വളർത്തുനായയുമായി നടക്കാനിറങ്ങിയതിലെ തർക്കം കലാശിച്ചത് കൂട്ടയടിയില്‍. ബെംഗളൂരുവിലെ വർത്തുർ പ്രദേശത്തുള്ള 'ബ്രിഗേഡ് യൂട്ടോപ്പിയ ഈസ്റ്റ് ആന്റോപ്പിയ' അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. തരുൺ അറോറ എന്ന താമസക്കാരൻ തന്റെ വളർത്തുനായയുമായി നടക്കാനിറങ്ങിയതാണ് തർക്കത്തിന് കാരണമായത്.

അപ്പാർട്ട്മെന്റിൽ മുതിർന്ന പൗരന്മാർക്ക് വ്യായാമം ചെയ്യാനായി പ്രത്യേക സ്ഥലമുണ്ട്. ഈ ഭാഗത്തേക്ക് തരുൺ നായയെ കൊണ്ടുവന്നതും നായ അവിടെ മൂത്രമൊഴിച്ചതും മുതിർന്ന പൗരന്മാർ ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിന് കാരണമായി. തർക്കം മുറുകിയതോടെ ചില മുതിർന്ന പൗരന്മാർ ചേർന്ന് തരുണിനെ മർദ്ദിച്ചെന്നാണ് പരാതി. 

തരുണിന്റെ ഫോൺ ഒരാൾ തട്ടിത്തെറിപ്പിക്കുന്നതും തുടർന്ന് മർദ്ദിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ ഇടപെട്ടാണ് സംഘർഷം നിയന്ത്രിച്ചത്. മുതിർന്ന പൗരന്മാർ തന്നെ കൂട്ടമായി ചേർന്ന് മർദ്ദിച്ചുവെന്ന് ആരോപിച്ച് തരുൺ വർത്തുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

തരുണിനെതിരെ ഒരു സ്ത്രീയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ചോദ്യം ചെയ്തപ്പോൾ തരുൺ തങ്ങളെ അക്രമിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ഇവരുടെ ആരോപണം. നിലവിൽ രണ്ട് വിഭാഗത്തിന്റെയും പരാതികൾ പൊലീസ് പരിശോധിച്ചു വരികയാണ്. അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ENGLISH SUMMARY:

Bengaluru apartment brawl involved a dispute over a pet dog, escalating into a physical altercation. The incident occurred in the Varthur area, highlighting an argument between a resident and senior citizens regarding dog walking and its impact on common areas.