ബെംഗളൂരുവില്‍ മദ്യപാനത്തിനിടെ ലൈറ്റര്‍ നല്‍കാത്തതിന് യുവാവിനെ കാര്‍ മരത്തില്‍ ഇടിച്ച് കൊലപ്പെടുത്തി. ഇലക്്ട്രോണിക് സിറ്റിയിലെ കൊലപാതകത്തില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് അറസ്റ്റിലായത്. സിരക്കു പിടിച്ച ക്രിക്കറ്റ്.കളിയിലെ തോല്‍വി മറക്കാന്‍ ഗ്രൗണ്ടിലിരുന്നു മദ്യപാനം. ഇടയ്ക്ക് സിഗറ്റ് വലിക്കാനുള്ള മോഹം എത്തിച്ചതോ അതിക്രൂരമായ കൊലയില്‍. ബെംഗളുരു വീരസാന്ദ്ര സ്വദേശിയായ പ്രശാന്തെന്ന 33കാരനാണു ദാരുണാന്ത്യം.
ഞയറാഴ്ച ഇലക്ട്രോണിക് സിറ്റിയിലെ ഗ്രൗണ്ടില്‍ പ്രശാന്തും മറ്റൊരു സംഘവും ക്രിക്കറ്റ് കളിച്ചിരുന്നു.കളിയില്‍ പ്രശാന്തിന്റെ ടീം തോറ്റു. സങ്കടം മാറ്റാന്‍ മാച്ചിനു ശേഷം ടീം അംഗമായ റോഷന്‍ ഹെഗഡയുമായി ചേര്‍ന്നു മദ്യപിച്ചു. മദ്യപാനത്തിനിടെ പ്രശാന്ത് ലൈറ്റര്‍ ചോദിച്ചെങ്കിലും റോഷന്‍ നല്‍കിയില്ല. ഇതിനെ ചൊല്ലിയുള്ള തര്‍ക്കം ബിയര്‍ ബോട്ടിലുകളുമായുള്ള ഏറ്റുമുട്ടലില്‍ എത്തി. നാവിനു പരുക്കേറ്റ റോഷന്‍ കാറടുത്തു പോകാന്‍ ശ്രമിച്ചപ്പോള്‍ പ്രശാന്ത് വാഹനത്തിന്റെ ഫൂട്ട് റെസ്റ്റില്‍ കയറി നിന്നു.
കാര്‍ മുന്നോട്ടെടുത്ത റോഷന്‍ പ്രശാന്ത് തൂങ്ങിനിന്ന വശം ചേര്‍ത്ത് ആദ്യം റോഡരികിലെ മരത്തിലിടിപ്പിച്ചു.പിടിവിട്ടില്ലെന്നു മനസിലാക്കിയതോടെ സമീപത്തെ മതിലില്‍ വാഹനവും പ്രശാന്തിന്റെയും ചേര്‍ത്ത് ഇരസിപ്പിച്ചു. പരുക്കേറ്റ് റോഡില്‍വീണ പ്രശാന്തിനെ വിവരമറിഞ്ഞെത്തിയ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. കാറിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണു ക്രൂരത പുറത്തെത്തിച്ചതും റോഷന്‍ ഹെഗഡയുടെ അറസ്റ്റിലേക്കും നയിച്ചത്.