കാറില്‍ നഗ്നനായ യുവാവ് ലൈംഗികമായി ഉപദ്രവിച്ചു എന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ സ്വമേധയാ കേസെടുത്ത് പൊലീസ്. ജോലി കഴിഞ്ഞു തിരിച്ചുവരുന്നതിനിടെ കാറില്‍ നഗ്നനായി എത്തിയയാള്‍ കാറിലേക്ക് വിളിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു യുവതിയുടെ ആരോപണം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ വൈറലായതോടെയാണ് ബംഗളൂരുവിലെ ഹെബ്ബഗോഡി പൊലീസ് കേസെടുത്തത്.
ജനുവരി 24 നായിരുന്നു സംഭവം. പകല്‍ വെളിച്ചത്ത് ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിക്ക് നേരെയായിരുന്നു നഗ്നതാ പ്രദര്‍ശനവും ആക്രമണവും. നടന്നു പോകുന്നതിനിടെ ആവര്‍ത്തിച്ച് കാറിലേക്ക് വിളിച്ചെന്നും ഒഴിഞ്ഞു മാറിയപ്പോള്‍ കാറോടിച്ച് ഭീഷണിപ്പെടുത്തി എന്നുമാണ് യുവതി പറയുന്നത്. കാല്‍നടയാത്രക്കാരുള്ള പാതയില്‍ ആരും സഹായത്തിന് എത്തിയില്ലെന്നും യുവതി പരാതിപ്പെട്ടു. സോഷ്യല്‍ മീഡിയ റീലിനായി ചിത്രീകരിക്കുകയാണെന്ന ധാരണയില്‍ പലരും പ്രതികരിച്ചില്ലെന്നാണ് യുവതി വിഡിയോയില്‍ പറയുന്നത്.
വിഡിയോ വൈറലായതിന് പിന്നാലെ ഹെബ്ബഗോഡി പൊലീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരീക്ഷിച്ച് കേസെടുത്തു. ആരോഗ്യ പ്രവര്‍ത്തകയാണ് ആക്രമണം നേരിട്ട യുവതി. ത്രിപുര സ്വദേശിയായ യുവതി സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. യുവതിയെ തിരിച്ചറിഞ്ഞതായും മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ നിരീക്ഷിച്ച് വാഹനവും പ്രതിയെയും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.