Image: X, @indiatoday, @upuknews1
അന്തരിച്ച സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവിന്‍റെ മകനും അഖിലേഷ് യാദവിന്‍റെ അര്‍ധസഹോദരനുമായ പ്രതീക് യാദവ്(38) ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അന്തരിച്ചു. മുലായംസിങ് യാദവിന്‍റെ രണ്ടാംഭാര്യയായ സാധനാ ഗുപ്തയിലുള്ള മകനാണ് 38കാരനായ പ്രതീക് യാദവ്. അമ്മയും മകനും സമാന രോഗാവസ്ഥയെത്തുടര്‍ന്നാണ് മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
2022 ഏപ്രില്‍ മാസത്തിലാണ് സാധനാ ഗുപ്ത അന്തരിച്ചത്. നീണ്ട കാലം രോഗബാധിതയായിരുന്ന സാധനാ ഗുപ്ത ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് പെട്ടെന്ന് ആരോഗ്യാവസ്ഥ വഷളാവുകയും മരണം സംഭവിക്കുകയും ചെയ്തു. സമാനമായ അവസ്ഥയാണ് പ്രതീക് യാദവിനും സംഭവിച്ചത്.
ഇന്നു രാവിലെ അഞ്ചരയോടെയാണ് ശാരീരികാസ്വാസ്ഥ്യത്തിനു പിന്നാലെ പ്രതീക് കുഴഞ്ഞുവീണത്. പിന്നാലെ കുടുംബാംഗങ്ങള്‍ പ്രതീകിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. പ്രതീക് യാദവ് ഏറെ നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശ്വാസകോശത്തില്‍ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥയ്ക്കായിരുന്നു ചികിത്സ നടത്തിയിരുന്നത്.
ഇന്നു രാവിലെ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളാവുകയും പ്രതികരണം ഇല്ലാതാവുകയും ചെയ്തതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തും മുന്‍പേ മരണം സംഭവിച്ചിരുന്നു. കിങ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെയും ആശുപത്രിയിലെയും ഡോക്ടർമാരുടെ പാനലാണ് പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. മരണത്തിനു പിന്നില്‍ മറ്റ് സംശയത്തക്ക സാഹചര്യങ്ങളൊന്നുമില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
‘ബദ്‌ലവ് കി ലെഹര്‍’ എന്ന അഖിലേഷ് യാദവ് എഴുതിയ ജീവചരിത്രത്തില്‍ പിതാവും രണ്ടാം ഭാര്യയായ സാധനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മുലായംസിങ് യാദവിന്‍റെ അമ്മ മൂര്‍ത്തി ദേവിയെ പരിചരിച്ചിരുന്നത് സാധനാ ഗുപ്തയായിരുന്നു. അന്ന് മൂര്‍ത്തി ദേവിയെ പരിചരിച്ചിരുന്ന നഴ്സ് തെറ്റായ ഇഞ്ചക്ഷന്‍ നല്‍കുന്ന സമയത്ത് സാധന ഇടപെട്ടെന്നും ഈ സംഭവത്തിലൂടെ മുലായം സിങ്ങിന് സാധനയോട് പ്രണയം തോന്നിയെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. 2007-ൽ മുലായം സമർപ്പിച്ച സത്യവാങ്മൂലത്തിലൂടെയാണ് ഇവരുടെ വിവാഹത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്. സാധന ഗുപ്ത തന്‍റെ ഭാര്യയാണെന്നും പ്രതീക് യാദവ് തന്‍റെ മകനാണെന്നും അദ്ദേഹം ഈ സത്യവാങ്മൂലത്തില്‍ സമ്മതിച്ചിരുന്നു. മുലായം സിങ് യാദവിന്‍റെ ആദ്യഭാര്യയും അഖിലേഷ് യാദവിന്‍റെ അമ്മയുമായ മാൽതി യാദവ് 2003-ൽ അന്തരിച്ചതിന് ശേഷമാണ് സാധന ഗുപ്ത ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.
സാധനയേയും നെഞ്ചുവേദനയെ തുടര്‍ന്നാണ് അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഉടന്‍ തന്നെ ഐസിയുവില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമാന സാഹചര്യത്തിലാണ് മകന്‍ പ്രതീകിന്‍റേയും മരണം . മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ വ്യക്തമാവുകയുള്ളൂ.