ബിഹാറിലെ വൈശാലി ജില്ലയില്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപിക ജീവനൊടുക്കി. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. 30കാരിയായ പ്രിയ ഭര്‍തിയാണ് മരിച്ചത്.
തന്റെ ചിതയ്ക്ക് ഭര്‍ത്താവ് തീകൊളുത്തേണ്ടെന്നും മൂന്ന് മാസം പ്രായമായ മകള്‍ ആ കര്‍മം നടത്തിയാല്‍ മതിയെന്നും എഴുതിവച്ചാണ് അധ്യാപിക ജീവനൊടുക്കിയത്. 5.5ലിറ്റര്‍ പാലിന്റെ പൈസ കൊടുക്കാനുണ്ടെന്നും അത് തന്റെ പഴ്സിലുണ്ടെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും മാതാപിതാക്കള്‍ തന്നോട് ക്ഷമിക്കണമെന്നും അധ്യാപിക എഴുതിയ കുറിപ്പില്‍ പറയുന്നു.
തിങ്കളാഴ്ച്ച രാത്രിയിലാണ് സേഹാന്‍ ഗ്രാമത്തിലെ വാടകവീട്ടില്‍ പ്രിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസുഖകാരണത്താലാണ് മരണമെന്നും പ്രിയ പറയുന്നു. അതേസമയം തന്റെ അന്ത്യകര്‍മങ്ങള്‍ക്കായി മൃതദേഹം നാടായ റസൂല്‍പൂരിലേക്ക് കൊണ്ടുപോവേണ്ടെന്നും സേഹാനില്‍ത്തന്നെ സംസ്ക്കരിച്ചാല്‍ മതിയെന്നും പറയുന്നു. തന്റെ മൊബൈല്‍ഫോണ്‍ ഭര്‍ത്താവിനു കൈമാറണം, അതില്‍ ചില ഓഡിയ വിഡിയോ സന്ദേശങ്ങളുണ്ടെന്നും പാസ്‌വേര്‍ഡ് അദ്ദേഹത്തിനറിയാമെന്നും പ്രിയ എഴുതിവച്ചിട്ടുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കരുതെന്ന് പൊലീസിനോടും ആവശ്യപ്പെടുന്നുണ്ട്. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ് എടുക്കേണ്ടതില്ലെന്നും ഇത് തന്റെ തീരുമാനമാണെന്നും പ്രിയ വ്യക്തമാക്കുന്നു. എന്നാല്‍ ഭര്‍ത്താവ് ദീപക് രാജും കുടുംബവും പലതവണ ഉപദ്രവിച്ചതായി പ്രിയ പരാതി പറഞ്ഞിട്ടുണ്ടെന്ന് കുടുംബം പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ സഞ്ജീവ് കുമാര്‍ അറിയിച്ചു.