Image: Reuters

ഇന്ത്യയുടെ ജിപിഎസ് സംവിധാനം തകര്‍ച്ചയുടെ അവസാന ഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്. ഐഎസ്ആർഒയുടെ നാവിഗേഷൻ സംവിധാനമായ നാവിക് (NavIC) അതിഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. 

2016-ൽ വിക്ഷേപിച്ച ഐആര്‍എന്‍എസ്എസ്-1F (Indian Regional Navigation Satellite System) ഉപഗ്രഹത്തിന്റെ പത്തു വർഷത്തെ കാലാവധി ഈ മാർച്ച് 10ന് അവസാനിച്ചു കഴിഞ്ഞു. കാലാവധി തീര്‍ന്നതോടെ ഈ ഉപഗ്രഹത്തിലെ അറ്റോമിക് ക്ലോക്കിന്റെ പ്രവര്‍ത്തനം നിലച്ചുവെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിക്കുന്നു. ഒരു നാവിഗേഷന്‍ സംവിധാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അറ്റോമിക് ക്ലോക്ക്.  

സാധാരണ ഗതിയില്‍ ഒരു നാവിഗേഷന്‍ സംവിധാനം അതിന്റെ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ചുരുങ്ങിയത് ഏഴ് ഉപഗ്രഹങ്ങളെങ്കിലും സജീവമായി ഭ്രമണപഥത്തില്‍ ഉണ്ടായിരിക്കണം. IRNSS-1F പ്രവര്‍ത്തന രഹിതമായതോടെ നാവികിന് ആവശ്യമായ ഉപഗ്രഹങ്ങളുടെ എണ്ണം വേണ്ട പരിധിയില്‍ താഴെയായി. ഇപ്പോഴും ഈ ഉപഗ്രഹം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സ്ഥാന നിര്‍ണയത്തിന് ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ ഇതിന് സാധിക്കുന്നില്ലെന്നാണ് റിപ്പോ‍ര്‍ട്ട്.  ഇത് വളരെ മോശമായ രീതിയില്‍ നാവിക് സേവനങ്ങളുടെ കൃത്യതയെ ബാധിച്ചേക്കാം. 

നിലവിലെ പ്രതിസന്ധി പരിഹരിക്കാനായി ഐഎസ്ആര്‍ഒ കരുത്തുറ്റ എന്‍വിഎസ് ശ്രേണിയിലുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള തയാറെടുപ്പിലാണ്. നാവിഗേഷന്‍ സംവിധാനത്തിന്റെ സൂക്ഷ്മമായ പ്രവര്‍ത്തനത്തിനായി നാലു ഉപഗ്രങ്ങളെങ്കിലും അത്യാവശ്യമാണ്. എന്നാല്‍ ഇന്ത്യയുടെ നാവിഗേഷൻ സംവിധാനത്തിൽ ഇപ്പോൾ മൂന്ന് ഉപഗ്രഹങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. 

2014 ഏപ്രിലില്‍ വിക്ഷേപിച്ച IRNSS-1Bയുടെ കാലാവധി കഴിഞ്ഞെങ്കിലും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. 2018 ഏപ്രിലില്‍ വിക്ഷേപിച്ച IRNSS-1L കൃത്യമായ സിഗ്നലുകള്‍ നല്‍കി സജീവമായി രംഗത്തുണ്ട്. 2023 മെയ് മാസത്തിൽ വിക്ഷേപിച്ച NVS-01 ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടാം തലമുറയിലെ ആദ്യ ഉപഗ്രഹം കൂടിയാണ് എന്‍വിഎസ്–01. 

ജിപിഎസ് പ്രവര്‍ത്തിക്കുമ്പോള്‍ ഉപഗ്രഹത്തിൽ നിന്നുള്ള സിഗ്നൽ നമ്മുടെ ഫോണിലെത്താൻ എടുക്കുന്ന സമയം കണക്കാക്കിയാണ് നമ്മള്‍ നില്‍ക്കുന്ന കൃത്യമായ ലൊക്കേഷന്‍ കണ്ടെത്തുന്നത്. സമയത്തിൽ ഒരു നാനോ സെക്കൻഡിന്റെ വ്യത്യാസം വന്നാൽ പോലും ഭൂമിയിലെ സ്ഥാനനിർണ്ണയത്തിൽ നൂറുകണക്കിന് മീറ്ററുകളുടെ പിഴവ് സംഭവിക്കാം. 

ഒരു നാവിഗേഷൻ ഉപഗ്രഹം കൃത്യമായി പ്രവർത്തിക്കണമെങ്കിൽ അതിലെ അറ്റോമിക് ക്ലോക്കുകൾ ഷാര്‍പായിരിക്കണം. ഈ ക്ലോക്കുകൾ പ്രവർത്തനരഹിതമായാൽ ഉപഗ്രഹം കൊണ്ട് പ്രയോജനമില്ലാതാകും.

India's NavIC GPS System Facing Critical Issues:

India's GPS system, NavIC, is facing a severe crisis due to the failure of its atomic clock in the IRNSS-1F satellite, impacting its positional accuracy. ISRO is preparing to launch new NVS series satellites to restore full functionality.