Image Credit:x/contentkikamii

പെട്രോള്‍ പമ്പില്‍ നിന്ന് സിഗരറ്റ് വലിച്ചത് വിലക്കിയതിന് ഇന്ധന പൈപ്പിന് തീയിട്ട് യുവാവിന്‍റെ അക്രമം. ഛത്തിസ്ഗഡിലെ റായ്പുറിലാണ് സംഭവം. പമ്പ് ജീവനക്കാരന്‍റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് ഫയര്‍ എക്സ്റ്റിഗ്വിഷര്‍ ഉപയോഗിച്ച് തീയണച്ചു. 

വ്യാഴാഴ്ച വൈകുന്നേരത്തോടെ പെട്രോള്‍ പമ്പിലെത്തിയതായിരുന്നു ധര്‍മേന്ദ്ര ഖത്രിയും ഇമ്രാനും. ബൈക്കില്‍ പെട്രോള്‍ നിറയ്ക്കാന്‍ തുടങ്ങിയതും ബൈക്കിന്‍റെ പിന്നിലിരുന്ന ധര്‍മേന്ദ്ര പുറത്തിറങ്ങി സിഗരറ്റ് വലിക്കാന്‍ ശ്രമിച്ചു. ഇര്‍ഫാനും പമ്പിലെ യുവാവും ഇത് വിലക്കിയതോടെ കുപിതനായ ധര്‍മേന്ദ്ര സിഗരറ്റ് ലൈറ്റര്‍ കൊണ്ട് ബൈക്കില്‍ പെട്രോള്‍ നിറച്ചിരുന്ന ഇന്ധന പൈപ്പിന് തീ കൊടുത്തു. വലിയ തീ ആളിക്കത്തി.

തീ ബൈക്കിന്‍റെ ഇന്ധന ടാങ്കിലേക്കും പെട്രോള്‍ പമ്പിലെ മെഷീനിലേക്കും പടര്‍ന്നു. സംയമനത്തോടെ ഫയര്‍ എക്സ്റ്റിന്‍ഗ്വിഷര്‍ പ്രവര്‍ത്തിപ്പിച്ച പമ്പ് ജീവനക്കാരന്‍ തീ അണയ്ക്കുകയായിരുന്നു. ദ്രുതഗതിയില്‍ ഇന്ധന പൈപ്പ് ബൈക്ക് ടാങ്കില്‍ നിന്ന് വലിച്ചെടുക്കാനും ഇന്ധന വിതരണത്തിന്‍റെ പ്രധാന സ്വിച്ച് ഓഫാക്കാനും പമ്പ് ജീവനക്കാരന് സാധിച്ചതാണ് വലിയ അപകടം ഒഴിവാക്കിയത്. 

പമ്പില്‍ കയറി തീയിട്ടതിന് പിന്നാലെ രക്ഷപെടാന്‍ ശ്രമിച്ച ധര്‍മേന്ദ്രയെയും സുഹൃത്തിനെയും ജീവനക്കാര്‍ പിടികൂടി.തുടര്‍ന്ന് പൊലീസിന് കൈമാറുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പൊതുജന ജീവിതം അപകടത്തിലാക്കാന്‍ ശ്രമിച്ചതിന് കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

ENGLISH SUMMARY:

A shocking incident occurred at a petrol pump in Raipur, Chhattisgarh, where a man set a fuel dispensing pipe on fire after being stopped from smoking. Dharmendra Khatri, who arrived on a bike with his friend Imran, grew furious when pump staff and his friend asked him not to smoke near the fuel station. In a fit of rage, he used a cigarette lighter to ignite the fuel pipe while it was actively filling his bike's tank. The fire quickly spread to the bike and the fuel dispenser, but a brave pump employee's swift action with a fire extinguisher prevented a massive explosion. The employee also managed to shut off the main fuel supply switch immediately. Both Dharmendra and Imran were apprehended by the staff and handed over to the police. A case has been registered against them for endangering public life.