rajashekharan-actor

മലയാള സിനിമയിൽ പൊലീസ് വേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്ന നടൻ സി.രാജശേഖരൻ നായർ (74) അന്തരിച്ചു. കോട്ടയം ചിങ്ങവനം ചാന്നാനിക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് രണ്ടിനു വീട്ടുവളപ്പിൽ. പൊലീസ് ഇൻസ്പെക്ടറായി കൂടുതൽ വേഷമിട്ട നടനെന്ന നിലയിൽ എസ്.ഐ രാജശേഖരൻ എന്നാണ് സിനിമാലോകത്ത് അറിയപ്പെട്ടിരുന്നത്. 

ജോഷി, തമ്പി കണ്ണന്താനം എന്നിവരുടെ സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു രാജശേഖരൻ. രാജാവിന്‍റെ മകൻ, സന്ദർഭം, മുദ്ര, നായർ സാബ്, താപ്പാന തുടങ്ങി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചു. സീരിയലുകളിലും അഭിനയിച്ചിരുന്നു. ശുക്രൻ ആണ് അവസാന ചിത്രം.  എൺപതുകളിലാണ് സി.രാജശേഖരൻ മലയാള സിനിമയിൽ സജീവമായത്. വില്ലൻ വേഷങ്ങളിലും പൊലീസ് ഉദ്യോഗസ്ഥനായും സഹനടനായും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ‘രാജാവിന്റെ മകൻ’, ‘സന്ദർഭം’, ‘മുദ്ര’, ‘നായർ സാബ്’, ‘സേതുരാമയ്യർ സിബിഐ’, ‘താപ്പാന’ തുടങ്ങിയ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 

‘സന്ദർഭ’ത്തിലെ പൊലീസ് ഇൻസ്പെക്ടർ, ‘രാജാവിന്‍റെ മകനി’ലെ ആഭ്യന്തരമന്ത്രി എൻ.കൃഷ്ണദാസിന്‍റെ സഹായിയായ സാബു, ‘വഴിയോരക്കാഴ്ചകളി’ലെ ഡോക്ടർ, ‘മുദ്ര’യിലെ ജുവനൈൽ ഹോമിലെ പൊലീസ് കോൺസ്റ്റബിൾ, ‘നായർ സാബി’ലെ ജെയിംസിന്‍റെ സഹായിയായ ഉലഹന്നാൻ, ‘സേതുരാമയ്യർ സിബിഐ’യിലെ കണ്ണൂർ സെൻട്രൽ ജയിലിലെ ജയിലർ രാജു, ‘താപ്പാന’യിലെ പൊലീസ് ഇൻസ്പെക്ടർ എന്നിങ്ങനെ വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം കണ്ടെത്തിയിരുന്നു. കൂടാതെ നമ്പർ 20 മദ്രാസ് മെയിൽ, പാറശ്ശാല പാച്ചു പയ്യന്നൂർ പരമു തുടങ്ങി നിരവധി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. നിരവധി ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു.

ENGLISH SUMMARY:

Malayalam actor C. Rajasekharan Nair, renowned for his police roles, has passed away at the age of 74. He was widely known as S.I. Rajasekharan in the film industry for his numerous portrayals of police officers.