളിച്ച മക്കളെ കണ്ടതോടെയാണ് യുവതി തിരിച്ചെത്തിയത്.
ഇന്‍സ്റ്റഗ്രാമിലൂടെ തുടങ്ങിയ ചാറ്റും സംഭാഷണവും പ്രണയമായി മാറിയതോടെയാണ് യുവതി മണിറാം സ്വദേശിയായ 28കാരനൊപ്പം ഒളിച്ചോടാന്‍ തീരുമാനിച്ചത്. നാലു മക്കളുടെ അമ്മയായ ഇവര്‍ പത്തു ദിവസം ഇയാള്‍ക്കൊപ്പം താമസിച്ചു. ഇതിനിടെ പിപിഗഞ്ച് മേഖലയിലാണ് യുവതി കാമുകനൊപ്പം താമസിക്കുന്നതെന്ന് ഭര്‍ത്താവ് അന്വേഷിച്ചറിഞ്ഞു. ഉടന്‍ തന്നെ മക്കളും ഭര്‍ത്താവും ഇവിടെയെത്തി യുവതിയോട് തിരിച്ചു വരാനാവശ്യപ്പെട്ടു.
എന്നാല്‍ കാമുകനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന് ആദ്യം മറുപടി നല്‍കിയ അമ്മയ്ക്ക് മുന്‍പില്‍ മക്കള്‍ കരഞ്ഞുവിളിച്ചു. പിന്നാലെ വിവരമറിഞ്ഞെത്തിയ പിപിഗഞ്ച് പൊലീസ് ഇരുവിഭാഗത്തെയും സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷൻ ഹൗസ് ഓഫിസർ അരുൺ കുമാർ സിങ്ങിന്റെ സാന്നിധ്യത്തിൽ രണ്ട് മണിക്കൂർ നീണ്ട ചർച്ച നടത്തി.
മക്കളുടെ ആര്‍ത്തലച്ചുള്ള കരച്ചിലും കുടുംബാംഗങ്ങളുടെ നിർബന്ധവും ഒടുവിൽ യുവതിയുടെ മനസ്സ് മാറ്റി. തുടർന്ന് കുടുംബത്തോടൊപ്പം പോകാൻ യുവതി സമ്മതിക്കുകയും പൊലീസ് ഇവരെ സുരക്ഷിതമായി വീട്ടുകാർക്കൊപ്പം അയക്കുകയും ചെയ്തു.