Image Credit: X

  • ബിഎഡ് എടുത്ത ശേഷം ജൂലൈയില്‍ ഉപരിപഠനത്തിനും ജോലിക്കുമായാണ് അ‍ഞ്ജലി ജര്‍മനിയിലെത്തിയത്. അടുത്തുള്ള വെയര്‍ഹൗസിലാണ് അഞ്ജലി ജോലി ചെയ്തിരുന്നത്. ജൂലൈ മൂന്നിനാണ് നോവ സാബുവും ജര്‍മനിയിലെത്തിയത്. ജിം ട്രെയിനറായി ജോലി നോക്കി വരികയായിരുന്നു. സിവിനാവട്ടെ രണ്ടാഴ്ച മുന്‍പാണ് കോളജില്‍ അഡ്മിഷനെടുത്ത് ജര്‍മനിയില്‍ എത്തിയത്

ജര്‍മനിയിലെ ബോച്ചും നഗരത്തില്‍ മൂന്ന് മലയാളികള്‍ കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്ന നിഗമനം ശക്തിപ്രാപിക്കുന്നു. കൊല്ലം സ്വദേശിയായ അഞ്ജലി ഷീല, ഇടുക്കി കട്ടപ്പന സ്വദേശിയായ നോവ സാബു, എറണാകുളം കാലടി സ്വദേശിയായ സിവിന്‍ ജോണി എന്നിവരാണ് ഫ്ലാറ്റിലെ അയല്‍വാസി തീ കൊളുത്തിയതിനെ തുടര്‍ന്ന് വെന്തുമരിച്ചത്. അഞ്ചുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. തീ പിടിത്തത്തില്‍ ഇന്നലെ തന്നെ റുമാനിയന്‍ പൗരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ബിഎഡ് എടുത്ത ശേഷം ജൂലൈയില്‍ ഉപരിപഠനത്തിനും ജോലിക്കുമായാണ് അ‍ഞ്ജലി ജര്‍മനിയിലെത്തിയത്. അടുത്തുള്ള വെയര്‍ഹൗസിലാണ് അഞ്ജലി ജോലി ചെയ്തിരുന്നത്. ജൂലൈ മൂന്നിനാണ് നോവ സാബുവും ജര്‍മനിയിലെത്തിയത്. ജിം ട്രെയിനറായി ജോലി നോക്കി വരികയായിരുന്നു. സിവിനാവട്ടെ രണ്ടാഴ്ച മുന്‍പാണ് കോളജില്‍ അഡ്മിഷനെടുത്ത് ജര്‍മനിയില്‍ എത്തിയത്. സിവിന്‍റെ സഹോദരന്‍ സാല്‍വിനും ജര്‍മനിയിലുണ്ട്.

ഇന്നലെ ജര്‍മന്‍ സമയം പുലര്‍ച്ച 4.15 ഓടെയാണ് നിരവധിപ്പേര്‍ താമസിക്കുന്ന കെട്ടിടത്തില്‍ മലയാളികളുടെ ഫ്ലാറ്റില്‍ തീ പിടിച്ചത്. തീയാളിപ്പടര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഫ്ലാറ്റിലേക്ക് എത്തിച്ചേരാന്‍ സാധിച്ചതുമില്ല.  നാലുപേരെ ഏണിവഴിയും ഒരാളെ നിലത്ത് കുഷ്യന്‍ വിരിച്ച് അതിലേക്ക് ചാടിച്ചുമാണ് രക്ഷപെടുത്തിയത്. സാരമായി പരുക്കേറ്റ ഇവരെല്ലാം ചികില്‍സയിലാണ്. 

അതേസമയം, ഫ്ലാറ്റില്‍ ഇവരും റുമേനിയന്‍ പൗരനുമായി സംഭവത്തിന്‍റെ തലേ ദിവസം തര്‍ക്കമുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് സ്ഥലത്തെത്തുകയും ചെയ്തിരുന്നു.  പ്രാഥമിക നിഗമനങ്ങള്‍ കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണെന്ന് ബോച്ചും പൊലീസ് അറിയിച്ചു. 

അതേസമയം, മക്കളുടെ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ജര്‍മനിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് സിവിന്‍റെ ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 

ENGLISH SUMMARY:

The deaths of three Malayalis in a fire at an apartment building in Bochum, Germany, are increasingly being investigated as a suspected murder, according to local police. The victims have been identified as Anjali Sheela from Kollam, Nova Sabu from Kattappana in Idukki, and Sivin Johny from Kalady in Ernakulam; five other people were injured, one of them critically. A Romanian national was taken into police custody following the fire, and local media reported that an argument had taken place between the victims’ flatmates and the Romanian man on the previous day. Bochum police said preliminary findings point towards a possible homicide