ഇൻഡോറിന് പിന്നാലെ ഗുജറാത്തിലും മലിനജലദുരന്തം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മണ്ഡലമായ ഗാന്ധിനഗറിൽ കുടിവെള്ളത്തിൽ മലിനജലം കലർന്നതിനെത്തുടർന്ന് രണ്ട് കുട്ടികൾ മരിച്ചു. 130-ഓളം പേർ ടൈഫോയിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടി. കുടിവെള്ളക്കുഴൽ പൊട്ടിയാണ് വെള്ളത്തിൽ മാലിന്യം കലർന്നത്.
ഗാന്ധിനഗറിലെ സെക്ടർ 24, 28 ഭാഗങ്ങളിലും അദിവഡ മേഖലയിലുമാണ് ടൈഫോയിഡ് വ്യാപിച്ചത്. പൊട്ടിയ പൈപ്പ് ഉടൻ നന്നാക്കാൻ സ്ഥലം എംപി കൂടിയായ ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവിട്ടു. രോഗബാധിതരിൽ ഭൂരിഭാഗവും 16 വയസ്സിൽ താഴെയുള്ള കുട്ടികളാണ്. അധികൃതർ ഇതിനോടകം ചോർച്ചയുള്ള 31 പൈപ്പ്‌ലൈനുകൾ കണ്ടെത്തി.
രോഗികൾ നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കൂടുതർ പേർക്ക് രോഗം ബാധിച്ചിട്ടുണ്ട് എന്നാണ് പ്രദേശവാസികൾ പറയുന്നത്. അധികൃതരുടെ അനാസ്ഥമൂലം കക്കൂസ് മാലിന്യം കലർന്ന വെള്ളം കുടിച്ച് പതിനാല് പേർ മരിക്കുകയും ആയിരക്കണക്കിന് പേർ ആശുപത്രിയിലാവുകയും ചെയ്ത ഇൻഡോറിന് തൊട്ടുപിന്നാലെയാണ് സമാനമായ രീതിയിൽ ഗാന്ധി നഗറിലും കുടിവെള്ളത്തിൽ മാലിന്യം കലർന്ന് ആരോഗ്യ പ്രതിസന്ധിയുണ്ടാകുന്നത്.
കഴിഞ്ഞയാഴ്ച ഇൻഡോറിൽ നഗരസഭ വിതരണം ചെയ്‌ത കുടിവെള്ളത്തിൽ മലിനജലം കലർന്ന് 14 പേർ മരിച്ചിരുന്നു. ആയിരത്തോളംപേർ ചികിത്സതേടി. നൂറുകണക്കിന് ആളുകള്‍ക്ക് രോഗം ബാധിച്ചതോടെ ഇന്‍ഡോറിലെ ജലദുരന്തത്തെ സംസ്ഥാന സര്‍ക്കാര്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. അതേസമയം ജലദുരന്തത്തില്‍ മരിച്ചവരുടെയോ ചികിത്സ തേടിയവരുടെയോ കൃത്യമായ എണ്ണം പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.