Image: X, @prajwaldza
ബെംഗളൂരു അനന്ത്നഗറില്‍ കഴിഞ്ഞ ദിവസമുണ്ടായത് അപകടമല്ല, കൊലപാതകമെന്ന് റിപ്പോര്‍ട്ട്. 33കാരനായ പ്രശാന്ത് മരിച്ചത് സുഹൃത്തിന്റെ ക്രൂരതയെത്തുടര്‍ന്നെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എം. നാരായണ കാറിന്റെ ഡാഷ് ക്യാമറ പരിശോധിച്ചതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്.
ആദ്യം റോഡ് അപകടമെന്ന രീതിയിലായിരുന്നു ദൃക്സാക്ഷികളുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അത് വെറുമൊരു അപകടമായിരുന്നില്ലെന്നും മനപ്പൂര്‍വം നടത്തിയ കൊലപാതകമെന്നും തെളിഞ്ഞത്.
മരിച്ച പ്രശാന്തും പ്രതിയായ റോഷൻ ഹെഗ്ഡെ (36)യും സുഹൃത്തുക്കളാണെന്ന് പൊലീസ് പറയുന്നു. സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എം. നാരായണ വണ്ടിയുടെ ഡാഷ് ക്യാമറ പരിശോധിച്ചതോടെയാണ് റോഷന്റെ ക്രൂരത വെളിവായത്. പ്രശാന്ത് വാഹനത്തിന്റെ ഇടതുഭാഗത്ത് പിടിച്ചുനില്‍ക്കുന്നതും 600 മീറ്ററോളം അതേ രീതിയില്‍ റോഷന്‍ അതിവേഗത്തില്‍ എസ്‍യുവി ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
പിന്നാലെ രണ്ടുതവണ വണ്ടി ഇടിച്ചുകയറ്റുന്നതും വിഡിയോയിലുണ്ട്. ആദ്യം ഇടിച്ചത് കൃത്യമായില്ലെന്ന് തോന്നി വീണ്ടും ഇടിപ്പിക്കുകയാണ്. വേഗം കൂട്ടി ആദ്യം എസ്‌യുവി ഒരു മതിലിലേക്കും പിന്നീട് റിവേഴ്‌സ് ചെയ്ത് ഒരു മരത്തിലേക്കും ഇടിച്ചു കയറ്റുകയാണ്. ഈ രണ്ട് ഇടികളിലും പുറത്തുനിന്ന് വാഹനത്തിൽ പിടിച്ചു നിന്നിരുന്ന പ്രശാന്തിന് ഗുരുതര പരിക്കേറ്റ് സംഭവസ്ഥലത്തു തന്നെ മരിച്ചതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രശാന്തിന്റെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.
സംഭവദിവസം അപകടം കണ്ട് ദൃക്സാക്ഷി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പ്രശാന്തിനെ ആശുപത്രിയിലെത്തിയിലേക്ക് മാറ്റുകയായിരുന്നു. റോഷനും സാരമായ പരുക്കുകളേറ്റിട്ടുണ്ടെന്നാണ് വിവരം. നാവ് മുക്കാല്‍ഭാഗവും മുറിഞ്ഞ നിലയിലാണ്.
ഞായറാഴ്ച്ച വൈകിട്ട് കാമ്മസാന്ദ്രയില്‍ ക്രിക്കറ്റ് കളിക്കാനെത്തിയ യുവാക്കള്‍ പിന്നീട് മദ്യപിക്കുകയും തുടര്‍ന്ന് തര്‍ക്കം ഉണ്ടാവുകയും ചെയ്തെന്ന് ഡിസിപി വിവരിക്കുന്നു. റോഷനോട് പ്രശാന്ത് ലൈറ്റര്‍ ചോദിച്ച് അസഭ്യം പറയാന്‍ തുടങ്ങിയെന്നും ബിയര്‍ ബോട്ടിലുകള്‍ വച്ച് ഇരുവരും ആക്രമിച്ചെന്നും പൊലീസ്. സാഹചര്യം വഷളായതോടെ വണ്ടിയില്‍ കയറി രക്ഷപ്പെടാന്‍ നോക്കിയ റോഷന്റെ കാറിന്റെ ഇടതുഭാഗത്തെ ഫുട്ട്ബോര്‍ഡില്‍ ചാടിക്കയറിനിന്ന് വിന്‍ഡോയില്‍ പിടിച്ചുനിന്നു.
ആദ്യം 35 കിലോമീറ്റര്‍ വേഗത്തില്‍ പോയ വണ്ടി ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ വേഗം കൂട്ടി മതിലിലേക്കും മരത്തിലേക്കും ഇടിച്ചുകയറ്റി. തലേ ദിവസം ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ ഭാഗമാണ് ഞായറാഴ്ചയുണ്ടായതെന്ന് പൊലീസ് പറയുന്നു. ഡോമലൂരിലെ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് പ്രതി. വീരസന്ദ്ര സ്വദേശിയാണ് മരിച്ച പ്രശാന്ത്.