AI Image

AI Image

പതിനഞ്ച് വര്‍ഷം മുന്‍പെഴുതിയ എംബിബിഎസ് പരീക്ഷാഫലം ഒടുവില്‍ പ്രസിദ്ധീകരിച്ചു. പക്ഷേ വിദ്യാര്‍ഥി രണ്ട് വിഷയങ്ങള്‍ക്ക് തോറ്റു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുറിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജിലാണ് സംഭവം. 2010 ബാച്ച് വിദ്യാര്‍ഥിയാണ് 15 വര്‍ഷമായിട്ടും ഫലം വരാതിരുന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഇടപെട്ടതോടെ കോളജ് അധികൃതര്‍ പരീക്ഷാഫലം പുറത്തുവിട്ടു. പക്ഷേ വിദ്യാര്‍ഥി രണ്ട് വിഷയങ്ങള്‍ക്ക് തോല്‍ക്കുകയും ചെയ്തു. തോറ്റ വിഷയങ്ങള്‍ വീണ്ടുമെഴുതാന്‍ അനുവദിച്ച് കോടതി ഉത്തരവിട്ടിട്ടുണ്ട്. സപ്ലിമെന്‍ററി പരീക്ഷയ്ക്കുള്ള നടപടികള്‍ ആരംഭിച്ചുവെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ബിആര്‍ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.രാംകുമാര്‍ ജയ്സ്വാള്‍  അറിയിച്ചു. 1998 ബാച്ചിലെയും 2009 ബാച്ചിലെയും ചില കുട്ടികളുടെ പരീക്ഷാഫലങ്ങളും സര്‍വകലാശാല ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ നിയമം അനുസരിച്ച് നാല് അവസരങ്ങളാണ് ആദ്യവര്‍ഷ പരീക്ഷയെഴുതാന്‍ പരമാവധി അനുവദിക്കുക. പഠന കാലയളവായ നാലര വര്‍ഷത്തിനുള്ളിലാണിത്. ഒരു വര്‍ഷം ഇന്‍റേണ്‍ഷിപ്പ് കൂടിയാകുമ്പോള്‍ മെഡിസിന്‍ പഠനം അഞ്ചര മുതല്‍ ആറുവര്‍ഷം വരെ നീളും. 10 വര്‍ഷമാണ് പരമാവധി. ഇതിനകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റജിസ്ട്രേഷനും റദ്ദാക്കും.

കോളജിന്‍റെയും സര്‍വകലാശാലയുടെയും ഭാഗത്ത് നിന്നുണ്ടായ പിഴവുകളെ തുടര്‍ന്നാണ് ബിആര്‍ഡി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം നീണ്ടുപോയത്. 2024 ല്‍ നടപടിക്രമങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിരുന്നുവെങ്കിലും എന്‍എംസി ചട്ടങ്ങള്‍ വരുന്നതിനായി സര്‍വകലാശാല ഫലം വീണ്ടും തടഞ്ഞുവച്ചു. ഒടുവില്‍ കോടതി ഉത്തരവ് പുറത്തുവന്നതിന് ശേഷം മാത്രമാണ് ഫലം പുറത്തുവിടാനും തോറ്റവര്‍ക്ക് സപ്ലിമെന്‍ററി പരീക്ഷ നടത്താനും കോളജ് തയാറായത്. സംഭവത്തില്‍ വിശദമായ അന്വേഷണം എന്‍എംസി പ്രഖ്യാപിച്ചിട്ടുണ്ട്.

ENGLISH SUMMARY:

In a shocking case of academic delay, a 2010 batch MBBS student at BRD Medical College, Gorakhpur, received his exam results after 15 years following High Court intervention. The student failed in two subjects and has been granted a supplementary exam. The National Medical Commission (NMC) has launched an investigation into the university's massive failure to release results for several batches dating back to 1998.