പുണെയ്ക്കടുത്ത് ലോഹഗഡ് ഫോര്‍ട്ടില്‍ കേതൻ അഗർവാളിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ പ്രതിശ്രുത വധുവിന്‍റെ വന്‍ ഗൂഢാലോചന. ബാലിയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ പാസ്പോര്‍ട്ട് കീറി കളയുകയും കേതനെ ലോഹാഗഡ് ഫോര്‍ട്ടിലേക്ക് ട്രക്കിങിന് കൊണ്ടുപോവുകയും ചെയ്തത് കൊലനടത്താനുള്ള സിയ ഗോയലിന്‍റെ പദ്ധതിയാണെന്ന് തെളിഞ്ഞു. ആദ്യം അപകടമരണമെന്ന നിലയില്‍ കണ്ട സംഭവം പിന്നീടാണ് കൊലപാതകമെന്ന് തെളിയുന്നത്. കേസില്‍ അറസ്റ്റിലായ പ്രതിശ്രുത വധു സിയ ഗോയലിനെയും കാമുകന്‍ ചേതന്‍ ചൗധരിയെയും ജൂണ്‍ 29 വരെ റിമാന്‍ഡ് ചെയ്തു.
സിയ അടക്കം മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം ബാലിയിലേക്ക് പോകാനായിരുന്നു കേതന്‍റെ പദ്ധതി. ജൂണ്‍ ആറിന് വിമാനത്താവളത്തിലേക്ക് എത്തിയപ്പോഴാണ് കേതന്‍റെ പാസ്പോര്‍ട്ട് നഷ്ടപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് യാത്ര ഒഴിവാക്കി തിരികെ വരികയായിരുന്നു. വിമാനത്താവളത്തിലെത്തിയപ്പോള്‍ എല്ലാവരുടെയും പാസ്പോര്‍ട്ടുകളുണ്ടായിരുന്നു. എത്ര തിരഞ്ഞിട്ടും കേതന്‍റെ പാസ്പോര്‍ട്ട് മാത്രം കണ്ടെത്താനായില്ലെന്ന് കേതന്‍റെ പിതാവ് വിശാല്‍ അഗര്‍വാള്‍ പറഞ്ഞു.
തിരിച്ചെത്തിയ ശേഷം ലോഹഗഡ് കോട്ടയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് കേതനുമായി സിയ വഴക്കിട്ടു. അങ്ങനെയാണ് ജൂണ്‍ 14 ന് ആദ്യമായി ഇരുവരും ഒന്നിച്ച് ലോഹഗഡിലേക്ക് എത്തുന്നത്. ഇവിടെ വച്ചാണ് ആദ്യമായി കൊലപാതക ശ്രമമുണ്ടായതെന്ന് വിശാല്‍ പറയുന്നു. കേതൻ വഴുതിവീണെങ്കിലും പൊന്തക്കാട്ടിൽ പിടിച്ച് രക്ഷപ്പെട്ടു. ഉടനെ തന്നെ സിയ 'പാമ്പ്' എന്ന് നിലവിളിച്ച് കേതനെ കെട്ടിപ്പിടിക്കുകയായിരുന്നു എന്നും വിശാല്‍ പറഞ്ഞു. പിന്നീട് വീണ്ടും ജൂണ്‍ 18 ന് ലോഹഗഡ് കോട്ടയിലേക്ക് പോവുകയും കാമുകനൊപ്പം ചേര്‍ന്ന് സിയ കേതനെ കൊലപ്പെടുത്തുകയുമായിരുന്നു.
കേതന്‍ കാല്‍ വഴുതി വീണു മരിച്ചുവെന്നാണ് സിയ ആദ്യം അറിയിച്ചത്. പിന്നീട് ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഉയര്‍ന്ന സംശയമാണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. കേതന് ട്രക്കിങ് നടത്തി പരിചയമുണ്ടെന്നും ഇത്തരമൊരു അപകടം സംഭവിക്കാൻ സാധ്യതയില്ലായിരുന്നു കുടുംബത്തിന്‍റെ സംശയം. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായി പൂനെ റൂറൽ പോലീസ് സൂപ്രണ്ട് സന്ദീപ് സിംഗ് ഗിൽ പറഞ്ഞു.