crime-meerut

നാട്ടുകാര്‍ നോക്കി നില്‍ക്കെ യുവാവിനെ തലയറുത്തു കൊന്നു. ഉത്തർപ്രദേശിലെ ബാരാബങ്കി ജില്ലയിലുള്ള പർസാവൽ ഗ്രാമത്തിലാണ് 25 വയസ്സുകാരനായ ഐസ്ക്രീം വിൽപ്പനക്കാരൻ ബബ്ലു അതിക്രൂരമായി കൊല്ലപ്പെട്ടതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 50-കാരൻ ശങ്കർ യാദവ് ആണ് പ്രതി.

ഐസ്ക്രീം വിറ്റും കൂലിപ്പണി ചെയ്തുമാണ് തന്റെ ഭാര്യയെയും രണ്ട് ചെറിയ കുട്ടികളെയും രണ്ട് സഹോദരങ്ങളെയും ബബ്ലു നോക്കിയിരുന്നത്. പതിവുപോലെ ഐസ്ക്രീം വില്‍പ്പനയ്​ക്കാണ് പർസാവൽ ഗ്രാമത്തില്‍ ബബ്ലു എത്തിയത്. ഇതിനിടയ്​ക്ക് ശങ്കർ യാദവുമായി വാക്കേറ്റമുണ്ടായി. ഗ്രാമത്തില്‍ ഐസ്ക്രീം വിൽക്കുന്നത് ശങ്കർ യാദവ് എതിർത്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. 

തർക്കം മുറുകിയതോടെ ശങ്കർ യാദവ് ഒരു അരിവാൾ ഉപയോഗിച്ച് ബബ്ലുവിന്റെ കഴുത്തറുത്ത് തല വേർപെടുത്തുകയായിരുന്നു. നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് ശങ്കര്‍ ക്രൂരകൃത്യം ചെയ്തത്. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. പകരം  തലയുമായി സ്വന്തം വീട്ടിലേക്ക് പോയി. 

വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോൾ പ്രതി ഒന്നും സംഭവിക്കാത്ത മട്ടില്‍ തലയ്ക്ക് സമീപം ഇരുന്ന് ഭക്ഷണം പാകം ചെയ്യുകയായിരുന്നു. തല കത്തിക്കാനും ഇയാള്‍ ശ്രമിച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായി പോലീസ് സൂപ്രണ്ട് അർപിത് വിജയവർഗിയ അറിയിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.  കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തു. ബബ്ലുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു, കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

ENGLISH SUMMARY:

A brutal murder occurred in Uttar Pradesh where an ice cream seller was decapitated in full view of villagers. The incident, involving Shankar Yadav and the victim Bablu, has raised concerns about the perpetrator's mental state.