ബോളിവുഡ് താരം രൺവീർ സിങ്ങിന് വാട്സാപ്പിലൂടെ ഭീഷണി. താൻ ബിഷ്‌ണോയ് സംഘത്തിൽപ്പെട്ടയാളാണെന്ന് അവകാശപ്പെട്ട അജ്ഞാതൻ, വോയിസ് മെസ്സേജിലൂടെ കോടികളാണ് ആവശ്യപ്പെട്ടത്. ഭീഷണിയെ തുടർന്ന് മുംബൈയിലെ രൺവീറിന്റെയും ഭാര്യ ദീപിക പദുക്കോണിന്റേയും വസതിക്ക് മുന്നിൽ പൊലീസ് സുരക്ഷ ശക്തമാക്കി.
താരത്തിനും കുടുംബാംഗങ്ങൾക്കും അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ഔദ്യോഗികമായി താരം പരാതി നൽകിയിട്ടില്ലെങ്കിലും, സന്ദേശത്തിന്റെ ഉറവിടവും കണ്ടെത്താൻ ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 31-ന് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വസതിക്ക് മുന്നിൽ അഞ്ച് തവണ വെടിവെപ്പുണ്ടായ സംഭവത്തിന് പിന്നാലെ രൺവീറിനെതിരെയും ഭീഷണി ഉയർന്നത് ബോളിവുഡിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
ഭീഷണി സന്ദേശത്തിന്റെ ഉള്ളടക്കം പൊലീസ് വെളിപ്പെടുത്തിയില്ലെങ്കിലും പണം ആവശ്യപ്പെട്ടായിരുന്നു സന്ദേശമെന്നാണ് സൂചന. ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിനു നേരെ ജനുവരി 31ന് രാത്രി വെടിവയ്പ്പ് ഉണ്ടായതിനു പിന്നാലെയാണ് രൺവീർ സിങ്ങിന് ഭീഷണി സന്ദേശം ലഭിക്കുന്നത്.