Image: Screen Grab from Social Media Videos
ഉത്തര്‍പ്രദേശിലെ മെയിൻപുരി ജില്ലയില്‍ ജന്മനാ മാരക രോഗം ബാധിച്ച് മരണമടഞ്ഞ പെണ്‍കുഞ്ഞിനെ ദൈവമായി പ്രഖ്യാപിച്ച് കുടുംബം. ഫെബ്രുവരി 2 നാണ് കുഞ്ഞ് മരിക്കുന്നത്. പിന്നാലെ കുട്ടിയുടെ മൃതദേഹം കുടുംബം എംബാം ചെയ്ത് ഒരാഴ്ച സൂക്ഷിക്കുകയും പിന്നീട് സംസ്കരിക്കുകയുമായിരുന്നു. ശവസംസ്കാര സ്ഥലം അലങ്കരിക്കുകയും കുഞ്ഞിന്‍റെ ചിത്രം സ്ഥാപിച്ച് പൂജകളും ഭജനകളും നടത്തുകയും ചെയ്തു. കാളി ദേവിയുടെ അവതാരമായാണ് കുഞ്ഞിനെ കുടുംബം കരുതുന്നത്. ഇതിനകം 60,000 രൂപയുടെ വഴിപാടുകൾ ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് ക്ഷേത്രം പണിയാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയായിരുന്നു.
ഹൽപുര ഗ്രാമത്തിലെ കാഞ്ചൻ കുമാര്‍ രാധാ ദേവി ദമ്പതികളുടെ മകളാണ് പെട്ടെന്ന് ‘ദൈവമായി’ മാറിയത്. ജനുവരി 21 ന് കുചേലയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലായിരുന്നു കുട്ടിയുടെ ജനനം. കുട്ടി ജനിക്കുന്നതിന് മുന്‍പ് രാധയുടെ സ്വപ്നത്തില്‍ ഒരു ദേവത വന്ന് ഞാൻ നിങ്ങളുടെ ഗർഭപാത്രത്തിൽ നിന്ന് ജനിക്കാൻ പോകുന്നു എന്ന് പറഞ്ഞതായി കുടുംബം പറഞ്ഞു. എന്നാല്‍ തലച്ചോറിന്റെയും തലയോട്ടിയുടെയും പ്രധാന ഭാഗങ്ങൾ വികസിക്കാത്ത ഗുരുതരവും മാരകവുമായ അനെൻസഫലി (anencephaly) എന്ന അവസ്ഥയോടെയാണ് കുഞ്ഞ് ജനിക്കുന്നത്.
എന്നാല്‍ കുഞ്ഞിന്‍റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നതിനുശേഷം മരിച്ച കുട്ടി പാൽ കുടിക്കുകയും മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് അയൽവാസിയായ ഗീതാ ദേവി അവകാശപ്പെട്ടു. പിന്നാലെ കുഞ്ഞിന്‍റെ മൃതദേഹത്തെ കാളി ദേവിയുടെ വേഷം ധരിപ്പിച്ച് ആരാധ നടത്തുകയായിരുന്നു. കുട്ടി ആരാധനാലയം ആവശ്യപ്പെട്ടിരുന്നതായും ഗ്രാമവാസികള്‍ പറയുന്നു. കുഞ്ഞിന്‍റെ വലിയ കണ്ണുകൾ മൂലം അവൾ ദേവിയുടെ ഒരു അവതാരമാണെന്ന് ഗ്രാമവാസികള്‍ വിശ്വസിച്ചു. സമീപ ഗ്രാമങ്ങളിൽ നിന്നു പോലും ഭക്തര്‍ കുട്ടിയുടെ സംസ്കാര സ്ഥലം സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്.
കൂലിപ്പണിക്കാരനായ കാഞ്ചൻ കുമാറും ഭാര്യ രാധാ ദേവിയും 11 വർഷം മുമ്പാണ് വിവാഹിതരായത്. അവർക്ക് രണ്ടര വയസ്സുള്ള ഒരു മകനുണ്ട്. രണ്ടാമത്തെ കുഞ്ഞാണ് ജനനത്തിന് പിന്നാലെ മരിച്ചത്. ഇരുവരും വിദ്യാഭ്യാസ രഹിതരാണ്.