mudhara-village

പ്രതീകാത്മ ചിത്രം (Ai Generated Images)

ഒരു ഗ്രാമം നേരിടുന്ന കടുത്ത പ്രതിസന്ധി മൂലം അവിടുത്തെ പുരുഷന്മാര്‍ക്ക് വിവാഹം കഴിക്കാനാകുന്നില്ല. കേള്‍ക്കുമ്പോള്‍ കെട്ടുകഥ പോലെ തോന്നുമെങ്കിലും സംഭവം സത്യമാണ്. ഉത്തര്‍പ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിലുള്ള മഹോബ ജില്ലയിലെ മുധാര ഗ്രാമത്തിലെ പുരുഷന്മാരാണ് 40 വയസ് പിന്നിട്ടിട്ടും വിവാഹം കഴിക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഈ ഗ്രാമത്തിലേക്ക് തങ്ങളുടെ പെണ്‍മക്കളെ വിവാഹം കഴിച്ചയക്കാന്‍ മാതാപിതാക്കളാരും തയ്യാറാകുന്നില്ലെന്ന് റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു.

കടുത്ത ജലക്ഷാമമാണ് യുവാക്കളുടെ ഈ അവസ്ഥയ്ക്ക് കാരണം. വെള്ളമില്ലാത്ത ഒരു ഗ്രാമത്തിലേക്ക് പെൺമക്കളെ അയച്ചാൽ അവർ കഷ്ടപ്പെടുമെന്ന ഭയമാണ് മറ്റ് ഗ്രാമങ്ങളിലുള്ളവർക്ക്. യുവാക്കളുടെ വിദ്യാഭ്യാസമോ, തൊഴിലോ, സാമ്പത്തികമോ ഒന്നും തന്നെ ആരും നോക്കുന്നില്ല. ഗ്രാമത്തിലെ കുടിവെളള പ്രശ്നമാണ് വിവാഹത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നതെന്ന് ഗ്രാമവാസികളും പറയുന്നു. നേരം വെളുക്കുമ്പോള്‍ തന്നെ കുട്ടികളും സ്ത്രീകളും പുരുഷന്മാരുമെല്ലാം വെളളത്തിനായി നെട്ടോട്ടമോടുന്ന കാഴ്ചയാണ് മുധാര ഗ്രാമത്തിലെത്തിയാല്‍ കാണാന്‍ സാധിക്കുക.

കുടിവെള്ളത്തിനായി ദീര്‍ഘദൂരം നടക്കേണ്ടി വരുന്നത് ഗ്രാമത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയുമെല്ലാം ദൈനംദിന ജീവിതത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എല്ലാ വീടുകളിലും പൈപ്പ് വഴി വെള്ളമെത്തിക്കുമെന്നായിരുന്നു സർക്കാരിന്‍റെ അവകാശവാദം. എന്നാല്‍ കോടികൾ മുടക്കി നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയിലെ പൈപ്പുകളിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഗ്രാമീണര്‍ പറയുന്നു. വിവാഹപ്രായമെത്തിയ ഏകദേശം 40 യുവാക്കൾ ഈ ഗ്രാമത്തിലുണ്ട്. എന്നാൽ ഇവിടെ വെള്ളമില്ലാത്തതുകൊണ്ട് ആരും തങ്ങളുടെ പെൺമക്കളെ ഇവിടെ വിവാഹം കഴിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഗ്രാമീണരില്‍ ഒരാള്‍ പറയുന്നു. മുധാരയിലെ ജലക്ഷാമത്തെക്കുറിച്ച് അറിയുന്ന നിമിഷം തന്നെ പെണ്‍കുട്ടികളുടെ കുടുംബം വിവാഹാലോചനകൾ വേണ്ടെന്ന് വയ്ക്കുകയാണ് ചെയ്യുന്നതും ഗ്രാമീണരില്‍ ചിലര്‍ വ്യക്തമാക്കി.

ENGLISH SUMMARY:

Parents Refuse to Marry Off Daughters to Men from Mudhara Village; Here’s Why!