സൂരജ്പുര്‍ ഇരട്ടക്കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുല്‍ദീപ് സാഹു
ഛത്തിസ്ഗഡിലെ സുര്‍ജാപൂരില്‍ പൊലിസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും 11 വയസുള്ള മകളെയും കൂട്ടക്കൊല ചെയ്ത കേസില്‍ മൂന്നുപ്രതികള്‍ക്ക് വധശിക്ഷ. സുര്‍ജാപുര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ആനന്ദ് പ്രകാശ് ആണ് വിധി പ്രസ്താവിച്ചത്. കുല്‍ദീപ് സാഹു (32), ചന്ദ്രകാന്ത് ചൗധരി (28), ഫൂല്‍ സിങ് (28) എന്നീ പ്രതികള്‍ക്കാണ് പരമാവധി ശിക്ഷ നല്‍കിയത്. മറ്റൊരു പ്രതി ആര്യന്‍ വിശ്വകര്‍മയ്ക്ക് (20) അതിവേഗ കോടതി ജീവപര്യന്തം കഠിനതടവും വിധിച്ചു.
അരുംകൊല, ബലാല്‍സംഗം: 2024 ഒക്ടോബർ 13ന് രാത്രിയാണ് നാടിനെ നടുക്കിയ പൈശാചികകൃത്യം അരങ്ങേറിയത്. സൂരജ്പുർ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ താലിബ് ഷെയ്ഖിന്റെ ഭാര്യയും മകളുമാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. പ്രദേശത്തെ കൊടും കുറ്റവാളിയായ കുൽദീപ് സാഹു, താലിബ് ഷെയ്ഖിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ഭാര്യയെയും മകളെയും ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും അതിനുശേഷം കൊലപ്പെടുത്തുകയുമായിരുന്നു. നഗ്നമായ മൃതദേഹങ്ങള്‍ കാറില്‍ കയറ്റി അഞ്ചുകിലോമീറ്റര്‍ അകലെയുള്ള വയലില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.
കൊലപാതകത്തിന്‍റെ തലേന്ന് ദുർഗ്ഗാ വിഗ്രഹ നിമജ്ജന ചടങ്ങിനിടെ അക്രമം കാട്ടിയ കുല്‍ദീപ് സാഹുവിനെ അറസ്റ്റ് ചെയ്യാന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ താലിബ് ഷെയ്ഖ് ശ്രമിച്ചതാണ് വൈരാഗ്യത്തിന് കാരണം. വിഗ്രഹനിമജ്ജന ഘോഷയാത്രയ്ക്കിടെ നഗരത്തിലെ ചൗപ്പാട്ടി മേഖലയിലുണ്ടായ തർക്കത്തിനിടെ കുൽദീപ് സാഹു ഒരു കോൺസ്റ്റബിളിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിക്കുകയും അദ്ദേഹത്തിന് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു.
കുല്‍ദീപ് സാഹുവിന്‍റെ വിധി കേള്‍ക്കാന്‍ കോടതി പരിസരത്ത് തടിച്ചുകൂടിയ ജനക്കൂട്ടം
ഈ സമയത്ത് കുൽദീപിനെ പിടികൂടാൻ താലിബ് ഷെയ്ഖ് ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസുകാരനോടുള്ള പ്രതികാരമായി പ്രതി അദ്ദേഹത്തിന്റെ കുടുംബത്തെ ലക്ഷ്യമിടുകയായിരുന്നു. കുൽദീപിനെ അറസ്റ്റ് ചെയ്യാൻ പോലീസ് ശ്രമിച്ചപ്പോൾ, ഇയാൾ പോലീസിന് നേരെ വെടിയുതിർക്കുകയും വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. ഇരട്ടക്കൊലപാതകത്തിലും പ്രതി രക്ഷപ്പെട്ടതിലും പ്രകോപിതരായ നാട്ടുകാർ അന്ന് നഗരം സ്തംഭിപ്പിക്കുകയും കുൽദീപ് സാഹുവിന്റെ വീടിനും ഗോഡൗണിനും പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീയിടുകയും ചെയ്തിരുന്നു.
കോടതിയില്‍ നിന്ന് പുറത്തേക്കിറക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകനെ പരിഹസിക്കുന്ന കുല്‍ദീപ് സാഹു
നാല് പ്രതികൾ കുറ്റക്കാർ
ഫാസ്റ്റ് ട്രാക്ക് കോടതിയിൽ രണ്ടുവര്‍ഷത്തോളം നീണ്ട വിചാരണയ്ക്കൊടുവില്‍ തിങ്കളാഴ്ചയാണ് നാലുപ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ചത്. നാല് പ്രതികള്‍ക്കുമെതിരെ കൊലപാതകം, ബലാല്‍സംഗം, പോക്സോ കുറ്റങ്ങള്‍ എന്നിവ തെളിഞ്ഞു. സംഭവം നടന്ന രാത്രി കുൽദീപ് സാഹു സൂരജ്പൂർ പോലീസ് സ്റ്റേഷന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. ഈ കേസില്‍ സാഹുവിന് കോടതി 10 വർഷം തടവുശിക്ഷ കൂടി വിധിച്ചു.
സൂരജ്പുര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി സമുച്ചയം
ഇതിനുപുറമേ, പോലീസ് വാഹനത്തിന് നേരെ വെടിയുതിർത്ത കേസിൽ കുൽദീപ്, നീൽകേശ്വർ സാഹു, സൂരജ് സാഹു എന്നിവർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിലും സംശയത്തിന്റെ ആനുകൂല്യത്തിലും ഈ കേസില്‍ മൂവരെയും വെറുതെ വിട്ടു.