ട്രാഫിക്കുകളില്‍ കുടുങ്ങിക്കിടക്കുന്ന ബെംഗളൂരു നഗരത്തിന്‍റെ ജീവനാഡിയായ 'നമ്മ മെട്രോ' ഇന്നലെ സാങ്കേതിക തകരാര്‍ കാരണം വൈകിട്ട് ഒരു മണിക്കൂറിലധികം സമയമാണ് നിശ്ചലമായത്. ബെംഗളൂരുവിലെ ആയിരക്കണക്കിന് യാത്രക്കാരുടെ ദിനചര്യ അക്ഷരാർഥത്തിൽ താളം തെറ്റി. സാധാരണയായി മിനിറ്റുകൾക്കുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തുന്നവർ മണിക്കൂറുകളോളം സ്റ്റേഷനുകളിൽ കുടുങ്ങി. ചിലർ ഓട്ടോയും ക്യാബും തേടി ഓടി. ചിലർ കിലോമീറ്ററുകൾ നടന്നു. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത്  യാത്രക്കാർ ലോറികളിലും ചരക്ക് വാഹനങ്ങളിലും കയറി ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്ന കാഴ്ചയായിരുന്നു. 

ബെംഗളൂരുവിലെ തിരക്കേറിയ സമയത്താണ് മെട്രോ സർവീസിൽ തടസം നേരിട്ടത്. ഓഫീസ് സമയം അവസാനിച്ച് ആയിരക്കണക്കിന് ആളുകൾ വീട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുമ്പോഴായിരുന്നു അപ്രതീക്ഷിത പ്രതിസന്ധി. സ്റ്റേഷനുകളിൽ നിമിഷങ്ങൾക്കുള്ളിൽ ആളുകളുടെ തിരക്ക് വർധിച്ചു. മെട്രോ സ്റ്റേഷനുകളില്‍ പ്രഖ്യാപനങ്ങൾ മുഴങ്ങിയെങ്കിലും സർവീസ് എപ്പോൾ പുനഃസ്ഥാപിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലായിരുന്നു. ഒടുവില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് മെട്രോ ഗതാഗതം പുനഃസ്ഥാപിച്ചത്.

സാധാരണയായി റോഡിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാനാണ് ബെംഗളൂരുവിലുള്ളവര്‍ മെട്രോയെ ആശ്രയിക്കുന്നത്. എന്നാൽ മെട്രോ നിലച്ചതോടെ ആയിരക്കണക്കിന് ആളുകൾ ഒരേസമയം റോഡിലിറങ്ങി. നഗരത്തിലെ പല പ്രധാന പാതകളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. ഓട്ടോകൾക്ക് അമിത നിരക്ക് ആവശ്യപ്പെട്ടുവെന്ന പരാതികളും ഉയർന്നു. ക്യാബ് ആപ്പുകളിലെ നിരക്കുകൾ പലമടങ്ങ് വർധിച്ചു. ചില സ്ഥലങ്ങളിൽ വാഹനങ്ങൾ ബുക്ക് ചെയ്യാനാകാത്ത അവസ്ഥയുമുണ്ടായി.

ഇതിനിടെയാണ് ബെംഗളൂരു നഗരത്തിന്‍റെ മറ്റൊരു മുഖം പുറത്തുവന്നത്. പരിചയമില്ലാത്ത ആളുകൾ പോലും പരസ്പരം സഹായിക്കാൻ മുന്നോട്ടുവന്നു. ഒരേ ദിശയിലേക്ക് പോകുന്നവർ കാർപൂൾ സംവിധാനം ഉപയോഗിച്ചു. സ്വകാര്യ വാഹനങ്ങളിൽ ഒഴിവുള്ള സീറ്റുകൾ പങ്കിട്ടു. ചില ലോറി ഡ്രൈവർമാർ യാത്രക്കാരെ സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലക്ഷ്യസ്ഥാനത്തോട് ചേർന്ന ഭാഗങ്ങളിലേക്ക് എത്തിച്ചു. സമൂഹമാധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങളിൽ, ഓഫീസ് ബാഗുകളുമായി ലോറികളുടെ പിൻഭാഗത്ത് ഇരിക്കുന്ന യുവാക്കളെയും യുവതികളെയും കാണാം. വീട്ടിലെത്താൻ മറ്റൊരു മാർഗവുമില്ലാതെ  അവർ സ്വീകരിച്ച അടിയന്തര പരിഹാരമായിരുന്നു അത്.

ഒരു വശത്ത് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ചർച്ചയായപ്പോൾ, മറുവശത്ത് ബെംഗളൂരുവിന്‍റെ ഗതാഗത സംവിധാനത്തെക്കുറിച്ചുള്ള വലിയ ചോദ്യങ്ങളും ഉയർന്നു. ലക്ഷക്കണക്കിന് ആളുകൾ ദിവസേന ആശ്രയിക്കുന്ന മെട്രോ സർവീസിൽ ചെറിയ തടസം പോലും നഗരത്തിന്‍റെ ചലനത്തെ എത്രത്തോളം ബാധിക്കുമെന്നത് ഈ സംഭവം  തെളിയിച്ചു. നഗരത്തിന്‍റെ പൊതുഗതാഗത സംവിധാനങ്ങൾ തമ്മിലുള്ള ഏകോപനവും അടിയന്തര സാഹചര്യങ്ങളിലെ ബദൽ സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും ചര്‍ച്ചയായി

രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്കും ഇത് വഴിവച്ചിട്ടുണ്ട്. പൊതുഗതാഗതത്തിന്‍റെ വിശ്വാസ്യത സംരക്ഷിക്കാന്‍ സര്‍ക്കാരിനാകുന്നില്ലെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ലോകോത്തര നഗരമെന്ന അവകാശവാദങ്ങള്‍ ഉയര്‍ത്തുന്ന ഭരണകൂടം അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്ന് ബി.ജെ.പി നേതാവ് തേജസ്വി സൂര്യ എക്സ്സില്‍ കുറിച്ചു. യാത്രക്കാര്‍ ലോറിയില്‍ കയറി പോകുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചായിരുന്നു തേജസ്വിയുടെ എക്സ് പോസ്റ്റ്. അതേസമയം ഇന്നലെയുണ്ടായത് സാങ്കേതിക തകരാറാണെന്നും കഴിയുന്ന വേഗത്തില്‍ പ്രശ്നം പരിഹരിച്ചെന്നുമാണ് സര്‍ക്കാരിന്‍റെ മറുപടി. 

ENGLISH SUMMARY:

Bengaluru's "Namma Metro" suffered a major technical glitch yesterday during peak evening hours, bringing services to a complete standstill for over an hour and disrupting the routines of thousands of commuters. With the metro line paralyzed until normal services were restored around 5:30 AM, desperate office-goers flooded the streets, causing severe traffic jams as cab and auto fares skyrocketed. Amidst the chaos, heartwarming scenes of communal solidarity emerged on social media, showcasing stranded commuters carpooling and hitching rides in the back of cargo lorries to reach home. The incident has triggered a heated political debate on urban infrastructure, with BJP leader Tejasvi Surya sharing viral clips of commuters in trucks to criticize the government's crisis management, while officials maintained that the technical snag was resolved as quickly as possible.