Image Credit: ecommitteesci.gov.in

സ്ത്രീയുടെ വസ്ത്രം അഴിക്കുന്നതും മാറിടത്തില്‍ കടന്ന് പിടിക്കുന്നതും ബലാല്‍സംഗ ശ്രമമായി കാണാന്‍ കഴിയില്ലെന്ന് പട്ന ഹൈക്കോടതി. 2008 ല്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിയെ വെറുതേ വിട്ടാണ് കോടതി ഇങ്ങനെ വിധിച്ചത്. ബിഹാറിലെ ബങ്ക ജില്ലയിലെ സ്റ്റുഡിയോയില്‍ ഫോട്ടോയെടുക്കാന്‍ വന്ന സ്ത്രീ നല്‍കിയ പരാതിയിലെടുത്ത കേസിലെ അപ്പീല്‍ പരിഗണിച്ചാണ് വിധി. 

ഫോട്ടോയെടുക്കാന്‍ താന്‍ പിതാവിനൊപ്പം അമര്‍പുരിലെ സ്റ്റുഡിയോയില്‍ എത്തിയെന്നും ഫോട്ടോയെടുത്തതിന് പിന്നാലെ പിതാവിനെ പുറത്തിറക്കിയ ശേഷം യുവതിയോട് ഫോട്ടോഗ്രാഫര്‍ അകത്തെ മുറിയിലേക്ക് ഫോട്ടോ കംപ്യൂട്ടറില്‍ കാണാന്‍ വിളിച്ചു വരുത്തി. മുറിയില്‍ കയറിയതിന് പിന്നാലെ മുറി പൂട്ടുകയും യുവതിയുടെ വസ്ത്രം അഴിച്ചു മാറ്റി മാറിടത്തില്‍ കടന്ന് പിടിച്ച് കീഴ്​പ്പെടുത്താന്‍ നോക്കി.

അകത്ത് നിന്നും മകളുടെ കരച്ചില്‍ കേട്ട് പിതാവ് കതക് തള്ളിത്തുറന്ന് കയറിയപ്പോള്‍ ഫോട്ടോഗ്രാഫര്‍ മുറിയില്‍ നിന്നിറങ്ങി ഓടിപ്പോകുകയായിരുന്നു. യുവതി നല്‍കിയ പരാതിയില്‍ ഫോട്ടോഗ്രാഫറെ പൊലീസ് അറസ്റ്റ് ചെയ്തു. വിചാരണക്കോടതി കുറ്റക്കാരനെന്ന് വിധിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. കേസ് വിശദമായി പരിശോധിച്ച കോടതി, ബലാല്‍സംഗ ശ്രമം ഉണ്ടായതായി വൈദ്യ പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ ആ വാദം നിലനില്‍ക്കില്ലെന്നും കോടതി കണ്ടെത്തി. വിചാരണയ്ക്കിടെ പരാതിക്കാരിയുടെയും മാതാപിതാക്കളുടെയും  വാദം മാത്രമേ അന്വേഷണ ഉദ്യോഗസ്ഥന്‍ പരിഗണിച്ചുള്ളൂവെന്നും മറ്റൊരു തെളിവും ശേഖരിച്ചില്ലെന്നും കോടതി കണ്ടെത്തി. 

'ബലാല്‍സംഗത്തിന് പ്രതി ശ്രമിച്ചതായി ഒരു തെളിവും കണ്ടെത്താനായിട്ടില്ല. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ബലാല്‍സംഗത്തിന് ശ്രമിച്ചതായി തെളിവില്ലെന്നും പരാതിക്കാരിയുടെ വാദം സാധൂകരിക്കുന്ന ശാസ്ത്രീയ– വൈദ്യ പരിശോധന തെളിവുകളില്ലെന്നും ജസ്റ്റിസ് പൂര്‍ണേന്ദു സിങ് വ്യക്തമാക്കി. യുവതിക്കെതിരെ നടന്നത് ബലാല്‍സംഗ ശ്രമം അല്ല, സ്ത്രീത്വത്തെ അപമാനിക്കലാണെന്നും കോടതി പറഞ്ഞു. തെളിവുകളുടെ അഭാവത്തില്‍ പ്രതിയെ കുറ്റവിമുക്തനാക്കുകയാണെന്നും ഏതെങ്കിലും തരത്തില്‍ പിഴ ഈടാക്കിയിട്ടുണ്ടെങ്കില്‍ മടക്കി കൊടുക്കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നു.

ENGLISH SUMMARY:

The Patna High Court recently overturned a lower court's conviction in a 2008 sexual assault case, acquitting the accused due to a lack of concrete evidence. The case, which originated in Bihar's Banka district, involved allegations of attempted rape at a photography studio. Justice Purnendu Singh noted that the prosecution failed to provide necessary medical or scientific evidence to substantiate the claim of an "attempt to rape" under the Indian Penal Code, relying instead solely on the testimonies of the complainant and her parents. Consequently, the court ruled that in the absence of corroborative evidence, the conviction could not be sustained and ordered the return of any fines previously collected from the accused. This ruling has sparked significant legal discussion regarding the evidentiary standards required in criminal cases involving sexual assault allegations.