കോളജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്​ടോപ് നല്‍കുമെന്ന്  പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ഇതൊരു സമ്മാനമല്ലെന്നും ലോകം കൈപ്പിടിയിലാക്കാനുള്ള വലിയ അവസരമാണെന്നും അദ്ദേഹം വിദ്യാര്‍ഥികളോടായി പറഞ്ഞു. 'ഉലകം ഉങ്കള്‍ കയ്യില്‍' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. കുട്ടികളുടെ നൈപുണ്യ വികസനവും സാങ്കേതിക സാക്ഷരതയും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. 

' കൈകളിലേക്കെത്തുന്ന ലാപ്ടോപ് കൊണ്ട് ലോകത്തെ പിടിച്ചടക്കാനുള്ള ആശയങ്ങള്‍ വിരിയട്ടെ. ഇതിനായി ചെലവഴിക്കുന്നതിനെ പണച്ചെലവായല്ല, മറിച്ച് ഭാവി തലമുറയുടെ വിദ്യാഭ്യാസത്തിനായുള്ള നിക്ഷേപമെന്ന നിലയിലാണ് കാണുന്നത്. പഠിക്കാനുള്ള എല്ലാ അവസരങ്ങളും നിങ്ങളുടെ മുന്നില്‍ തുറന്ന് തരികയാണ്. നന്നായി പഠിച്ച് നല്ല പാത തിരഞ്ഞെടുക്കുക' എന്നായിരുന്നു പദ്ധതി പ്രഖ്യാപിച്ച് സ്റ്റാലിന്‍ പറഞ്ഞത്. 

20 ലക്ഷം ലാപ്ടോപുകളാണ് പദ്ധതി പ്രകാരം വിദ്യാര്‍ഥികള്‍ക്കായി വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ പത്തുലക്ഷം ലാപ്ടോപുകള്‍ നല്‍കും. ഇതിനായി രണ്ടായിരം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും പോളി ടെക്നിക് കോളജുകളിലും ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും. എന്‍ജിനീയറിങ്, ആര്‍ട്സ് ആന്‍റ് സയന്‍സ്, മെഡിസിന്‍, കൃഷി, നിയമ വിദ്യാര്‍ഥികളാകും പദ്ധതിയുടെ ഗുണഭോക്താക്കള്‍. 

ഡെല്‍, ഏയ്സര്‍, എച്ച്പി എന്നീ കമ്പനികളുടെ ലാപ്​ടോപുകളാണ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നത്. ഇന്‍റല്‍ i3/ AMD Ryzen 3 പ്രൊസസര്‍, 8GB റാം, 256 GB SSD, വിന്‍ഡോസ് 11  എന്നിങ്ങനെയാണ് ലാപ്ടോപിന്‍റെ കോണ്‍ഫിഗറേഷന്‍. എഐ പ്ലാറ്റ്ഫോമായ പെര്‍പ്ലെക്സിറ്റി പ്രോയുടെ ആറുമാസത്തെ സബ്സ്ക്രിപ്ഷനും സൗജന്യമായി ലാപ്ടോപിനൊപ്പം നല്‍കും. 

തീയുടെ കണ്ടുപിടിത്തം ലോകത്തെ മാറ്റി മറിച്ചതിന് സമാനമാണ് എഐയുമെന്നും എഐയുടെ സാധ്യതകളെ നല്ലരീതിയില്‍ സമൂഹത്തിനായി പ്രയോജനപ്പെടുത്താന്‍ ലാപ്‍ടോപ് ഉപയോഗിക്കണമെന്നും സ്റ്റാലിന്‍ വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു. മനുഷ്യര്‍ക്ക് പകരമാകാന്‍ എഐക്ക് സാധ്യമല്ലെങ്കിലും അതിവേഗത്തിലും നൂതന രീതിയിലും ജോലി ചെയ്യാന്‍ അത് സഹായിക്കുമെന്നും സമഗ്ര പുരോഗതിക്കായി അത് പ്രയോജനപ്പെടുത്തണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ പൂര്‍ണ ശ്രദ്ധയും വിദ്യാഭ്യാസത്തിലാകണമെന്നും അങ്ങനെയെങ്കില്‍ വിദ്യാര്‍ഥികള്‍ വിജയിക്കുന്നതിനൊപ്പം തമിഴ്നാടും വിജയിക്കുമെന്നും സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Tamil Nadu CM M.K. Stalin announced the 'Ulagam Ungal Kaiyil' scheme to distribute 20 lakh free laptops to college students. The project aims at skill development and AI literacy. In the first phase, 10 lakh laptops worth ₹2000 crore will be distributed to students in Govt Arts, Engineering, Medical, and Poly-technic colleges with Perplexity Pro subscription