AI Generated Image
പത്താം ക്ലാസ് വിദ്യാർഥിനിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗം ചെയ്ത ശേഷം കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. ബിഹാറിലെ സരൺ ജില്ലയിൽ ബുധനാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. സംഭവത്തിൽ പ്രധാന പ്രതിയായ യുവരാജ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബവീട്ടിലേക്ക് പോവുകയായിരുന്ന 16 വയസുകാരിയെ അയൽവാസികളായ അഞ്ചംഗ സംഘം തടഞ്ഞുനിർത്തുകയും സമീപത്തെ കുളിമുറിയിലേക്ക് ബലമായി വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് അമ്മയും ബന്ധുക്കളും ഓടിയെത്തിയപ്പോഴേക്കും പ്രതികൾ പെൺകുട്ടിയെ കിണറ്റിലേക്ക് എറിഞ്ഞ ശേഷം വയലുകളിലൂടെ ഓടി രക്ഷപ്പെട്ടു.
പ്രതികളിൽ ഒരാൾ മുൻപും പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. മരിച്ച പെൺകുട്ടിയുടെ അമ്മ തന്റെ രണ്ട് പെൺമക്കളോടൊപ്പം ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ഭർത്താവ് സംസ്ഥാനത്തിന് പുറത്താണ് ജോലി ചെയ്യുന്നത്. ബുധനാഴ്ച വൈകുന്നേരം പെണ്‍കുട്ടി ഗ്രാമത്തിലെ പഴയ കുടുംബവീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം.
സംഭവത്തെത്തുടർന്ന് സരൺ ജില്ലയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് അരങ്ങേറുന്നത്. രോഷാകുലരായ ഗ്രാമവാസികളെ പൊലീസ് ഇടപെട്ടാണ് ശാന്തരാക്കിയത്. ഒളിവിൽ പോയ മറ്റ് നാല് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പ്രതികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സരൺ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.