Image Credit: ANI
ആംബുലന്‍സിനുള്ളിലെ ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീ പിടിച്ച് രോഗിക്ക് ദാരുണാന്ത്യം. ഒഡീഷയിലെ മയൂര്‍ഭഞ്ചിലാണ് സംഭവം. സുയോഷ് ബാരിക് എന്ന യുവാവാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഉഗ്ര സ്ഫോടനമാണ് ഉണ്ടായതെന്നും 40 അടിയോളം ദൂരേക്ക് ആംബുലന്‍സിന്‍റെ മേല്‍ഭാഗം തെറിച്ചുപോയെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ആംബുലന്‍സിനുള്ളിലെ ബെഡില്‍ ബെല്‍റ്റിട്ടിരുന്നതിനാല്‍ രോഗിക്ക് പുറത്തുകടക്കാന്‍ കഴിയാതിരുന്നതാണ് മരണത്തിനിടയാക്കിയത്.
ഉഡല മെഡിക്കല്‍ കോളജില്‍ നിന്നും ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിലേക്ക് സുയോഷിനെ കൊണ്ടുപോകുന്നതിനായി എത്തിച്ച ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. സുയോഷിനെ അകത്ത് കിടത്തിയ ശേഷം ഓക്സിജന്‍ നല്‍കുന്നതിനായി സിലിണ്ടറിന്‍റെ വാല്‍വ് തുറന്നപ്പോഴാണ് ചോര്‍ച്ചയുണ്ടായത്. പെട്ടെന്ന് തീ പിടിക്കുകയും ടാങ്ക് ഉഗ്രശബ്ദത്തോടെ പൊട്ടിച്ചെറിക്കുകയുമായിരുന്നു.
സുയോഷിനെ പുറത്തേക്ക് വലിച്ചെടുക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തീ പിടിത്തത്തിന്‍റെ യഥാര്‍ഥ കാരണം സ്ഥിരീകരിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.